കണ്ണൂർ: കൊട്ടിയൂർ പാലുകാച്ചിയിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചതിന് പുറമേ കുടിവെള്ള പൈപ്പുകളും കാട്ടാനക്കൂട്ടം തകർത്തു. ഒരാഴ്ചയായി തുടരുന്ന കാട്ടാനശല്യം പരിഹാരിക്കാൻ വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പാട്ടത്തിനെടുത്ത സ്ഥലത്താണ് രതീഷ് വാഴക്കൃഷി തുടങ്ങിയത്. ഒക്കെയും വിളവെടുപ്പിന് പാകമായ നേന്ത്രക്കുലകൾ. കാട്ടാനക്കൂട്ടത്തിന്റെ പരാക്രമത്തിൽ ഇല്ലാതായത് ഏഴു മാസത്തെ അധ്വാനം. കഴിഞ്ഞ ദിവസം കൂട്ടത്തോടെ എത്തിയ കാട്ടാനകൾ എല്ലാം ചവിട്ടി മെതിച്ചു.
തന്‍റെ ഒരു വർഷത്തെ ജീവിതമാണ് നശിച്ചുപോയതെന്ന് രതീഷ് പറയുന്നു. അറയ്ക്കൽ സാന്റോയുടെ പറമ്പിലുമെത്തി കാട്ടാന. കൊക്കോ, കാപ്പി, കുരുമുളക് എല്ലാം നശിപ്പിച്ചെന്ന് സാന്‍റോ പറയുന്നു.
ഒരാഴ്ചയിലേറെയായി പാലുകാച്ചിയിലെ ജനവാസ മേഖലയിൽ കാട്ടാനയെത്തുന്നു. നാട്ടുകാർക്ക് വെള്ളമെത്തുന്ന കുടിവെള്ള പൈപ്പ് കൂടെ ചവിട്ടി പൊട്ടിച്ചു. വ്യാപകമായി ആക്രമണം ഉണ്ടായിട്ടും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.
കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ വന്യമൃഗശല്യം നാൾക്കുനാൾ രൂക്ഷമാവുകയാണ്. അവശേഷിക്കുന്ന വിളവുകൾ തേടി കാട്ടാന വീണ്ടും എത്തുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.