കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ജില്ല; സെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മഹേഷ് മോഹൻ പരിശോധനയ്ക്കായി വീട്ടിൽ കൊണ്ടുപോയി എന്ന് അന്വേഷണ റിപ്പോർട്ട്. ജില്ല സെഷൻസ് കോടതി ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിലാണിതുള്ളത്.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ എന്താണെന്ന് അറിയാൻ സെഷൻസ് കോടതി ജഡ്ജിയുടെ അനുമതിയോടെയായിരുന്നു ഇതെന്നും അതിനാൽ തെറ്റില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുവെന്നും അതിജീവിതയുടെ ഹർജിയിൽ പറയുന്നു.2018 ഡിസംബർ 13-ന് രാത്രി 10.58-ന് മെമ്മറി കാർഡ് കോടതി ജീവനക്കാരൻ പരിശോധിച്ചു എന്നത് പേടിയോടെയല്ലാതെ വായിക്കാനാകില്ലെന്നും അതിജീവിത പറയുന്നു. ജഡ്ജിയുടെ അനുമതിയോടെയാണ് മെമ്മറി കാർഡ് വീട്ടിൽ കൊണ്ടുപോയതെന്ന ക്ലാർക്കിന്റെ മൊഴിയിൽ അന്നത്തെ ജഡ്ജിയോട് ചോദിച്ച് വ്യക്തത വരുത്തിയിട്ടില്ല.
മെമ്മറി കാർഡ് കൈപ്പറ്റിയ പ്രോപ്പർട്ടി ക്ലാർക്കിന്റെ മൊഴിയും എടുത്തിട്ടില്ല. ആരാണ് അതെന്നുപോലും റിപ്പോർട്ടിലില്ല. ഏത് ദിവസമാണ് താൻ മെമ്മറി കാർഡ് വീട്ടിൽ കൊണ്ടുപോയതെന്ന് ഓർമിക്കാൻ കഴിയുന്നില്ലെന്ന് മഹേഷ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
സി.ബി.ഐ. പ്രത്യേക കോടതിയുടെ പരിഗണനയിലിരിക്കെ 2021 ജൂലായ് 19 പകൽ 12.19- നു ശേഷമാണ് മെമ്മറി കാർഡ് പരിശോധിച്ചിരിക്കുന്നത്. ശിരസ്തദാർ താജുദ്ദീനായിരുന്നു ഫോണിൽ പരിശോധന നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ ഫോൺ തിരൂരിനും എറണാകുളത്തിനുമിടയിൽ ട്രെയിൻ യാത്രയ്ക്കിടെ നഷ്ടമായി എന്നാണ് താജുദ്ദീൻ മൊഴി നൽകിയിരിക്കുന്നത്.
ഫോൺ 2022 ഫെബ്രുവരിയിൽ നഷ്ടമായി എന്നാണ് പറയുന്നത്. എന്നാൽ, ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചു എന്ന വാർത്തയെ തുടർന്ന് തന്റെ ഫോൺ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കി എന്ന് താജുദ്ദീൻ മൊഴി നൽകി. എന്നാൽ, മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്ന ഫൊറൻസിക് റിപ്പോർട്ട് പുറത്തുവരുന്നതുതന്നെ 2022 ജൂലായിലോ ഓഗസ്റ്റിലൊ ആണെന്നരിക്കെ ആ വാദം തെറ്റാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
മെമ്മറി കാർഡ് അനധികൃതമായി പരിശോധിക്കാൻ ഉപയോഗിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങളൊന്നും പരിശോധിച്ചിട്ടില്ല. അന്വേഷണത്തിലെ കണ്ടെത്തൽ മുൻപ് വിദഗ്ധർ കണ്ടെത്തിയതിൽനിന്ന് ഭിന്നമാണ്.
തുടർ നടപടി സ്വീകരിക്കാനുള്ള കണ്ടെത്തലുകളൊന്നുമില്ലെന്ന റിപ്പോർട്ടിലെ പരാമർശവും തെറ്റാണെന്നും ഹർജിയിൽ പറയുന്നു. 51 പേജുള്ള ഉപഹർജിയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി മുതൽ ജില്ല സെഷൻസ് കോടതിയിൽ വരെ നടന്ന സംഭവങ്ങളും വിവരിക്കുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.