കോട്ടയം; ബിജെപി നേതാവ് പി.സി.ജോർജിനെ വീട്ടിലെത്തി സന്ദർശിച്ച് പത്തനംതിട്ടയിലെ സ്ഥാനാർഥി അനിൽ ആന്റണി.
തനിക്ക് പകരം അനിലിനെ സ്ഥാനാർഥിയാക്കിയതിൽ പി.സി.ജോർജ് പരസ്യമായി നീരസം പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു സന്ദർശനം. തിങ്കളാഴ്ച വൈകിട്ട് അഞ്ചേകാലോടെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയാണ് ജോർജിനെ അനിൽ കണ്ടത്.ഇരുവരും അൽപനേരം ചർച്ച നടത്തി. പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ വിജയം ഉറപ്പാക്കുകയാണ് കേരളത്തെ സംബന്ധിച്ച് അനിവാര്യമായ കാര്യമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പി.സി.ജോർജ് മാധ്യമങ്ങളോടു പ്രതികരിച്ചു.
ബിജെപിയുടെ മുഴുവൻ പ്രവർത്തകരും വളരെ ആത്മാർഥമായി മുന്നിലുണ്ടാകുമെന്നും ജോർജ് പറഞ്ഞു.‘‘കേരളത്തിലെ ജനങ്ങൾക്കു മുന്നിൽ അനിൽ ആന്റണിയെന്ന് പറഞ്ഞാൽ എ.കെ.ആന്റണിയുടെ മകനാണ്. അതു വലിയ അംഗീകാരമാണ്.പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർഥിയായി നിശ്ചയിച്ചത് പാർട്ടി തീരുമാനമാണ്. ഞാൻ സ്ഥാനാർഥിയാകുമെന്ന് ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. ചില വട്ടന്മാർ ഇങ്ങനെ പറഞ്ഞോണ്ട് നടന്നാൽ ഉത്തരം പറയാൻ നേരമില്ല.
യാതൊരു വിട്ടു വീഴ്ചയുമില്ലാത്ത പോരാട്ടമാണ്. നല്ല മത്സരമായിരിക്കും. കാണിച്ചു തരാം ജയിക്കുന്നത് എങ്ങനെയാണെന്ന്.’’– പി.സി.ജോർജ് മാധ്യമങ്ങളോടു പറഞ്ഞു. ബിഷപ്പുമാരടക്കം തനിക്കു തന്ന പിന്തുണയ്ക്ക് ഒരു ബ്ലോക്ക് വന്നിട്ടുണ്ടെന്നും അതു മാറ്റാനാണു ശ്രമിക്കുന്നതെന്നും ജോർജ് പറഞ്ഞു.
ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയവും തനിക്ക് തന്റെ രാഷ്ട്രീയവുമാണ്. കോട്ടയത്ത് തുഷാർ മത്സരിച്ചാൽ വിളിച്ചാൽ പോകുമെന്നും വിളിക്കാത്ത സ്ഥലത്ത് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.പത്തനംതിട്ടയിൽ പി.സി.ജോർജിന്റെ അനുഗ്രഹത്തോടെ തന്നെ വിജയിക്കുമെന്ന് അനിൽ ആന്റണി പറഞ്ഞു. ഡൽഹിയിൽനിന്ന് കൊച്ചിയിലെത്തിയ അനിൽ, മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ‘‘പി.സി.ജോർജിനെയും കുടുംബത്തെയും ചെറുപ്പം മുതൽ അറിയാം.
അദ്ദേഹം എന്റെ അകന്ന ബന്ധുവാണ്. ഷോൺ ജോർജ് തന്റെ മൂത്ത സഹോദരനെ പോലെയാണ്. ജോർജിന്റെ ബിജെപി പ്രവേശനം പാർട്ടിക്ക് ഒരുപാട് ശക്തി പകരുന്നതാണ്.
അദ്ദേഹത്തിന്റെ ഉൾപ്പെടെയുള്ള പ്രവർത്തനത്തിലൂടെയാകും കേരളത്തിൽ ബിജെപി നമ്പർ വൺ പാർട്ടിയാകുന്നത്.’’– അനിൽ ആന്റണി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.