ബെംഗളൂരു: കർണാടകയിലെ ഗഡഗില്‍ നാലുപേരെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സംഭവത്തില്‍ കുടുംബാംഗം ഉള്‍പ്പെടെ എട്ടുപേർ പിടിയിലായി.
ഗഡഗ്-ബെട്ട്ഗേരി മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പ്രകാശ് ബകലേയുടെ മകൻ വിനായക് ബകലേ(31), ഫൈറോസ്(29), വാടക കൊലയാളികളായ ജിഷാൻ(24), സാഹില്‍ അഷ്ഫാക് ഖാജി(19), സൊഹൈല്‍ അഷ്ഫാക് ഖാജി(19), സുല്‍ത്താൻ ജിലാനി ഷെയ്ഖ്(23), മഹേഷ് ജഗനാഥ് സലൂങ്ക(21), വഹീദ് ലിയാഖത്ത്(21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലായവരില്‍ വിനായകും ഫൈറോസും ഒഴികെയുള്ളവർ മഹാരാഷ്ട്രയിലെ മിറാജ് സ്വദേശികളും ക്വട്ടേഷൻ സംഘാംഗങ്ങളുമാണ്.ഏപ്രില്‍ 19-നാണ് മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റും വ്യവസായിയുമായ പ്രകാശ് ബകലേയുടെ വീട്ടില്‍ കയറി നാലുപേരെ അക്രമിസംഘം വെട്ടിക്കൊന്നത്. പ്രകാശ് ബകലേയുടെ രണ്ടാംവിവാഹത്തിലുള്ള മകൻ കാർത്തിക് ബകലേ(27), ബന്ധുക്കളായ പരശുറാം ഹദിമാനി(55), പരശുറാമിന്റെ ഭാര്യ ലക്ഷ്മി(45), മകള്‍ അകാൻക്ഷ(16) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഏപ്രില്‍ 19-ന് പുലർച്ചെ വീട്ടിലേക്ക് ഇരച്ചെത്തിയ അക്രമിസംഘം കണ്ണില്‍കണ്ടവരെയെല്ലാം വെട്ടിവീഴ്ത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന പ്രകാശും രണ്ടാംഭാര്യ സുനന്ദയും ബഹളംകേട്ട് മുറിയുടെ വാതില്‍ പൂട്ടിയിരുന്നതിനാലാണ് രക്ഷപ്പെട്ടത്. ഇവർ പോലീസിനെയും വിവരമറിയിച്ചു. ഇതോടെ അക്രമിസംഘം കടന്നുകളയുകയായിരുന്നു.
പ്രകാശിന്റെ ആദ്യഭാര്യയിലുള്ള മകനാണ് കേസിലെ ഒന്നാംപ്രതിയായ വിനായക് ബകലേ. ഇയാളാണ് മഹാരാഷ്ട്രയില്‍നിന്നുള്ള അക്രമിസംഘത്തിന് ക്വട്ടേഷൻ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. അച്ഛൻ പ്രകാശിനെയും രണ്ടാനമ്മയായ സുനന്ദയെയും സഹോദരൻ കാർത്തിക്കിനെയും കൊല്ലാനായിരുന്നു വിനായക് ക്വട്ടേഷൻ നല്‍കിയത്. 65 ലക്ഷം രൂപയായിരുന്നു ക്വട്ടേഷൻ തുക.
ഇതില്‍ രണ്ടുലക്ഷം രൂപ അഡ്വാൻസായും നല്‍കി. എന്നാല്‍, സംഭവദിവസം കാർത്തിക്കിന്റെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധുക്കളും ഇവരുടെ വീട്ടിലുണ്ടായിരുന്നു. കൊപ്പാള്‍ സ്വദേശികളായ പരശുറാമും കുടുംബവും വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടക്കയാത്രയ്ക്ക് ട്രെയിൻ കിട്ടാത്തതിനാല്‍ അന്നേദിവസം പ്രകാശിന്റെ വീട്ടില്‍ തന്നെ തങ്ങി.
തുടർന്ന് ക്വട്ടേഷൻ സംഘം വീട്ടില്‍ അതിക്രമിച്ചുകയറിയപ്പോള്‍ ആദ്യം കണ്ടത് പരശുറാമിനെയും ഭാര്യയെയും മകളെയുമായിരുന്നു. പ്രകാശ് ബകലേയും കുടുംബവുമാണെന്ന് തെറ്റിദ്ധരിച്ച് ക്വട്ടേഷൻ സംഘം ആളുമാറിയാണ് ഇവരെ വെട്ടിക്കൊന്നത്. പിന്നാലെ വീട്ടിലുണ്ടായിരുന്ന കാർത്തിക്കിനെയും പ്രതികള്‍ കൊലപ്പെടുത്തി.
അറസ്റ്റിലായ വിനായക് ബകലേ, ഫൈറോസ്, ജിഷാൻ, സാഹില്‍ അഷ്ഫാക്, സൊഹൈല്‍ അഷ്ഫാക്, സുല്‍ത്താൻ ജിലാനി, മഹേഷ് ജഗന്നാഥ്, വഹീദ് ലിയാഖത്ത്
അച്ഛൻ പ്രകാശ് ബകലേയുമായുള്ള സാമ്പത്തിക പ്രശ്നങ്ങളും വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട തർക്കവുമാണ് വിനായകിനെ ക്വട്ടേഷൻ നല്‍കാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ആദ്യ ഭാര്യയിലെ മകനായ വിനായകിന്റെ പേരില്‍ ഒട്ടേറെ വസ്തുവകകള്‍ പ്രകാശ് രജിസ്റ്റർ ചെയ്തുനല്‍കിയിരുന്നു.
മൂന്നുമാസം മുമ്പ് ഇതിലൊരു വസ്തു പിതാവിനെ അറിയിക്കാതെ വിനായക് വില്‍പ്പന നടത്തി. ഇക്കാര്യമറിഞ്ഞതോടെ പ്രകാശ് മകനെ ശകാരിക്കുകയും ഇനിയൊരു വസ്തുവും വില്‍പ്പന നടത്തരുതെന്ന് താക്കീത് നല്‍കുകയുംചെയ്തു. ഇതാണ് വിനായകിനെ ക്വട്ടേഷൻ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
അച്ഛനെയും രണ്ടാനമ്മയെയും സഹോദരൻ കാർത്തിക്കിനെയും കൊലപ്പെടുത്താനായിരുന്നു വിനായകിന്റെ പദ്ധതി. ഇതിനായി ഗഡഗിലെ യൂസ്ഡ് കാർ ഡീലറായ ഫൈറോസിനെയാണ് വിനായക് ആദ്യം ബന്ധപ്പെട്ടത്. ഇയാള്‍ മുഖേന മഹാരാഷ്ട്രയിലെ മിറാജില്‍നിന്ന് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കി. ആകെ 65 ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷൻ ഉറപ്പിച്ചത്. ഇതില്‍ പത്തുലക്ഷം അഡ്വാൻസായി നല്‍കണമെന്നായിരുന്നു കരാർ. എന്നാല്‍, രണ്ടുലക്ഷം മാത്രമാണ് വിനായക് അഡ്വാൻസായി ആദ്യം നല്‍കിയത്.
കവർച്ചയ്ക്കിടെ നടന്ന കൊലപാതകമെന്ന രീതിയില്‍ പദ്ധതി നടപ്പാക്കാനായിരുന്നു പ്രതികളുടെ തീരുമാനം. വീട്ടില്‍നിന്ന് കിട്ടുന്ന പണവും ആഭരണങ്ങളുമെല്ലാം കൊണ്ടുപോകാനും ക്വട്ടേഷൻ സംഘത്തിന് വിനായക് അനുമതി നല്‍കിയിരുന്നു.തുടർന്ന് ഏപ്രില്‍ 19-ന് പദ്ധതി നടപ്പിലാക്കാൻ പ്രതികള്‍ തീരുമാനിച്ചു. എന്നാല്‍, സംഭവദിവസം ബന്ധുക്കളായ പരശുറാമും കുടുംബവും പ്രകാശിന്റെ വീട്ടിലുണ്ടായിരുന്നത് ക്വട്ടേഷൻ സംഘം അറിഞ്ഞിരുന്നില്ല. ഇതോടെ വീട്ടില്‍ക്കയറിയ പ്രതികള്‍ കണ്മുന്നില്‍ കണ്ടവരെയും വെട്ടിവീഴ്ത്തുകയായിരുന്നു.
ഗഡഗ് പോലീസ് സൂപ്രണ്ട് ബി.എസ്. നേമഗൗഡയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി 72 മണിക്കൂറിനുള്ളില്‍ മുഴുവൻ പ്രതികളെയും പിടികൂടിയത്. അന്വേഷണസംഘത്തിന് അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.