കോഴിക്കോട് : വെള്ളിയൂരില്‍ പത്തോളം വീടുകളില്‍നിന്ന് പണവും സ്വര്‍ണാഭരണവും കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍.
കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം ദാറുല്‍ ഫലാഹ് വീട്ടില്‍ ഇസ്മായിലിനെ (31) ആണ് പേരാമ്പ്ര എസ്.ഐ. കെ.പി. വിനോദ് കുമാര്‍ അറസ്റ്റുചെയ്തത്. പയ്യോളി കോടതി റിമാന്‍ഡ് ചെയ്തു. കാപ്പ നിയമപ്രകാരം ജയിലിലടച്ചിരുന്ന ഇസ്മായില്‍ ഒന്നരമാസംമുമ്പാണ് പുറത്തിറങ്ങിയത്.മേയ് ഒന്നിന് രാത്രി 11 മുതല്‍ രണ്ടിന് പുലര്‍ച്ചെ അഞ്ചുവരെ വെള്ളിയൂരിലെ ഒരുകിലോമീറ്റര്‍ പരിധിയില്‍ വരുന്ന വീടുകളിലായിരുന്നു മോഷണം. ഇതില്‍ മൂന്നു പോലീസുകാരുടെ വീടും ഉള്‍പ്പെടും. ഒരു വീട്ടില്‍ സ്ത്രീയെ ബാത്ത്റൂമില്‍ അടച്ചിടുകയും ചെയ്തു.
എല്ലാ വീടുകളില്‍നിന്നുമായി അഞ്ചുപവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് നഷ്ടപ്പെട്ടത്. മോഷണമുതല്‍ കോഴിക്കോട് സ്വകാര്യസ്ഥാപനത്തില്‍ പണയംവെച്ച് പണം വാങ്ങുകയായിരുന്നു.
തൃശ്ശൂരിലെ വ്യാപാരസ്ഥാപനത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി കീഴടക്കുകയായിരുന്നു.
മരത്തോല ബബീഷിന്റെ വീട്ടില്‍നിന്ന് മൂന്നരപ്പവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് കവര്‍ന്നത്. ഗൃഹനാഥയെ ബാത്ത്റൂമില്‍ പൂട്ടിയിട്ടായിരുന്നു മേഷണം.
കല്ലങ്കോട്ടുകുനിയില്‍ ബിജുവിന്റെ വീട്ടില്‍നിന്ന് ഒരുപവന് സ്വര്‍ണാഭരണം കവര്‍ന്നു. കൊടക്കച്ചാലില്‍ അപ്പുക്കുട്ടി നായര്‍, വരട്ടടി ചന്ദ്രന്, വരട്ടടി ശശി, കുളപ്പുറത്ത് മീത്തല്‍ ഷാജിമോന്‍ എന്നിവരുടെ വീട്ടിലും മോഷണം നടത്തി.
ഡിവൈ.എസ്.പി.യുടെ സ്ക്വാഡ് അംഗങ്ങളായ ഷാഫി, മുനീര്‍, വിനീഷ്, സിന്ജുദാസ്, ജയേഷ്, എസ്.ഐ. പ്രദീപ് എസ്., സി.പി.ഒ. റിയാസ്, അനുരാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇസ്മായിലിനെ കസ്റ്റഡിയിലെടുത്തത്.
സി.സി.ടി.വി. കേന്ദ്രീകരിച്ചും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മോഷ്ടാവിനെ വലയിലാക്കാന്‍ പോലീസിനായി.
നല്ലളം, ഫറോക്ക്, കുന്ദമംഗലം, കോഴിക്കോട് ടൗണ്‍, കുന്ദംകുളം, പത്തനാപുരം, പുനലൂര്‍, കായംകുളം, തൃത്താല തുടങ്ങിയ സ്റ്റേഷനുകളിലായി ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണ് ഇസ്മായിലെന്ന് പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.