ഭുവനേശ്വർ: ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ ഇലക്ഷനും തയ്യാറെടുക്കുകയാണ് ഒഡിഷ. 21 ലോക്സഭ മണ്ഡലങ്ങളും 147 നിയമസഭ മണ്ഡലങ്ങളുമാണ് സംസ്ഥാനത്തുള്ളത്. ഇരു തെരഞ്ഞെടുപ്പുകളും ഒരേസമയം പൂർത്തിയാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഡിഷയില്‍ ഒരുക്കങ്ങള്‍ പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്.
നാല് ഘട്ടമായാണ് സംസ്ഥാനത്തെ വോട്ടിംഗ് പൂർത്തിയാക്കുക. ബിജെപി ലോക്സഭ സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോള്‍ ബിജെഡിയും കോണ്‍ഗ്രസും ഉടന്‍ സ്ഥാനാർഥി പ്രഖ്യാപനം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒഡിഷയിലെ ഭരണകക്ഷിയായ ബിജു ജനതാദള്‍ 2019ല്‍ 112 നിയമസഭ സീറ്റും 12 ലോക്സഭ സീറ്റും നേടിയിരുന്നു.
മൂന്നര കോടിയോളം വോട്ടർമാരും 37,809 ബൂത്തുകളുമായി ഒഡിഷ വമ്പിച്ച തെരഞ്ഞെടുപ്പ് ദിനങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മൂന്ന് കോടി 35 ലക്ഷം വോട്ടർമാരാണ് ഒഡിഷയിലെ വോട്ടർ പട്ടികയിലുള്ളത്. പൊതു തെരഞ്ഞെടുപ്പിന്‍റെ നാല്, അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളിലായാണ് ഒഡിഷയില്‍ തെരഞ്ഞെടുപ്പുകള്‍ പൂർത്തിയാകുക. ലോക്സഭ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന നിയമസഭ സീറ്റുകളില്‍ അതേദിനം തന്നെ വോട്ടിംഗ് നടക്കുന്ന രീതിയാണ് ക്രമീകരണങ്ങള്‍. നീതിപരവും സമാധാനപൂർണവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസർ യോഗം ചേർന്നു.