തിരുവനന്തപുരം: വിവാഹവേഷത്തിൽ നിറ പുഞ്ചിരിയോടെ മകളെ കാണാനാഗ്രഹിച്ച മാതാപിതാക്കൾക്ക് മുന്നിലേക്ക് വെള്ളപുതപ്പിച്ച് നിശ്ചലമായി അവളെത്തിയപ്പോൾ കണ്ണീരടക്കാൻ ആ അച്ഛനും അമ്മയും നന്നേ പാടുപ്പെട്ടു.
ആര്യയുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് തളർന്ന കണ്ണുകളോടെ അച്ഛൻ അനിൽകുമാറും അമ്മ ബാലാംബികയും നിലയുറപ്പിച്ചപ്പോൾ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കണ്ടുനിന്നവരും ഏറെ പ്രയാസപ്പെട്ടു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശി ആര്യാ നായരെയും മൂന്നാംമൂട് സ്വദേശി ദേവിയെയും ഭർത്താവ് നവീനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
അടുത്തമാസമായിരുന്നു ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. താലിയും വരണമാല്യവുമായി അവൾ പുതുജീവിതത്തിലേക്ക് നടന്നുനീങ്ങുന്നത് സ്വപ്നംകണ്ട അവർക്കുമുന്നിലേക്ക് ചലനമറ്റ പ്രിയമകളുടെ മൃതശരീരമാണെത്തിയത്.
മാർച്ച് 27-നാണ് ആര്യയെ കാണാതായത്. ആര്യ അധ്യാപികയായിരുന്ന സ്കൂളിൽ മുൻപുണ്ടായിരുന്ന അധ്യാപിക ദേവി, ഭർത്താവ് കോട്ടയം സ്വദേശി നവീൻ എന്നിവരോടൊപ്പമാണ് പോയതെന്ന് വട്ടിയൂർക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞിരുന്നു. പിന്നീടാണ് അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വിമാനമാർഗം മൃതദേഹങ്ങൾ തിരുവനന്തപുരത്തെത്തിച്ചു. തുടർന്ന് രണ്ടരയോടെ ആര്യയുടെയും മൂന്നോടെ ദേവിയുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു.
നിരവധിപേരാണ് ഇരുവർക്കും അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്. ദേവിയുടെ വീട്ടിലെത്തി ചീഫ് സെക്രട്ടറി വി.വേണു ഉൾപ്പെടെയുള്ളവർ ആദരാഞ്ലിയർപ്പിച്ചു.
ആര്യയുടെയും ദേവിയുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച വൈകീട്ട് ശാന്തികവാടത്തിൽ സംസ്കരിച്ചു. നവീൻ്റെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.