ബെംഗളൂരു; നഗരത്തിലെ ഹോട്ടൽമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഉസ്ബെക്കിസ്ഥാൻ യുവതി കൊല്ലപ്പെടുന്നതിനു മുൻപ് മർദനമേറ്റിരുന്നുവെന്ന് പൊലീസ്.
സന്ദർശക വീസയിൽ ഡൽഹിയിലെത്തിയ സറീന ഉത്കിറോവ്ന മാർച്ച് അഞ്ചിനാണ് ബെംഗളൂരുവിൽ എത്തിയത്.കുമാര പാർക്ക് വെസ്റ്റിലെ സാങ്കെയ് റോഡിലുള്ള ജഗദീഷ് ഹോട്ടലിലാണ് മുറിയെടുത്തത്. രണ്ടാം നിലയിലായിരുന്നു മുറി. ബുധനാഴ്ച രാത്രി പത്തരയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഹോട്ടലിലെ രണ്ടു ജീവനക്കാർ ഉൾപ്പെടെയുള്ളവരെ സംശയിക്കുന്നുണ്ട്.
കൊലപാതക സമയത്ത് മുറിയിൽ ഒന്നിൽക്കൂടുതൽപ്പേർ ഉണ്ടായിരുന്നതായാണ് സംശയം. ബുധനാഴ്ച വൈകുന്നേരം വിവിധ സമയങ്ങളിലായി മൂന്നു പുരുഷന്മാർ യുവതിയുടെ മുറിയിലേക്കു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഒരാൾ രാത്രി ഏഴു മണിക്കാണ് മുറിയിൽ പ്രവേശിക്കുന്നത്.പിന്നീട് ഹോട്ടലിലെ രണ്ടു ജീവനക്കാരും കയറി. ഇതിനുപിന്നാലെ യുവതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. ഈ ഫോൺ ഇതുവരെ കണ്ടെടുക്കാനായില്ല.
മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്കു മാറ്റി. കുടുംബാംഗങ്ങൾ എത്തുന്നതുവരെയോ പോസ്റ്റ്‌മോർട്ടത്തിന് ബന്ധുക്കൾ വാക്കാൽ അനുമതി നൽകുന്നതുവരെയോ അവിടെ സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.പീഡനം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തോട് ഡോക്ടർമാരും ഫൊറൻസിക് ലാബ് വിദഗ്ധരും അതു പരിശോധിക്കുന്നേയുള്ളൂവെന്നാണ് മറുപടി നൽകിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുവതിക്കുവേണ്ടി മറ്റൊരാളാണ് മുറി ബുക്ക് ചെയ്തത്. അയാളെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കുകയാണ്. ഹോട്ടലിൽ എത്തിയശേഷം അവർ മുറിക്കു പുറത്തേക്ക് ഇറങ്ങിയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഭക്ഷണം മുറിയിലേക്കു വരുത്തുകയായിരുന്നു.
എന്നാൽ ബുധനാഴ്ച രാത്രിയിൽ ഓർഡർ ഒന്നും വന്നില്ല. ഇന്റർകോം വഴി വിളിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ല. തുടർന്ന് ജീവനക്കാർ മൊബൈലിലേക്കു വിളിച്ചു. അത് സ്വിച്ച് ഓഫ് ആയിരുന്നു. അതേത്തുടർന്നാണ് ജീവനക്കാർ മുറി പരിശോധിക്കാനെത്തിയത്.
മുറിയിൽനിന്നു ലഭിച്ച ബാഗ് ശൂന്യമായിരുന്നു. ഐഫോൺ ആണ് യുവതി ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസിന്റെ സംശയം. ഇതുൾപ്പെടെയുള്ള മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയതെന്നാണ് പൊലീസ് കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.