തിരുവനന്തപുരം: 'ഗാന്ധി' എന്ന സിനിമ ഇറങ്ങുന്നതുവരെ മഹാത്മാഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരുത്തരവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കാലമെത്ര കഴിഞ്ഞാലും കൊലയാളികൾക്ക് കൂടെ കൂട്ടി കുടിയിരുത്താവുന്ന ഒന്നല്ല ഗാന്ധിയും അദ്ദേഹത്തിൻ്റെ മൂല്യങ്ങളെന്നും ഗാന്ധിയെ ഓർക്കാതിരിക്കുക എന്നതാണ് സംഘപരിവാറിന് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവുംവലിയ ആദരമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.മതഭ്രാന്ത് കത്തിപ്പടർന്ന നവ്ഖാലിയിൽ ഗാന്ധിജി ഉയർത്തിയ ആശയങ്ങൾ മോദി ഓർക്കുന്നുണ്ടാകില്ലെന്ന് പറഞ്ഞ സതീശൻ, അത് രാജ്യവും ലോകവും ഓർക്കുന്നുണ്ടെന്നും അങ്ങനെയാണ് മരണവും കടന്ന് ഗാന്ധിജി തലമുറകളിലൂടെ ജീവിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
'ഗാന്ധിയും നെഹ്റുവും കാണിച്ചുതന്ന വഴികളുണ്ട്. ആ വഴികൾ മോദിക്കും സംഘപരിവാറിനും സ്വപ്നത്തിൽപോലും കാണാനാകില്ല. സത്യാഗ്രഹം, സഹനം, അഹിംസ, നിസ്സഹകരണം, സിവിൽ നിയമലംഘനം അങ്ങനെയുള്ള ഗാന്ധിയൻ ആശയസംഹിതകളുടെ പ്രയോഗം പരിവാർ സംഘടനകൾക്ക് മനസിലാകില്ല.
പക്ഷേ, ലോകത്തിന് പണ്ടേ മനസ്സിലായി. വഴിവിളക്കും ഊർജ്ജവും തിരുത്തലും സത്യവുമായി ഗാന്ധിജി ഇന്നും ലോകത്തിന് മുന്നിൽ പ്രസക്തനായി നിൽക്കുന്നു', അദ്ദേഹം കുറിച്ചു.
ഗാന്ധിയെ നിരാകരിക്കുന്നവർ രാമനെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നവരാണെന്നും ഗാന്ധിയുടെ രാമനും സീതയും ഗീതാവാക്യവും സത്യാന്വേഷണങ്ങളും എല്ലാം ഇന്ത്യയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഹിന്ദി വാര്‍ത്താ ചാനലായ എ.ബി.പി. ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി നിരുത്തരവാദപരമായ പരാമര്‍ശം നടത്തിയത്. 'മഹാത്മാഗാന്ധി ഒരു മഹാത്മാവായിരുന്നു. അദ്ദേഹത്തേക്കുറിച്ച് ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ? അദ്ദേഹത്തേക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു.
എന്നോട് ക്ഷമിക്കണം. പക്ഷേ, മഹാത്മാഗാന്ധിയേക്കുറിച്ച് ആദ്യമായി ലോകത്തിന് ആകാംക്ഷയുണ്ടായത് 'ഗാന്ധി' എന്ന സിനിമ പുറത്തിറങ്ങിയപ്പോഴാണ്. അത് നമ്മളല്ല ചെയ്തത്.' -അഭിമുഖത്തില്‍ നരേന്ദ്രമോദി പറഞ്ഞു. 'ലോകത്തിന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനേയും നെല്‍സണ്‍ മണ്ടേലയേയുമെല്ലാം അറിയാമെങ്കില്‍, മഹാത്മാഗാന്ധി അവരേക്കാള്‍ ഒട്ടും ചെറുതല്ല.
ഇത് നിങ്ങള്‍ അംഗീകരിച്ചേ മതിയാകൂ. ലോകമാകെ സഞ്ചരിച്ചതിനുശേഷമാണ് ഞാനിത് പറയുന്നത്.' -മോദി തുടര്‍ന്നു. എ.ബി.പി. ന്യൂസ് അഭിമുഖത്തിന്റെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.