ന്യൂഡല്‍ഹി: പിരിച്ചുവിട്ട 25 ജീവനക്കാരെ തിരിച്ചെടുക്കാമെന്ന വിമാനക്കമ്പനി അധികൃതരുടെ ഉറപ്പില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ യൂണിയന്‍.
ലേബര്‍ കമ്മിഷണറുടെ ഓഫീസാണ് ഇക്കാര്യമറിയിച്ചത്. ഇതോടെ 170-ലേറെ സര്‍വീസുകള്‍ റദ്ദാക്കാനിടയാക്കിയ, ചൊവ്വാഴ്ച മുതല്‍ തുടരുന്ന പ്രതിസന്ധിക്ക് അയവുവരും.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയന്‍ പ്രതിനിധികളും കമ്പനി അധികൃതരും പങ്കെടുത്ത ചര്‍ച്ച ലേബര്‍ കമ്മിഷണര്‍ ഓഫീസില്‍ വ്യാഴാഴ്ച നടന്നിരുന്നു. ജീവനക്കാര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹരിക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കി.
ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന കാര്യമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ജീവനക്കാരുടെ സമരം.
എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ എയര്‍ ഏഷ്യയുമായും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റ് വിമാനക്കമ്പനികളുമായും ബന്ധിപ്പിക്കാനുള്ള തീരുമാനത്തിലും ജീവനക്കാര്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. ജോലിസമയം, അലവന്‍സ് സംബന്ധിച്ച് തര്‍ക്കവും സമരത്തിന് കാരണമായിരുന്നു.
സമരത്തെത്തുടര്‍ന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ മാത്രം നാല്പതോളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. വിസാകാലാവധിയും അവധിയും തീരുന്നവരുള്‍പ്പെടെ ഗള്‍ഫിലേക്കുള്ള യാത്രക്കാരെ സമരം വലിയ ദുരിതത്തിലാക്കിയിരുന്നു.
കൂട്ടമായി മെഡിക്കൽ അവധിയെടുത്ത ജീവനക്കാർ ഫിറ്റിനസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണങ്ങൾ തുടങ്ങിയെങ്കിലും സർവീസ് പഴയരീതിയിലേക്ക് എത്തിയിട്ടില്ല. രണ്ട് ദിവസത്തിനകമാകും സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുക.
ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ച് തുടങ്ങിയെങ്കിലും കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നുളള സർവീസുകൾ ഇന്നും മുടങ്ങി.
കണ്ണൂരിൽ പുലർച്ചെ മുതലുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി. ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.35 ന് പുറപ്പെടേണ്ട ദമാം, 8.50 ന് പുറപ്പെടേണ്ട മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.
എന്നാൽ കരിപ്പൂരിലും തിരുവനന്തപുരത്തും എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ പുനരാരംഭിച്ചു. കരിപ്പൂരിൽ നിന്നുളള ദമാം, മസ്കറ്റ് സർവീസുകൾ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 1.10നുള്ള അബുദാബി വിമാനവും സർവീസ് നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.