ഹൈദരാബാദ് : തെലങ്കാനയിലെ ആദിലാബാദിലുള്ള സെയ്ന്റ് മദര്‍ തെരേസ സ്കൂള്‍ ഹനുമാന് സേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ സ്കൂള്‍ മാനേജ്മെന്റിനും അക്രമികൾക്കുമെതിരെ കേസെടുത്ത് പോലീസ്.
മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ചില രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്. സ്കൂള്‍ മാനേജ്മെന്റിന്റെ പരാതിയില്‍ അക്രമികള്‍ക്കെതിരെയും ഡണ്ഡെപള്ളി പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സ്കൂള്‍ അധികൃതര്‍ക്കെതിരെ 153 (എ), 295 (എ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323, 427, 452, 143, 149 എന്നിവ ചുമത്തിയാണ് അക്രമികള്‍ക്കെതിരെ കേസ്.
ഹനുമാന് സേന പ്രവര്‍ത്തകര്‍ സ്കൂള്‍ മാനേജരായ മലയാളി വൈദികന് ഫാ. ജയ്സണ്‍ ജോസഫിനെ ക്രൂരമായി മര്‍ദിക്കുകയും ജയ്ശ്രീറാം വിളിപ്പിക്കുകയുമായിരുന്നു.
സ്കൂളില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ സ്കൂള്‍ വക്താവിനെ അക്രമിക്കുകയും ക്ലാസ്മുറിയിലെ ജനാലകളുള്‍പ്പടെ അടിച്ചു തകര്‍ക്കുകയും ചെയ്തു. മദര്‍ തെരേസയുടെ രൂപവും പ്രവേശന കവാടവുമുള്‍പ്പടെ അക്രമികള്‍ തകര്‍ത്തു.
ഈ വകയില്‍ 30,000 രൂപയുടെ നഷ്ടമുണ്ടായതായും സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയില്‍ പറയുന്നു.ഹനുമാന് ദീക്ഷ സ്വീകരിക്കുന്നവര്‍ ധരിക്കുന്ന വസ്ത്രം ധരിച്ചു വന്നതിന് നാലാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകനെയും സഹപാഠികളായ രണ്ട് വിദ്യാര്‍ത്ഥികളെയും സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു.സ്കൂള്‍ അധികൃതര്‍ മനപ്പൂര്‍വ്വം മത വികാരം വ്രണപ്പെടുത്തിയെന്നും മത സ്പര്‍ദ്ദയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും രക്ഷിതാക്കള്‍ ആരോപിച്ചു
ഹനുമാന് ദീക്ഷ സ്വീകരിക്കുന്നവര്‍ ധരിക്കുന്ന വസ്ത്രം മാറ്റി വരണമെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പരന്നതിനെ തുടര്‍ന്ന് 500-ാളം പേരടങ്ങുന്ന ഹനുമാന്‍സേന പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ചൊവ്വാഴ്ച രാവിലെ സ്കൂള്‍ അക്രമിക്കുകയായിരുന്നു.
നാല് മണിക്കൂര്‍ അക്രമം നീണ്ടുനിന്നു. മുന്‍കൂട്ടി തീരുമാനിച്ചുള്ള അക്രമം ആയിരുന്നോയെന്നും സംശയിക്കുന്നതായി സ്കൂള്‍ ഭാരവാഹികള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോട്ട് ചെയ്തു.
ഹൈദരാബാദില്‍നിന്ന് 225 കിലോമീറ്റര്‍ അകലെയുള്ള ലക്സറ്റിപ്പെട്ട് എന്ന സ്ഥലത്ത് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. സ്കൂള്‍ യൂണിഫോം ധരിക്കുന്നതിന് പകരം ഹനുമാന് ദീക്ഷ സ്വീകരിക്കുന്നവര്‍ ധരിക്കുന്ന വേഷമിട്ട് കുറച്ച് കുട്ടികള്‍ സ്കൂളിലെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം.
യൂണിഫോം ധരിച്ചശേഷം അതിനു മുകളില്‍ ആചാരപരമായ വേഷങ്ങളിടുന്നതിനു കുഴപ്പമില്ലെന്നും അല്ലെങ്കില്‍ രക്ഷിതാക്കളെക്കൊണ്ട് പറയിക്കണമെന്നും സ്കൂള്‍ അധികൃതര്‍ കുട്ടികളോട് പറഞ്ഞതാണ് പ്രകോപനമുണ്ടാക്കിയത്.
ആചാരപരമായ വേഷം ധരിക്കാന്‍ അനുവദിക്കുന്നില്ലെന്നു പറഞ്ഞ് ഒരാള്‍ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നതോടെ വന്‍ ജനക്കൂട്ടം ജയ് ശ്രീറാം വിളിച്ചെത്തുകയായിരുന്നു. സ്കൂളിലെ മറ്റ് ജീവനക്കാര്‍ ഇടപെട്ടാണ് ആക്രമണത്തില്‍നിന്നു മാനേജറെ രക്ഷിച്ചത്.
മതപരമായ വേഷം ധരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് വൈദികര്‍ പറഞ്ഞു. കത്തോലിക്കാ വൈദികനെ ജയ്ശ്രീറാം വിളിപ്പിച്ച ഹനുമാന് സേനയുടെ നീചപ്രവൃത്തിയെ അപലപിക്കുന്നതായി എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി പ്രതികരിച്ചിരുന്നു.
പോലീസിനെ നോക്കുക്കുത്തിയാക്കിക്കൊണ്ട് കഴുത്തില്‍ നിര്‍ബന്ധിച്ച് കാവി ഷാള്‍ ധരിപ്പിക്കുകയും തിലകം ചാര്‍ത്തുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്തതായി സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.