കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ രൂക്ഷ പ്രതികരണവുമായി സംവിധായകൻ അരുൺ ഗോപി. കൊലയ്ക്ക് പിന്നിലുള്ള സകലരേയും പിടികൂടണമെന്നും ആരേയും വെറുതെ വിടരുതെന്നും അരുൺ ഗോപി പറഞ്ഞു.
കൊന്ന് കെട്ടിത്തൂക്കുക എന്നിട്ട് അത് ആത്മഹത്യാ എന്ന് കെട്ടിച്ചമയ്ക്കുക. ഇല്ലാകഥകളിൽ ആ കുഞ്ഞിനെ വീണ്ടും വ്യക്തിഹത്യ ചെയ്യുക കൂടിയാണ് അക്രമികൾ ചെയ്യുന്നതെന്നും അരുൺ ഗോപി പറഞ്ഞു. ഫേസ്ബുക്കിലാണ് അരുൺ ഗോപിയുടെ വിമർശനം.അതേസമയം, സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചുവെന്നും വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും മന്ത്രിപ്രതികരിച്ചു.
ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീൻ പറയേണ്ട ആവശ്യമില്ല. ഡീൻ ഡീനിന്റെ ചുമതല നിർവഹിക്കുകയാണ് വേണ്ടത്. അത് ചെയ്തിട്ടില്ല. സിദ്ധാര്‍ത്ഥന്റെ മരണത്തിലേക്ക് നയിച്ച മര്‍ദ്ദനമുറയുടെ പശ്ചാത്തലത്തിൽ ഹോസ്റ്റലിൽ സിസിടിവി ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.അതിനിടെ റിമാന്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചത് സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നുവെന്ന് റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു. ഫെബ്രുവരി 15 ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ത്ഥനെ, കോളേജിലേക്ക് തിരികെ വന്നില്ലെങ്കിൽ പൊലീസ് കേസാവുമെന്നും ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത്.
ഹോസ്റ്റലിലെ അലിഖിത നിയമപ്രകാരം ഒത്തുതീര്‍പ്പാക്കാമെന്നാണ് പറഞ്ഞത്. ഇതുപ്രകാരം ഫെബ്രുവരി 16 ന് രാവിലെ സിദ്ധാര്‍ത്ഥൻ തിരികെ കോളേജിലെത്തി. എന്നാൽ ഹോസ്റ്റലിൽ നിന്ന് എങ്ങോട്ടും പോകാൻ അനുവദിക്കാതെ പ്രതികൾ സിദ്ധാര്‍ത്ഥനെ തടവിൽ വെച്ചു. അന്ന് രാത്രി 9 മണി മുതലാണ് മര്‍ദ്ദനം ആരംഭിച്ചത്.ക്യാംപസിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് സിദ്ധാര്‍ത്ഥനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഹോസ്റ്റലിൽ തിരികെയെത്തിച്ചു. 21ാം നമ്പര്‍ മുറിയിൽ വച്ച് മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചു. വിവസ്ത്രനാക്കിയ ശേഷം അടിവസ്ത്രം മാത്രം ധരിപ്പിച്ച് പ്രതികൾ ബെൽറ്റ്, കേബിൾ വയര്‍ എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചു.
17 ന് പുലര്‍ച്ചെ രണ്ട് മണി വരെ മര്‍ദ്ദനം തുടര്‍ന്നു. മരണമല്ലാതെ മറ്റൊരു സാഹചര്യമില്ലാത്ത നിലയിലേക്ക് പ്രതികൾ കാര്യങ്ങൾ എത്തിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.