തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആവേശത്തിൽ അലിഞ്ഞ് ജനസാഗരം. തെക്കേ ഗോപുര നടയിലെ കുടമാറ്റത്തിന് സാക്ഷിയാവാൻ എത്തിയ ജനസഞ്ചയത്തിന്റെ ആവേശം വാനോളമുയർന്നു.
തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ഗജവീരൻമാർ അണിനിരന്ന കുടമാറ്റം പൂരത്തിന്റെ മാറ്റുകൂട്ടി. പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിനു പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്.കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മുന്നൂറോളം കലാകാരന്മാരാണ് മേളത്തിന് അണിനിരന്നത്. കുഴല്‍വിളിയോടെ ചെണ്ടപ്പുറത്തു കോലുവീണതും നാദവിസ്മയമായി. ‘പതികാല’ത്തില്‍ തുടങ്ങി, താളത്തിന് മുറുക്കം കൂടിയതോടെ ആസ്വാദകർ ഇളകിമറിഞ്ഞു.
കുറുങ്കുഴലുകാരുടെ തലയാട്ടൽ, കൊമ്പുകാരുടെയും ഇലത്താളക്കാരുടെയും മുന്നോട്ടാഞ്ഞുള്ള താളം. ചെണ്ടയും കൊമ്പും കുഴലും കുറുങ്കുഴലും ഇലത്താളവുമെല്ലാമായി മേളം കൊഴുക്കുമ്പോള്‍ പ്രായഭേദമില്ലാതെ പൂരപ്രേമികൾ താളമിട്ടു.
തേക്കിൻകാട് മൈതാനത്ത് ഇന്നു പെയ്തിറങ്ങുന്നതു പൂരമാണ്; ആൾപ്പൂരം, ആവേശപ്പൂരം, ആനന്ദപ്പൂരം... പൂരമഴ തോരും വരെ; നാളെ ഉച്ച വരെ പൂരച്ചൂട്. വാദ്യമേളങ്ങളുടെ സിംഫണി, കാഴ്ചകളുടെ കാർണിവൽ, ഭക്തർക്കു കൺനിറയെ കാണാൻ എഴുന്നള്ളിവരുന്ന ദേവീദേവന്മാർ, കാണാൻ ഒഴുകിയെത്തുന്ന ജനാവലി...
പൂരപ്രേമികളിലൊരാളായി നമുക്കൊപ്പം വടക്കുന്നാഥനും ചേരുന്ന പൂരം. വഴിയായ വഴിയെല്ലാം തൃശൂരിലേക്കു തുറന്നുകഴിഞ്ഞു. തേക്കിൻകാട് മൈതാനി ഇന്ന് ഒരു ദിവസത്തേക്കു കടലാണ്– ആൾക്കടൽ.
വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് രാവിലെ 7.30 മുതൽ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. മഞ്ഞും വെയിലും കൊള്ളാതെ കണിമംഗലം ശാസ്താവ് പൂരത്തെ വിളിച്ചുണർത്താൻ പൂരപ്പറമ്പിലെത്തി.
പുലർച്ചെ നാലരയോടെ കണിമംഗലത്തുനിന്നു മേളങ്ങളുടെ അകമ്പടിയോടെയായിരുന്നു പുറപ്പാട്. ഏഴരയോടെ വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലെത്തി. കണിമംഗലം ശാസ്താവിനു പിന്നാലെ പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, പൂക്കാട്ടിക്കര, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുക്കാവ്, അയ്യന്തോൾ, കുറ്റൂർ നെയ്തലക്കാവ് പൂരങ്ങൾ വടക്കുന്നാഥനെ വണങ്ങി.
വടക്കുന്നാഥ ക്ഷേത്രം പടിഞ്ഞാറെ നടയിലെ ശ്രീമൂലസ്ഥാനത്തുനിന്നുകൊണ്ട് ഘടകപൂരങ്ങളെത്തുന്ന കാഴ്ച കണ്ട്, പല ശ്രുതിയിൽ മേളങ്ങളും വാദ്യവും കേട്ടാണ് പൂരത്തിലേക്ക് ജനം അലിഞ്ഞിറങ്ങിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.