കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സൈബർ യുദ്ധം അടക്കം നടന്നത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇതിന്റെ അലയൊലികൾ ഇനിയും തീർന്നിട്ടുമില്ല. ഇതിനിടെയാണ് ഇടതുപക്ഷത്തിന് വേണ്ടി പിആർ പണിയെടുത്ത ശേഷം പണം കിട്ടിയില്ലെന്ന ആരോപണവുമായി യുവ മാധ്യമ പ്രവർത്തക രംഗത്തുവന്നത്.എൽഡിഎഫിനായി പിആർ ജോലി ചെയ്യാൻ ഏൽപ്പിക്കുകയും എന്നാൽ അതിനുള്ള ശമ്പളം നൽകിയില്ലെന്നും അതിനാൽ ഓഫീസിന്റെ വാടകയടക്കം നൽകാനാവാതെ ബുദ്ധിമുട്ടിലാണെന്നും യുവ മാധ്യമപ്രവർത്തകയുടെ പരാതി.
മാധ്യമപ്രവർത്തക അപർണ സെന്നിനു കീഴിൽ പിആർ ജോലി ചെയ്ത ലിനിഷ മങ്ങാട് ആണ് ഫേസ്‌ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ജനുവരി 10നാണ് ഒരു സുഹൃത്തിന്റെ പരിചയത്തിലൂടെ മുൻപ് റിപ്പോർട്ടർ ചാനലിലും ഇപ്പോൾ നോക്യാപ്പിലും ജോലി ചെയ്യുന്ന 'അപർണ സെൻ' ആദ്യമായി ബന്ധപ്പെട്ടതെന്ന് ലിനിഷ പറയുന്നു.
'ഇലക്ഷനു വേണ്ടി എൽഡിഎഫിന്റെ ഭാഗമായി പിആർ വർക്ക് ചെയ്യുന്നുണ്ട്, അതിന്റെ ഭാഗമാവാൻ പറ്റുമോ' എന്ന് ചോദിച്ചു. മൂന്ന് മണ്ഡലങ്ങൾ അതായത് കാസർഗോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളുടെ പിആർ ആണ് ഇവരെ എൽഡിഎഫ് ഏൽപ്പിച്ചത്. ജനുവരി 15 മുതൽ താനും അതിന്റെ ഭാഗമായി.
'അപർണ സെൻ, സോണൽ സന്തോഷ്, ഗോവിന്ദ് എന്നിവരാണ് കമ്പനിയെ നിയന്ത്രിക്കുക എന്നാണ് പറഞ്ഞിരുന്നത്. ഒരു പാർലമെന്റ് മണ്ഡലത്തിൽ താൻ ഒറ്റയ്ക്ക് എന്നതാണ് ആദ്യം നേരിട്ട പ്രശ്‌നം.
അവർ ക്യാമറ ടീം കൂടി ഉണ്ടാകും എന്ന് പറഞ്ഞെങ്കിലും ഒരാളും വന്നില്ല. നിരന്തരം ചോദിച്ചിരുന്നെങ്കിലും ആവശ്യമുള്ളപ്പോൾ ഒരാളെ സ്വന്തം റിസ്‌കിൽ വിളിച്ചോളൂ എന്നാണ് പറഞ്ഞത്. അന്ന് മുതൽ ഇവരുടെ നിർദേശപ്രകാരമുള്ള എല്ലാ കാര്യങ്ങളും തന്നാൽ കഴിയുംവിധം ചെയ്തിരുന്നു'
'പോസ്റ്റർ ഡിസൈൻ മുതൽ വീഡിയോ വരെ പ്രശ്‌നങ്ങൾ ഉണ്ടെന്ന് തുടക്കം മുതൽ അപർണയോടും സോണലിനോടും പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. പാർട്ടിയോടും താൻ പ്രശ്‌നങ്ങൾ സൂചിപ്പിച്ചിരുന്നു. സ്വാഭാവികമായും ഈ ക്വാളിറ്റി പ്രശ്‌നം, ജോലി ഏല്പിച്ച കണ്ണൂരിലെ മുതിർന്ന സഖാക്കൾ ഇവരെ വിളിച്ചു ചൂണ്ടിക്കാട്ടുകയും ഇതിൽ തൃപ്തരല്ലെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ തങ്ങളുടെ അടുത്തെത്തിയപ്പോൾ ഈ ക്വാളിറ്റി പ്രശ്‌നം തങ്ങളുടെ പ്രശ്‌നമായി മാറി. ഒരു ക്യാമറാമാൻ പോലുമില്ലാതെ എങ്ങനെ പ്രൊമോഷൻ എന്ന് ചോദിച്ചപ്പോൾ ഉത്തരം കിട്ടിയില്ല'
'ഒരു മാസം ആയപ്പോൾ, ഇവരുമായി സഹകരിക്കാൻ പറ്റില്ലെന്ന് മനസിലായി കണ്ണൂർ ടീമിലെ രണ്ട് പേർ സ്വയം ഒഴിഞ്ഞുമാറി. പിന്നീട് മാർച്ചിൽ താനും രാജിവച്ചു. പാർട്ടി ഫണ്ട് തന്നില്ല എന്നു പറഞ്ഞ് ഇപ്പോൾ സാലറി തരാൻ പറ്റില്ലെന്നാണ് അവരിപ്പോൾ അറിയിച്ചത്.
താൻ അപ്പോൾ കാലിലെ ലിഗമെന്റ് എസിഎൽ പ്രശ്‌നവുമായി ബന്ധപ്പെട്ട് ആശുപത്രിയിലും ആയിരുന്നു. സാലറി മാത്രമല്ല ഓഫീസ് എടുത്തിട്ട് അതിന്റെ വാടക ഇതുവരെ കൊടുത്തിട്ടില്ല. ആശുപത്രിയിൽ കിടന്ന് അവരോടും ക്യാമറാമാനോടും സമാധാനം പറയേണ്ട അവസ്ഥയിലായി താൻ'.
'സാലറി ചോദിച്ചപ്പോൾ അവർ തന്നെ വാട്ട്‌സ്ആപ്പിൽ അടക്കം ബ്ലോക്ക് ചെയ്തു. പൈസ കിട്ടുമ്പോ തരും, അതെ ചെയ്യാൻ ഉള്ളൂ, അല്ലാതെ വേറെ ഒന്നും ചെയ്യാൻ ഇല്ല എന്നാണ് അവസാനം കിട്ടിയ മറുപടി. പക്ഷേ ഇവിടെ വാടകയടക്കം കൊടുക്കാത്തതിന് താൻ വലിയ പ്രശ്‌നം നേരിടുന്നുണ്ട്'- ലിനിഷ പറയുന്നു.
കാസർഗോഡ് മണ്ഡലത്തിൽ 'മിഷൻ- 20' എന്ന അപർണ സെൻ ടീമിൽ ആരും ഇപ്പോൾ വർക്ക് ചെയ്യാതിരുന്നിട്ടും നാല് പേർ ജോലി ചെയ്യുന്നു എന്ന് പറയുകയും ഇവർ പൈസ വാങ്ങുകയും ചെയ്തിട്ടുണ്ടെന്നും ലിനിഷ ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.