തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്ന് വൈകീട്ട് ആറുമണിക്ക് അവസാനിക്കും. വൈകീട്ട് നടക്കുന്ന കൊട്ടിക്കലാശം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികൾ.
കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, മദ്യവിതരണം എന്നിവ കണ്ടെത്തിയാൽ നടപടി ഉണ്ടാകും.വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വിൽപ്പനയ്ക്കും നിരോധനമുണ്ട്. എല്ലാവാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തിൽ തുടരാൻ അനുവദിക്കില്ല. ലൈസൻസുള്ള ആയുധങ്ങൾ കൊണ്ടുനടക്കുന്നതിനുള്ള നിരോധനം ഫലം പ്രഖ്യാപിക്കുന്നതുവരെ തുടരും.
വെള്ളിയാഴ്ച ജനവിധി രേഖപ്പെടുത്താനായി കേരളം പോളിംഗ് ബൂത്തിലേക്കെത്തും. വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വെള്ളിയാഴ്ച സമ്മതിദാനം രേഖപ്പെടുത്തും. കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുന്നത്.
കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. കലാപബാധിത മേഖലയായ ഔട്ടര്‍ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകള്‍, യുപി, മഹാരാഷ്ട്ര, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തൃപുര, ബംഗാള്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും വെള്ളിയാഴ്ച വിധിയെഴുതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.