ഒടുവിൽ കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക് '

ദുബായ്; പ്രവാസി മലയാളികൾ ഇന്ന് ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക് ഒരു ചുവടുകൂടി വച്ചു. 

കേരളത്തിലെ വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ സർവീസ് നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് കേരള സർക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു.


 ഏപ്രിൽ 22ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപായി അപേക്ഷ ഓൺലൈനായും അല്ലാതെയും സമർപ്പിച്ചിരിക്കണമെന്നാണ് അറിയിപ്പ്. വലിപ്പമുള്ളത്, സാമാന്യം വലിപ്പമുള്ളത്, ചെറുത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുള്ള കപ്പലുകൾക്കാണ് അപേക്ഷ നൽകേണ്ടത്. www.kmb.kerala.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലൗഡ് ചെയ്തെടുക്കാം. 

ഇതുസംബന്ധമായി കൂടുതൽ കാര്യങ്ങൾ അറിയാനുണ്ടെങ്കിൽ ചീഫ് എക്സി.ഒാഫിസർ, കേരള മാരിടൈം ബോർഡ്, ടിസി XX11/1666(4&5), ഒന്നാം നില, മുളമൂട്ടിൽ ബിൽഡിങ്, പൈപ്പിൻമൂട്, ശാസ്തമംഗലം, തിരുവനന്തപുരം–695010 എന്ന വിലാസത്തിലോ,  9544410029 എന്ന ഫോൺ നമ്പരിലോ അതുമല്ലെങ്കിൽ ഇ മെയിലിലോ(kmb.kerala@gmail.com) ബന്ധപ്പെടാം.

സാധാരണക്കാരായ പ്രവാസികൾക്ക് ഏറ്റവും ഗുണകരം ഗൾഫിൽ നിന്ന് കേരളത്തിലേക്കും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലേക്കുമുള്ള വിമാനക്കൂലി ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് യാഥാർഥ്യമായാൽ അത് സാധാരണക്കാരായ പ്രവാസികൾക്ക് കുറച്ചൊന്നുമല്ല സഹായകമാകുക. 

കപ്പൽ സർവീസ് സംബന്ധമായി ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ മാസങ്ങൾക്ക് മുൻപ് ലോക്സഭയിൽ അറിയിച്ചിരുന്നു. 

കഴിഞ്ഞ വർഷം നവംബറിൽ ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, നോർക്ക റൂട്സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവുയമായി നടത്തിയ വെര്‍ച്വൽ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തിയിരുന്നു.  കേരളത്തിനും ഗൾഫിനും ഇടയിൽ സർവീസ് ആരംഭിക്കുന്നതിനായി, ഉടനടി കപ്പൽ നൽകാൻ കഴിയുന്നവരും അനുയോജ്യമായ കപ്പലുകൾ കൈവശം ഉള്ളവരും ഇത്തരം സർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവർക്കുമാണ് ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കുക എന്നായിരുന്നു അറിയിച്ചത്. 

അതേസമയം, മാസങ്ങൾക്ക് മുൻപേ ഷാർജ ഇന്ത്യൻ അസോസിയേഷൻ കപ്പൽ സർവീസിനായി പ്രയത്നിച്ചുവരികയായിരുന്നു. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോടെ ഇക്കാര്യത്തിൽ പുതിയ വഴിത്തിരിവുണ്ടാവുകയും ചെയ്തു. 

എന്നാൽ, അഡ്വ.വൈ.എ.റഹീം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതോടെ ഇതേക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. 

ഇതിനിടെയാണ് കേരള മാരിടൈം ബോർഡ് അപേക്ഷ ക്ഷണിച്ചത്. നിസാർ തളങ്കര, ശ്രീപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി പ്രവാസികൾക്ക് ഏറെ പ്രയോജനകരമായ ഇക്കാര്യത്തിൽ താത്പര്യം കാണിക്കുമെന്നാണ് പ്രതീക്ഷ.

പതിനായിരം രൂപയ്ക്ക് ടിക്കറ്റ്, 200 കിലോ ലഗേജ്,വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, മൂന്നു ദിവസം കൊണ്ട് നാടുപിടിക്കാം, വൻതുക വിമാന ടിക്കറ്റിന് നൽകാനില്ലാത്ത പ്രവാസി മലയാളികൾക്ക് അക്ഷരാർഥത്തിൽ ഏറെ സന്തോഷം പകരുന്നതായിരുന്നു ഷാർജ ഇന്ത്യൻ അസോസിയേഷൻ അന്ന് പങ്കുവച്ച വിവരം. 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !