തൃശൂർ: വടകര മാതൃക തന്നെ തൃശൂരിലും പിന്തുടരാൻ ആർഎംപിഐ തീരുമാനം. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ഭരണ മാറ്റത്തിനായി പ്രവർത്തിക്കലാണ് പ്രധാനമെന്ന് ആർഎംപിഐ വ്യക്തമാക്കി.
ഇന്ത്യാമുന്നണിയുടെ ഭാഗമായിരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് പാർട്ടി പ്രവർത്തകരോടഭ്യർഥിച്ചു. തളിക്കുളത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംസ്ഥാന പ്രസിഡന്റ് ടി.എല്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു.ബിജെപി സർക്കാരിന്റെ കഴിഞ്ഞ 10 വർഷങ്ങള്‍ വഞ്ചനയാണ്. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും പാചകവാതകവും പെട്രോളും ഡീസലും വില പലമടങ്ങു കൂടി. കള്ളപ്പണം പിടിക്കുമെന്നു നുണ പറഞ്ഞു. നോട്ടു നിരോധനം വഴി സ്വന്തം പണം ചെലവഴിക്കാനനുവദിക്കാതെ ജനങ്ങളെ പട്ടിണിയിലാക്കി, തെരുവില്‍ നിർത്തിയെന്ന് സന്തോഷ് പറഞ്ഞു.
അഴിമതിക്കും കൈകൂലിക്കും നിയമവ്യവസ്ഥ തന്നെയുണ്ടാക്കിയ ഇലക്ടറല്‍ ബോണ്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കി. മുഖ്യമന്ത്രിയുടെ ഓഫീസും കുടുംബവും തുടർച്ചയായി അഴിമതിക്കേസുകളില്‍ കുടുങ്ങുന്ന സാഹചര്യം ഇടതുപക്ഷത്തിനാകെ അപമാനകരമാണ്.
രാഷ്ട്രീയ നിലപാടിന്റെ പേരില്‍ എട്ടു പേരെ വ്യാജ ഏറ്റുമുട്ടല്‍ നടത്തി വെടിവച്ചു കൊന്ന, യുഎപിഎ ചുമത്തി നിരപരാധികളായ വിദ്യാർഥികളെ തടവിലിടുന്ന, പ്രതിഷേധ സമരങ്ങളെ മർദ്ദിച്ചൊതുക്കുന്നത് ജീവൻരക്ഷാപ്രവർത്തനമാവുന്ന ഒരു ഭരണത്തെ ഇടതുപക്ഷമെന്നു വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രഞ്ജിത്ത് പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ആർഎംപിഐ ജില്ലാ സെക്രട്ടറി പി.ജെ. മോണ്‍സി, പ്രസിഡന്റ് അഡ്വ. വി.എം. ഭഗവത് സിങ്, മേഖല പ്രസിഡന്റ് ടി.എ. പ്രേംദാസ്, സെക്രട്ടറി കെ.എസ്. ബിനോജ്, ലോക്കല്‍ സെക്രട്ടറി പി.പി. പ്രിയരാജ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.