ന്യൂഡൽഹി: കമ്പനി ഉൽപാദിപ്പിച്ച കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക.
രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതി (ത്രോംബോസൈറ്റോപീനിയ) അസ്ട്രാസെനക വാക്സീൻ എടുത്തവരിൽ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്‌സിൻ, കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്തത്. കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളാണ് അസ്ട്രസെനെക നിർമിച്ചത്.
വാക്സിൻ എടുത്തത് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിട്ട നിരവധി പേർ യു.കെയിൽ കോടതിയെ സമീപിച്ചിരുന്നു. 2021 ഏപ്രില്‍ 21-ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു. ഇദ്ദേഹമാണ് നിയമനടപടിക്ക് തുടക്കം കുറിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. എന്നാൽ, പരാതിക്കാരന്റെ ആരോപണങ്ങളെ ആദ്യം എതിർത്ത ആസ്ട്രസെനെക, കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് കോവിഷീൽഡ് അപൂർവം കേസുകളിൽ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്ന ടി.ടി.എസിന് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം) ഇടയാക്കുമെന്ന് സമ്മതിച്ചത്.
എന്നാൽ ഒരു സാധ്യത മാത്രമാണിതെന്നും ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള മുന്നറിയിപ്പ് അല്ലെന്നും കമ്പനി അധികൃതർ കൂട്ടിചേർക്കുന്നു. കമ്പനിയുടെ വെളിപ്പെടുത്തില്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമാകും. മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വാക്സിൻ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈകോടതിയിൽ ഫയൽ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.