പാറശാല: പാറശാലയില്‍ ചെങ്കവിളയില്‍ വഴിയരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കൊല്ലങ്കോട് വള്ളവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ഹനീഫയുടെ മകന് അസീമിനെയാണ്(27) വ്യാഴാഴ്ച രാത്രി 12.45ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീര്‍(34), ഭാര്യ അടയ്ക്കാക്കുഴി മാങ്കുഴി
ചെറുകോട് വീട്ടില്‍ ജെനീഫ ആല്‍ബര്‍ട്ട് (26) എന്നിവരെയാണ് പൊഴിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.അസീമിനെ കൊലപ്പെടുത്തിയശേഷം അപകട മരണമാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് സൂചനയെന്ന് പോലീസ് പറയുന്നു. ചെങ്കവിള ഒറ്റപ്പാവിള റോഡില്‍ പനങ്കാലയ്ക്കു സമീപത്താണ് തലയ്ക്കു സാരമായി പരിക്കേറ്റ അസീമിനെ വഴിയാത്രക്കാര്‍ കണ്ടത്.
സമീപത്തെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ കടയടച്ച് പോകുന്ന വഴിയാണ് യുവാവിനെ ആദ്യം കണ്ടത്. വിവരംഅറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് അസീമിനെ ആശുപത്രിയിലെത്തിച്ചത്. പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 11ന് അസിം മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മാങ്കുഴി സ്വദേശി ജെനീഫയും കൊല്ലങ്കോടുള്ള ഇറച്ചിക്കോഴി വില്പന കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന അസീമും തമ്മില്‍ ബന്ധമുണ്ടായിരുന്നു.
വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഇതിനിടെ ഷമീര്‍ അസീമിനെ പട്ടികകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. അസീമിന്റെ ബോധം പോയതോടെ മരിച്ചെന്ന് കരുതി ജെനീഫയും ഷമീറും ചേര്‍ന്ന് സ്കൂട്ടറിന്റെ നടുക്കിരുത്തി ഇയാളെ പനങ്കാലയിലെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു.
യുവാവ് മരിച്ചതോടെ പൊഴിയൂര്‍ പോലീസ് തമിഴ്നാട് അതിര്‍ത്തിയിലുള്ള അസീമിന്റെ സുഹൃത്തുക്കളെ കണ്ടെത്തി ചോദ്യം ചെയ്തു. ഇതോടെ അസീം ജെനീഫയുടെ വീട്ടില്‍ എത്തിയിരുന്നതായി വിവരം ലഭിച്ചു. ജെനീഫയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ആദ്യം കുറ്റം നിഷേധിച്ചു.
പിന്നീട് ഇവര്‍ കുറ്റമേറ്റതായാണ് വിവരം. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷമീറിനെ പിടികൂടിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പൊഴിയൂര്‍ എസ്എച്ച്ഒ ദീപു, ഗ്രേഡ് എസ്ഐമാരായ പ്രേം, ദീപക്, എഎസ്ഐ ജയലക്ഷ്മി, സിപിഒമാരായ ഷിബു, ദിപിന്, ജിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.