പാലക്കാട് ; ഇടുക്കി രൂപതാ വിശ്വാസോത്സവത്തിന്‍റെ ഭാഗമായി വിവാദ ചിത്രം ’ ദി കേരളാ സ്റ്റോറി’ പ്രദര്‍ശിപ്പിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ഇത് ഒരു നിലയ്ക്കും കേരളത്തിന്റെ സ്റ്റോറി അല്ല എന്ന് എത്രയോ തവണ വസ്തുതകൾ വച്ച്, കണക്കുകൾ വച്ച്, ഈ നാട് വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തേക്കുറിച്ചുള്ള നട്ടാൽക്കുരുക്കാത്ത നുണയാണിതെന്നും വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിന്‍റെ നന്മകളോടുള്ള അസൂയയാണ്, അസഹിഷ്ണുതയാണ് ഇങ്ങനെയുള്ള പ്രൊപഗണ്ട സിനിമകൾ പടച്ചുണ്ടാക്കാൻ സംഘ പരിവാറിനെ പ്രേരിപ്പിക്കുന്നതെന്ന് ബല്‍റാം കുറ്റപ്പെടുത്തി. ഈ സിനിമയിൽ നിന്ന് നല്ല ഗുണപാഠങ്ങളൊന്നും കേരളത്തിൽ ഒരു വ്യക്തിക്കും ഒരു സമൂഹത്തിനും നേടാനില്ല. പഠിക്കാനുള്ള ഏക പാഠം ഇതുപോലുള്ള വിദ്വേഷ പ്രചരണങ്ങളെ ഈ നാട് ഒന്നിച്ചുനിന്ന് പ്രതിരോധിക്കണം എന്നത് മാത്രമാണെന്നും ബൽറാം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഏപ്രില്‍ നാലിനാണ് ഇടുക്കി രൂപത സംഘടിപ്പിച്ച വിശ്വാസോത്സവം പരിപാടിയില്‍ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ’ ദി കേരളാ സ്റ്റോറി’ പ്രദര്‍ശിപ്പിച്ചത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം.
ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശ്ശേരി രൂപതയും തലശ്ശേരി അതിരൂപതയും ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങുകയാണ്. കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.