കോഴിക്കോട് : കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് നരയംകുളത്തെ തച്ചറോത്ത് അശ്വന്ത് (20) കണ്ണൂർ തോട്ടട ഗവ. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. മകന് എന്തു സംഭവിച്ചെന്നറിയണമെന്ന് അമ്മ സീമ.
മരണവുമായി ബന്ധപ്പെട്ട അന്വേഷണം രണ്ടുവർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല.മൂന്നാംവർഷ വിദ്യാർഥിയായിരുന്ന അശ്വന്തിന്റെ മൃതദേഹം കോളേജ് ഹോസ്റ്റലിൽ 2021 ഡിസംബർ ഒന്നിന് രാവിലെ കെട്ടിത്തൂങ്ങിയനിലയിൽ കാണപ്പെടുകയായിരുന്നു.വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണത്തോട് ഇതിനും സാമ്യമുണ്ടെന്ന് സീമ പറയുന്നു. അശ്വന്ത് സ്ഥിരമായി താമസിക്കുന്ന മുറിയിലായിരുന്നില്ല മൃതദേഹം കണ്ടത്.വീട്ടിലോ നാട്ടിലോ യാതൊരു പ്രശ്നവും മകനുണ്ടായിരുന്നില്ല. മരണവിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും കോളേജ് ഹോസ്റ്റലിൽ എത്തുമ്പോഴേക്കും മൃതദേഹം അഴിച്ചുകിടത്തിയിരുന്നു.
ഒന്നാംവർഷ വിദ്യാർഥികൾക്കുവേണ്ടി ഒരുക്കിയ മുറിയിലെ ഫാനിലാണ് അശ്വന്ത് കെട്ടിത്തൂങ്ങിയതായി പറയുന്നത്. ഫാനിന്റെ ലീഫിൽ കെട്ടാൻ കയറിനിന്നെന്ന് പറയുന്ന കസേരയുടെ അടിഭാഗം തകർന്നതാണ്. ഈ കസേരയിൽ കയറിനിൽക്കാൻ കഴിയില്ല. അവനെ അഴിച്ചുകിടത്തിയവർ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതിരുന്നതും ദുരൂഹത ഉയർത്തുന്നതാണ്.മരിക്കുന്ന ദിവസം പുലർച്ചെ 1.56 വരെ മകൻ വാട്‌സാപ്പിൽ ഉണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു. അവന്റെ ഫോണിലെ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഫോൺ കോടതിയിൽ ആണെന്നാണ് പോലീസ് പറയുന്നത്. രണ്ടുവർഷം ഉപയോഗിക്കാതിരുന്നതുകൊണ്ട് ഫോണിൽനിന്ന് വിവരങ്ങൾ നശിച്ചുപോകാൻ സാധ്യതയുണ്ടെന്നും അമ്മ പറയുന്നു.
അസ്വാഭാവികമരണത്തിന് എടക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും അതിഗുരുതരമായ അനാസ്ഥയും അലംഭാവവുമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. മരണംനടന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും അശ്വന്തിന്റെ ഫോൺ വീട്ടുകാരെ തിരിച്ചേൽപ്പിക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് അശ്വന്തിന്റെ അച്ഛൻ തച്ചറോത്ത് ശശി പറയുന്നു.
വാട്‌സാപ്പ് ചാറ്റുകൾ ഉൾപ്പെടെ പരിശോധിച്ചാൽ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കഴിയുമെന്നറിഞ്ഞിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹത്തിന് പരാതിയുണ്ട്.
സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് അശ്വന്തിന്റേത്. വീട് നിർമാണംപോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. അച്ഛനും അമ്മയും സഹോദരിയും അച്ഛമ്മയും അടങ്ങുന്ന കുടുംബം അശ്വന്തിലായിരുന്നു പ്രതീക്ഷയർപ്പിച്ചത്.
മകന്റെ വിയോഗം ഇവരെ മാനസികമായി തളർത്തിയിരിക്കുകയാണ്. കാര്യക്ഷമമായ അന്വേഷണം നടത്തിയാൽ അശ്വന്തിന്റെ മരണകാരണം കണ്ടെത്താൻ കഴിയുമെന്ന് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുന്നു.
ഇക്കാര്യങ്ങൾ ചേർത്തുകൊണ്ടുള്ള നിവേദനം അശ്വന്തിന്റെ അച്ഛൻ ശശി ഗവർണർക്ക് സമർപ്പിച്ചു. ഉന്നതതല അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിലഭ്യർഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.