കേംബ്രിഡ്ജിന്റെ ആദ്യ ഏഷ്യൻ മേയറായി മലയാളിയായ ബൈജു വർക്കി തിട്ടാല തിരഞ്ഞെടുക്കപ്പെട്ടു.

യുകെ :ചരിത്ര നേട്ടമായി കേംബ്രിഡ്ജിന്റെ ആദ്യ ഏഷ്യൻ മേയറായി മലയാളിയായ ബൈജു വർക്കി തിട്ടാല തിരഞ്ഞെടുക്കപ്പെട്ടു.

നേരെത്തെ കേംബ്രിഡ്ജിന്റെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയർ എന്ന നിലയിൽ ബൈജു വർക്കി തിട്ടാല വാർത്തകളിൽ സ്‌ഥാനം പിടിച്ചിരുന്നു. 

നിരവധിയായ സാമൂഹിക പ്രവർത്തനങ്ങളിലൂടെ ബ്രിട്ടീഷ് ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ ശ്രദ്ധേയനായ വ്യക്തിയായി ബൈജു തിട്ടാല വളരെ നേരത്തെ തന്നെ അറിയപ്പെട്ടിരുന്നു. 

യുകെയിലെത്തുന്ന മലയാളി നേഴ്സുമാർക്ക് തങ്ങളുടെ തൊഴിൽ രംഗത്ത് നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു വർക്കി തിട്ടാല നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. 

അതുകൊണ്ടുതന്നെ കേരളത്തിൽനിന്ന് യുകെയിൽ എത്തി കേംബ്രിഡ്ജിന്റെ മേയറായി മാറിയ ബൈജു വർക്കി തിട്ടാലയുടെ സ്‌ഥാന ലബ്ധി വളരെ  സന്തോഷത്തോടെയാണ് യുകെ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.

കേരളത്തിലെ ഒരു സാധാരണ കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച് സാമ്പത്തിക പരാധീനതകളാൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെടുകയും ചെയ്തിട്ടുള്ള ബൈജു വർക്കി തിട്ടാല യുകെയിലെത്തിയ ശേഷം സ്വപ്രയത്നത്തിലൂടെ ഉയർന്ന് വന്ന അപൂർവ്വ വ്യക്തിത്വമാണ്.

നേഴ്സായ ആൻസിയെ വിവാഹം ചെയ്ത് 20 വർഷം മുമ്പ് യുകെയിലെത്തിയ ബൈജു വർക്കി തിട്ടാല ആദ്യം ഒരു കെയർ അസിസ്റ്റൻറ് ആയി ആണ് ജോലിയിൽ പ്രവേശിച്ചത്. 

പ്രായമായവരെ നോക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ജോലി സന്തോഷത്തോടെ ചെയ്യുന്നതിനൊപ്പം പഠനത്തിനായും പ്രാദേശിക രാഷ്ട്രീയത്തിൽ ഇടപെടുന്നതിനും അദ്ദേഹം സമയം കണ്ടെത്തി.

2013 ൽ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബി ബിരുദം നേടിയായിരുന്നു തുടക്കം. പിന്നീട് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്നും എംപ്ലോയ്മെൻറ് ലോയിൽ ഉന്നത ബിരുദം നേടി. 

ഇക്കാലയാളവിൽ തന്നെ യുകെയിലുടനീളം സഞ്ചരിച്ച് ജോലിസ്ഥലങ്ങളിൽ തൊഴിലാളികൾ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്തു. 

തൊഴിൽ രംഗത്ത് നീതി നിഷേധിക്കപ്പെട്ട പലർക്കും ബൈജുവിന്റെ സേവനങ്ങൾ ഇക്കാലത്ത് തുണയായി മാറിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !