തൃശൂര്‍: സ്വർണ്ണ കിരീടത്തെച്ചൊല്ലിയുള്ള തൃശൂരിലെ തെരഞ്ഞെടുപ്പ് പോര് കത്തുന്നു. ലൂർദ്ദ് പള്ളിക്ക് താൻ നൽകിയ കിരീടം സോഷ്യൽ ഓഡിറ്റ് നടത്താൻ മറ്റു പാർട്ടികൾക്ക് എന്ത് അധികാരമെന്നു ചോദിച്ച സുരേഷ് ഗോപി വിജയ ശേഷം മാതാവിന് പത്തുലക്ഷം രൂപയുടെ കിരീടം നൽകുമെന്നും പ്രഖ്യാപിച്ചു.
അതിലൊരു വൈരക്കല്ലും ഉണ്ടാകും. തന്‍റെ കുടുംബത്തിന്‍റെ നേർച്ചയായിരുന്നു കിരീടമെന്നും സുരേഷ് ഗോപി പറഞ്ഞു. ജയിച്ചാൽ ജനങ്ങൾക്കൊപ്പം എന്നതാണ് തന്‍റെ വഴിപാട് എന്ന് ഇടതു സ്ഥാനാഥി വിഎസ് സുനിൽകുമാർ പറഞ്ഞു. വിശ്വാസം വിട്ട് രാഷ്ട്രീയം ചർച്ച ചെയ്യാനാണ് ടി.എൻ പ്രതാപനാവശ്യപ്പെട്ടത് .തൃശൂർ ലൂർദ്ദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിലെ ചെമ്പ് തെളിഞ്ഞെന്ന ഇടത് - കോൺഗ്രസ് ആക്ഷേപങ്ങൾക്ക് മറുപടിയുമായാണ് മണ്ഡലത്തിലെ ആദ്യ പ്രചരണ ദിനം സുരേഷ് ഗോപി തുടങ്ങിയത്. കഴിഞ്ഞ അഞ്ചുവർഷത്തെ തന്‍റെ പ്രോഗ്രസ് കാർഡ് ജനങ്ങൾ പരിശോധിക്കട്ടെയെന്നാണ് ബി ജെ പി സ്ഥാനാർഥിയായ സുരേഷ് ഗോപി വ്യക്തമാക്കിയത്. എന്നാല്‍, നേർച്ച വിവാദത്തിൽ കരുതലോടെയായിരുന്നു സി പി ഐ -കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രതികരണം.
ജയിച്ചാൽ ജനങ്ങൾക്കൊപ്പമെന്നു ഇടത് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ പറഞ്ഞപ്പോൾ ജനങ്ങൾക്കൊപ്പമാണ് തന്‍റെ ജീവിതമെന്ന് കോൺഗ്രസ് എം.പി ടി.എൻ പ്രതാപനും പറഞ്ഞു. കിരീടം നൽകുന്നത് വ്യക്തിപരമായ കാര്യമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്റെ പ്രതികരണം. ഇന്നലെ റോഡ് ഷോയോടെയാണ് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായത്.തൃശൂരിലെ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് കിരീടം സമര്‍പ്പിച്ചത് തന്‍റെ ആചാരത്തിന്‍റെ ഭാഗമാണെന്നും മാതാവത് സ്വീകരിക്കുമെന്നും ആയിരുന്നു ഇന്നലെ സുരേഷ് ഗോപി പ്രതികരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് സുരേഷ് ഗോപി കുടുംബസമേതം എത്തി തൃശൂർ ലൂർദ് പള്ളി മാതാവിന് സ്വർണകിരീടം സമർപ്പിച്ചത്. ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.
കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വർണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നേർന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വർണകിരീടം സമർപ്പിക്കാൻ എത്തിയത്. ബിജെപി നേതാക്കളും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിപ്പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.