ഫറോക്ക്: ‘‘വീട്ടിലേക്ക് കയറിവരുമ്പോൾ കാർപോർച്ചിലെ കസേരയിൽ ബാപ്പ ഇരിക്കുന്നതായി തോന്നും, ആ കസേര ഇപ്പോഴും അവിടെയുണ്ട്.’’–-മുഹമ്മദ് നിസാറിന്റെ ഓർമകളിൽ മരണമില്ലാത്ത മാമുക്കോയയുണ്ട്.
മാമുക്കോയയെന്ന മലയാളത്തിന്റെ പ്രിയ നടന്റെ വേർപാടിന് ഒരാണ്ട് തികയുകയാണ് വെള്ളിയാഴ്‌ച. മാമുക്കോയ ചിരി നിറയ്‌ക്കാത്ത ഒരുദിനം പോലും ഇപ്പോഴും മലയാളികളെ കടന്നുപോകുന്നില്ല.2023 ഏപ്രിൽ 26നാണ് മാമുക്കോയ വിടവാങ്ങിയത്. നാടനായി നടന്ന് നടനായി തീർന്ന മനുഷ്യനെന്നാണ് മാമുക്കോയയെ അടയാളപ്പെടുത്താൻ ഏറ്റവും ഉചിതമായ വിശേഷണം.
ഹാസ്യനടൻ എന്ന പരിഗണനയിലാണ് മാമുക്കോയ അളക്കപ്പെട്ടതെങ്കിലും പെരുമഴക്കാലം, ഉരു ഉൾപ്പെടെയുള്ള സിനിമകളിൽ ആ അതിരുകളെയെല്ലാം ഭേദിക്കുന്ന അഭിനയത്തെ കാണാം.
അസാമാന്യമായ സത്യസന്ധതയോടെ അഭിനയിക്കുകയും ജീവിക്കുകയും ചെയ്‌ത മനുഷ്യനെന്ന് സിനിമാലോകവും ചങ്ങാത്തങ്ങളും നാടും മാമുക്കോയയെ നിർവചിക്കുന്നു.
മാമുക്കോയയില്ലാത്ത ഒരാണ്ട് തികയുന്നത് പൊതുതെരഞ്ഞെടുപ്പ് ദിവസമാണ്. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലൂടെ കോൺഗ്രസിന്റെ അമരത്തെത്തിയ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ആശയക്കാരനായിരുന്നു മാമുക്കോയ.
തെരഞ്ഞെടുപ്പ് ദിവസം എല്ലാ തിരക്കും മാറ്റിവച്ച് രാവിലെ നേരത്തെ ഭാര്യ സുഹറക്കൊപ്പം അരക്കിണർ ഗോവിന്ദവിലാസ് എഎൽപി സ്കൂളിലെ ബൂത്തിലെത്തി വോട്ട് ചെയ്യുമായിരുന്നു. ഇത്തവണ സുഹറ മക്കൾക്കും മരുമക്കൾക്കുമൊപ്പമാകും വോട്ട് രേഖപ്പെടുത്താൻ പോവുക.
നാലു പതിറ്റാണ്ടിലേറെക്കാലം മലയാള സിനിമയിൽ ചിരിപടർത്തിയ മാമുക്കോയ 450 ലേറെ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.
മലപ്പുറം വണ്ടൂരിന് സമീപം പൂങ്ങോട് സെവൻസ് ഫുട്ബോൾ ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാണ് 2023 ഏപ്രിൽ 24ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പിന്നീട് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ. 26ന് ഉച്ചയ്ക്ക് 1.05 നായിരുന്നു മരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.