തിരുവനന്തപുരം: നരേന്ദ്രമോദിയേക്കാൾ റെയ്ഞ്ചുള്ള ഡസൻ കണക്കിന് പേർ ഇന്ത്യയിലുണ്ടെന്നും ഒരു തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രതിപക്ഷ പാർട്ടികൾ മുൻകൂട്ടി പ്രഖ്യാപിക്കാറില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019-ലെ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഉയർത്തിയത് മോദി വിരുദ്ധ ക്യാമ്പയിനാണ്. മോദി വിരുദ്ധ ക്യാമ്പയിന്റെ ഭയം കോൺഗ്രസിന് അനുകൂലമായി വോട്ടുചെയ്യുന്നതിലേക്ക് ജനങ്ങളെത്തി. എന്നാൽ ഇത്തവണ അതുണ്ടാകില്ല.ഇപ്രാവശ്യം ചിത്രം അതല്ല. ഇന്ന് ആളുകൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷം വേണമെന്ന തോന്നൽ ജനങ്ങളിലുണ്ട്. നേരത്തെ (2019-ൽ) കോൺഗ്രസ് സർക്കാർ ഉണ്ടാക്കാൻ പോകുകയാണെന്നും രാഹുൽ പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്നും അതിനാൽ രാഹുലിനെ സഹായിക്കണം എന്നുമുള്ള മാനസികാവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ ഇപ്പോൾ രാജ്യത്ത് ആരെങ്കിലും രാഹുൽ പ്രധാനമന്ത്രിയാകുമെന്ന് വിശ്വസിക്കുന്നുണ്ടോ? ഗോവിന്ദൻ പറഞ്ഞു. 2019- ൽ കോൺഗ്രസിന് അനുകൂലമായുണ്ടായ ജനവിധിയെ മറികടക്കാൻ ഇത്തവണ വലിയ രീതിയിൽ ന്യൂനപക്ഷ വോട്ട് ഏകീകരണം എന്ന നിലയിൽ സമ്പൂർണമായ ക്യാമ്പയിനാണല്ലോ ഇടതുപക്ഷം നടത്തുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ അല്ലങ്കിൽ വേറെ ആര് പ്രധാനമന്ത്രിയാകുമെന്ന ചോദ്യത്തിന്, അത് അപ്പോൾ തീരുമാനിക്കാമെന്ന് പറഞ്ഞ അദ്ദേഹം നൂറ് സീറ്റ് പിടിക്കുന്നതിനെ കുറിച്ചാണ് കോൺഗ്രസ് ആലോചിക്കുന്നത് എന്ന് പരിഹസിക്കുകയും ചെയ്തു. രാജ്യത്തെ പ്രാദേശിക പാർട്ടികൾ എല്ലാം ചേർന്നാലേ ഒരു ബദൽ വരികയുള്ളൂവെന്നും ഗോവിന്ദൻ വ്യക്തമാക്കി.
രാഹുലിനെതിരെ നരേന്ദ്രമോദിയും പിണറായി വിജയനും പറയുന്നത് ഒരുപോലെയാണല്ലോ എന്ന ചോദ്യത്തിന്, വസ്തുതാപരമായി ഒന്നായി വന്നാൽ അത് പറയാതിരിക്കാൻ പറ്റുമോയെന്നും രാഹുൽ അല്ല, ബിജെപിയാണ് ടാർജെറ്റ് എന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽഗാന്ധിക്ക് പ്രത്യയശാസ്ത്രം ഇല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. ആർഎസിഎസിനെതിരെ പറയുന്നതുകൊണ്ട് വിരുദ്ധതയാകുമോ? പൗരത്വ ഭേതഗതി നിയമത്തിമെതിരെ എന്തുകൊണ്ട് രാഹുൽ പ്രതികരിക്കുന്നില്ല. വെറുതെ വാചകമടിച്ചിട്ട് എന്താ കാര്യം- അദ്ദേഹം ചോദിച്ചു.
രാഹുൽ ഗാന്ധിയാണോ നരേന്ദ്രമോദിയാണോ മുഖ്യശത്രുവെന്ന ചോദ്യത്തിന്, ഞങ്ങളുടെ പ്രസംഗങ്ങളിൽ 75 ശതമാനവും ബിജെപിക്ക് എതിരെയാണ്. ബിജെപിക്കെതിരായ വിമർശനമല്ല, രാഹുലിന് എതിരായ വിമർശനമാണ് സിപിഎം മുന്നോട്ടുവെക്കുന്നത് എന്നത് മാധ്യമങ്ങളുടെ തെറ്റായ പ്രചാരവേലയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.