ജപ്പാൻ ; അലര്‍ജി കാരണമുള്ള പനി (ഹേ ഫീവര്‍-Hay Fever) പടരുന്നതിനാല്‍ ജീവനക്കാര്‍ക്ക് അവധി നല്കി ജാപ്പനീസ് കമ്പനികള്‍. ആവശ്യത്തിന് ജീവനക്കാര്‍ എത്തിച്ചേരാത്തത് ഉത്പാദനക്ഷമതയെ ഗണ്യമായി ബാധിക്കുന്നതിനാല്‍ ഇവയെ ചെറുക്കുന്നതിന് നൂതനമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. നേരിയ രോഗലക്ഷണമുള്ള ജീവനക്കാര്‍ക്ക് ഒകിനാവ ദ്വീപിലേക്ക് താത്കാലികമായി മാറുന്നതിന് ഐസാക്ക് എന്ന ഐടി കമ്പനി സാമ്പത്തിക സഹായമുള്‍പ്പടെ നല്‍കുന്നുണ്ട്.
ഹേ ഫീവര്‍ സീസണില്‍ ജപ്പാനിലെ 20 ശതമാനം സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അനുമതി നല്‍കുന്നുണ്ടെന്ന് ജപ്പാനിലെ സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രാലയത്തിന്റെ ഒരു സര്‍വേ വ്യക്തമാക്കുന്നു.ഫെബ്രുവരി അവസാനം മുതല്‍ ഏപ്രില്‍ പകുതി വരെയാണ് ജപ്പാനില്‍ ഹേ ഫീവര്‍ വ്യാപകമായി പടരുന്നത്.
ഇത് വലിയ തോതിലുള്ള പൊതുജനാരോഗ്യ ആശങ്ക ഉയര്‍ന്നുന്നതിനോടൊപ്പം രാജ്യത്തിന് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്. പ്രശ്നത്തിന്റെ തീവ്രത അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉത്പാദനക്ഷമതയെ കാര്യമായി ബാധിക്കുന്നതിനാല്‍ ഹേ ഫീവറിനെ ‘നാഷണല്‍ ഡിസീസ്’ ആയി പ്രഖ്യാപിച്ചു.
അലര്‍ജി മൂലമുള്ള പനിയായതിനാല്‍ ദേവദാരു മരങ്ങള്‍ വെട്ടിമാറ്റി പൂമ്പൊടിയുടെ അളവ് കുറയ്ക്കുക, അലര്‍ജിയ്ക്കുള്ള മരുന്നുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുക, പൂമ്പൊടി അധികമായുള്ള മരങ്ങള്‍ വെട്ടി മാറ്റി പകരം മറ്റ് മരങ്ങള്‍ വെച്ചുപിടിപ്പിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഹേ ഫീവറിനെ ചെറുക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ജാപ്പനീസ് ജനസംഖ്യയുടെ 40 ശതമാനവും ഹേ ഫീവറിന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ദേവദാരു, സൈപ്രസ് മരങ്ങളില്‍ നിന്നുള്ള പൂമ്പൊടിയാണ് അലര്‍ജിക്ക് കാരണമാകുന്നത്.
കഴിഞ്ഞ വര്‍ഷവും പനി പടര്‍ന്നുപിടിച്ചപ്പോള്‍ അലര്‍ജിക്കുള്ള മരുന്നുകളുടെ വില്‍പ്പനയില്‍ കുതിച്ചുചാട്ടമുണ്ടായിരുന്നു. നേസല്‍ സ്പ്രേകളുടെ വില്‍പ്പന ഇരട്ടിയായതായും കണ്ണിലൊഴിക്കുന്ന മരുന്നുകളുടെ വില്‍പ്പന മൂന്നിരട്ടിയായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.