ഗാന്ധിനഗർ: പൊന്തൻപുഴ വനത്തിലെ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായ വാഴൂർ ആനിക്കാട് സുമിത്തി(30)ന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പൊള്ളല്‍ ചികിത്സ വിഭാഗത്തിലാണ് ഉള്ളത്. ആസിഡ് ആക്രമണംമൂലം ആന്തരികാവയവങ്ങള്‍ പൊള്ളിയ നിലയിലാണ്. ഇദ്ദേഹത്തിന്റെ ഇരു വൃക്കകളുടെ പ്രവർത്തനവും തകരാറിലായി.തിരഞ്ഞെടുപ്പ് നിരീക്ഷക സംഘമാണ് യുവാവിന്റെ രക്ഷകരായത്. സംഭവത്തില്‍ പ്രതികളായ കൊടുങ്ങൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പരപ്പ് വെട്ടപകുഴിയില്‍ സാബു ദേവസ്യ (40), കൊടുങ്ങൂർ പാണപ്പുഴ പടന്നമാക്കല്‍ പ്രസീദ് (52) എന്നിവരെ അറസ്റ്റുചെയ്തു.
കോട്ടയം-പത്തനംതിട്ട ജില്ലാ അതിർത്തിയായ പ്ലാച്ചേരിയില്‍ വച്ചാണ് യുവാവ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍ സഹായം അഭ്യർത്ഥിച്ച് എത്തിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധന നടത്തുകയായിരുന്ന യു.എസ്. ഹരികൃഷ്ണൻ, പി.ടി. ദിലീപ് ഖാൻ, ആർ. ശ്രീജിത്ത് കുമാർ, അനു എന്നിവർ ഉള്‍പ്പെട്ട സംഘമാണ് യുവാവിന് രക്ഷയേകിയത്.
പൊന്തൻപുഴ വനപ്രദേശത്തുനിന്നും ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച സുമിത്ത് അവശനായി ഇവരുടെയടുത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇവരുടെ കാല്‍ക്കല്‍വീണ യുവാവിന്റെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിച്ചനിലയിലായിരുന്നു.
കുടിക്കാൻ വെള്ളം നല്‍കിയശേഷം ഉദ്യോഗസ്ഥർ മുഖം കഴുകി വൃത്തിയാക്കി. പിന്നീട് ആംബുലൻസ് വിളിച്ച് റാന്നി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ച് യുവാവിനെ റാന്നി താലൂക്ക് ആശുപത്രിയിലാക്കി.
നില ഗുരുതരമായതിനാല്‍ ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ഥലത്തെത്തിയ മണിമല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
സുമിത്തും സാബു ദേവസ്യയും തമ്മില്‍ മുൻവൈരാഗ്യമുണ്ടായിരുന്നു. സാബു ദേവസ്യയാണ് സുമിത്തിനെ പൊന്തൻപുഴ വനത്തിലെത്തിച്ചത്. അവിടെയുണ്ടായിരുന്ന പ്രസീദുമായിച്ചേർന്ന് മദ്യം നല്‍കുകയും പിന്നീട് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സുമിത്തിനെ കൊല്ലാൻ മുമ്പും ഇതേസ്ഥലത്തെത്തിച്ചങ്കിലും നടക്കാതെപോയെന്ന് സൂചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.