പൂനെ: റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറിനു മുന്നിൽ കിടന്നുറങ്ങിയ അതിഥി തൊഴിലാളികളുടെ മൂന്ന് വയസ് പ്രായമുള്ള മകനെ കാണാനില്ല, മണിക്കൂറുകൾക്കുള്ളിൽ മുംബൈ നഗരത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തി പൊലീസ്. പൂനെ റെയിൽവേസ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. മധ്യ പ്രദേശിൽ നിന്നുള്ള കുടുംബത്തിൽ നിന്നുള്ള മൂന്ന് വയസുകാരനെയാണ് തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലർച്ചെ കാണാതായത്. സോലാപൂരിലെ കുർദുവാർഡി റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്.
കുട്ടിയുടെ രക്ഷിതാക്കളും മറ്റൊരു കുടുംബവും കൂടി ഏതാനും ദിവസങ്ങൾക്ക് മുന്‍പാണ് മഹാരാഷ്ട്രയിലെ ഖൊപ്പോളിയിലെത്തിയത്. തിരികെ കുർദുവാർഡിയിലേക്ക് മടങ്ങി പോവുന്നതിനിടയിൽ സംഘത്തിലെ ഒരാൾക്ക് സുഖമില്ലാതെ വന്നതോടെ പൂനെയിലിറങ്ങിയ സംഘം ഇവിടുത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സ കഴിഞ്ഞ് തിരികെ പോവാനായി ട്രെയിൻ കാത്ത് കിടന്ന സംഘത്തിന്റെ ഇടയിൽ നിന്നാണ് 20 വയസിനോട് അടുത്ത് പ്രായം വരുന്ന യുവാവ് ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയെ കാണാതെ വന്നതോടെ രക്ഷിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് കുട്ടിയെ കൊണ്ടുപോയത് 20 വയസിന് അടുത്ത് പ്രായം വരുന്ന ആളാണെന്ന് കണ്ടെത്തിയത്. ഇയാൾ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിൻ കയറിയതായും മനസിലായതോടെ പൊലീസ് മറ്റ് സ്റ്റേഷനുകളിലേക്കും നാട്ടുകാർക്കും വിവരം നൽകുകയായിരുന്നു.
വിവിധ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യുവാവ് മുംബൈയിലേക്കാണ് പോവുന്നതെന്ന് വ്യക്തമായി. പിന്നാലെ പൊലീസ് വ്യാപകമായി നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മുംബൈ സെൻട്രൽ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.തട്ടിക്കൊണ്ട് പോയ യുവാവിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് പിടിയിലാവും മുൻപ് ഉപേക്ഷിച്ചതെന്നാണ് സൂചന. യുവാവിന് വേണ്ടിയുള്ള അന്വേഷണം മുംബൈ പൊലീസ് തുടരുകയാണ്. ശിശുക്ഷേമ സമതിയുടെ പരിശോധനയ്ക്ക് പിന്നാലെ കുഞ്ഞിനെ തിരികെ മാതാപിതാക്കളുടെ അടുത്ത് പൊലീസ് എത്തിച്ചു.
കുട്ടിയെ തട്ടിക്കൊണ്ട് പോയ ആളേക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ സമീപിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.