തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി.
ചരക്കുനീക്കത്തിന് വിഴിഞ്ഞംമുതൽ ബാലരാമപുരം വരെ 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാതയ്ക്കാണ് ചീഫ് സെക്രട്ടറി ഡോ. വി.വേണു അധ്യക്ഷനായ പദ്ധതിനിർവഹണ സമിതി അംഗീകാരം നൽകിയത്.തീവണ്ടിപ്പാതയുടെ 9.5 കിലോമീറ്ററും ഭൂഗർഭപാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. 1400 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിർമാണച്ചുമതല കൊങ്കൺ റെയിൽ കോർപ്പറേഷനാണ്. ഇതിന്റെ ഭാഗമായി ബാലരാമപുരം റെയിൽവേ സ്റ്റേഷനും നവീകരിക്കുന്നുണ്ട്.
ബാലരാമപുരം റെയിൽവേ സ്റ്റേഷനെ സിഗ്‌നൽ സ്റ്റേഷനാക്കി ഉയർത്തുകയും കണ്ടെയ്‌നർ യാർഡ് നിർമിക്കുകയും ചെയ്യും. നിർദിഷ്ട ഔട്ടർ റിങ് റോഡ് ബാലരാമപുരം മടവൂർപ്പാറയിൽവെച്ച് റെയിൽ റോഡുമായി ചേരും.തുറമുഖം പ്രവർത്തനസജ്ജമാകുന്ന സമയത്ത് കണ്ടെയ്‌നറുകൾക്ക് ദേശീയപാതയിൽ സഞ്ചാരസൗകര്യമൊരുക്കും.
തുറമുഖ റോഡ് ദേശീയപാതയിൽ വന്നുചേരുന്നയിടത്ത് മീഡിയൻ മുറിച്ചാകും ഗതാഗതസൗകര്യമുണ്ടാക്കുക. ഇതിനായുള്ള നിർദേശം പദ്ധതിനിർവഹണ സമിതി ദേശീയപാത അതോറിറ്റിക്ക് നൽകി. തത്കാലം ഈ നിർദേശം ദേശീയപാത അതോറിറ്റി അംഗീകരിക്കുമെന്നാണ് സൂചന.
കന്യാകുമാരിവരെ ദേശീയപാത സജ്ജമാകുന്നവേളയിൽ വിഴിഞ്ഞത്ത് ക്ലോവർ ലീഫ് ഇന്റർസെക്ഷൻ നിർമിക്കും. തുറമുഖത്തുനിന്നു ദേശീയപാതയിലേക്കു കയറുന്ന റോഡ് വീതികൂട്ടും. ദേശീയപാതയുടെ സർവീസ് റോഡ് ഉപയോഗിച്ചാകും ആദ്യഘട്ടത്തിൽ ചരക്കുനീക്കം.
റെയിൽ, റോഡ് കണക്ടിവിറ്റിക്കായ് പരമാവധി കേന്ദ്രഫണ്ട് ലഭ്യമാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സാഗർമാലപോലുള്ള പദ്ധതികളിൽനിന്നുള്ള കേന്ദ്രഫണ്ട് ലഭ്യമാകുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.