തിരുവനന്തപുരം: കേന്ദ്രവിഹിതം ലഭ്യമാക്കാത്തതിനാല്‍ കേന്ദ്രം തരേണ്ട തുക കേരളം നല്‍കിയിട്ടും സാങ്കേതിക കുരുക്കിന്‍റെ പേരില്‍ സംസ്ഥാനത്തെ 62,000 സാമൂഹികസുരക്ഷാ പെൻഷൻകാർക്ക് ഇനിയും പെൻഷൻ കൈമാറിയില്ലെന്നു പരാതി.
കേന്ദ്രവിഹിതം കൈമാറുന്നതിനായി കേന്ദ്രം ഏർപ്പെടുത്തിയ പിഎഫ്‌എംഎസ് (പബ്ലിക് ഫിനാൻസ് മാനേജ്മെന്‍റ് സിസ്റ്റം) എന്ന നെറ്റ്‌വർക്ക് സംവിധാനത്തിലെ പാളിച്ചയെത്തുടർന്നാണ് 62,000 പേർക്ക് ഇനിയും സാമൂഹികസുരക്ഷാ പെൻഷൻ കൈമാറാനാകാത്തതെന്നാണു സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.രണ്ടു മാസത്തെ കുടിശിക പെൻഷൻകൂടി അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങുമ്പോള്‍, പ്രശ്നം കൂടുതല്‍ സങ്കീർണമാകുമെന്നാണു കരുതുന്നത്. 6.8 ലക്ഷം പേർക്കാണ് ക്ഷേമപെൻഷനില്‍ കേന്ദ്ര വിഹിതമുള്ളത്. ഇതില്‍ 1.94 ലക്ഷം പേരുടെ കേന്ദ്ര വിഹിതമാണ് ഏതാനും ദിവസങ്ങളായി ലഭിക്കാതായത്.
സംസ്ഥാനത്തിന്‍റെ നിരന്തര ഇടപെടലിനെ ത്തുടർന്ന് ബാക്കിയുള്ളവർക്ക് രണ്ടാഴ്ചയോളം വൈകി തുക ലഭിച്ചു. മൂന്നാഴ്ചയായിട്ടും 62,000 പേരുടെ തുക ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടില്ല. മാർച്ച് 15ന് കേരളം ഒരു മാസത്തെ പെൻഷൻ തുക കൈമാറിയിരുന്നു.
കഴിഞ്ഞ മാസം വിതരണം പൂർത്തിയാക്കിയ ഒരു ഗഡു പെൻഷന്‍റെ കേന്ദ്ര വിഹിതവും സംസ്ഥാന ഫണ്ടില്‍നിന്നാണു ലഭ്യമാക്കിയത്. എന്നാല്‍, പിഎഫ്‌എംഎസ് വഴി ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച തുകയില്‍ ഒരു ഭാഗം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തിയില്ല.
സംസ്ഥാനത്ത് നിലവിലുള്ള അഞ്ചിനം സാമൂഹ്യസുരക്ഷാ പെൻഷനുകളില്‍, വാർധക്യകാല പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നീ മൂന്നിനങ്ങള്‍ക്ക് 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെ നിരക്കുകളിലാണ് 6.8 ലക്ഷം പേർക്ക് കേന്ദ്രസഹായം ലഭിക്കുന്നത്. ഇത് കൃത്യമായി ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനം തന്നെ തുക മുൻകൂറായി നല്‍കും. തുടർന്ന് റീ - ഇന്പേഴ്സ്മെന്‍റിനായി കേന്ദ്രത്തെ സമീപിക്കുന്നതാണ് രീതി.
ഇത്തരത്തില്‍ 2021 ജനുവരി മുതല്‍ സംസ്ഥാനം നല്‍കിയ കേന്ദ്രവിഹിതം കുടിശികയായിരുന്നു. ഇത് ലഭ്യമാക്കണമെന്നു നിരവധി തവണ ആവശ്യപ്പെട്ടതിനെത്തുടർന്ന് 2023 ജൂണ്‍ വരെയുള്ള കേന്ദ്ര വിഹിതമായ 602.14 കോടി രൂപ കഴിഞ്ഞ വർഷം ഒക്ടോബറില്‍ മാത്രമാണ് സംസ്ഥാനത്തിനു ലഭിച്ചത്. ഇതിനുശേഷമുള്ള മാസങ്ങളിലെ തുക ലഭിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.