പാക്കിസ്ഥാൻ ; പാകിസ്ഥാനിലെ ലാഹോറില്‍ തടവില്‍ കഴിയുകയായിരുന്ന ഇന്ത്യന്‍ സ്വദേശി സരബ്ജിത് സിംഗിനെ കൊലപ്പെടുത്തിയവരില്‍ ഒരാളായ അമീര്‍ സര്‍ഫറാസ് താംബയെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ സ്ഥാപകന്‍ ഹാഫീസ് സയീദിന്റെ അടുത്ത അനുയായിയാണ് ഇയാള്‍.
ഞായറാഴ്ച പഞ്ചാബിലെ ലാഹോറില്‍ വെച്ചാണ് ഇരുചക്രവാഹനത്തിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് താംബ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എന്നാൽ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ ഉള്‍പ്പടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേര്‍ വീടിന്റെ മുകളില്‍ നില്‍ക്കുകയായിരുന്ന താംബയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ടു ചെയ്തു.
താംബയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകളേറ്റ മുറിവുകള്‍ ഉണ്ടെന്നും രണ്ടെണ്ണം നെഞ്ചിന്റെ ഭാഗത്തും രണ്ടെണ്ണം കാലുകളിലുമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ തലയില്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. മറ്റേയാള്‍ മാസ്ക് ഉപയോഗിച്ച് മുഖം മറച്ചിരുന്നു. താംബയ്ക്ക് നേരെ വെടിയുതിര്‍ത്തശേഷം ഇരുവരും വേഗത്തില്‍ അവിടെ നിന്ന് കടന്നു കളഞ്ഞു.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തടവില്‍ കഴിയുമ്പോള്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ താംബയ്ക്ക് ലഭിച്ചിരുന്നതായി സ്രോതസ്സുകള്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് താംബ ജയില്‍ മോചിതനായത്. അതിനുശേഷം സിസിടിവികളടക്കം സ്ഥാപിച്ച സുരക്ഷിതമേഖലയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. താംബയ്ക്ക് ജയിലിനുള്ളില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നതായി പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.