കൊല്ലം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ പരോക്ഷ വിമർശനവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ.പദ്മജാ വേണുഗോപാലിന് നേരെ നടത്തിയ അധിക്ഷേപ പരാമർശത്തിന് പിന്നാലെയാണ് മന്ത്രിയുടെ വാക്കുകള്‍.
ഏതോ ഒരുത്തൻ കരുണാകരന്റെ മകളുടെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നു. ഇവനൊക്കെ പൊളിറ്റിക്കല്‍ തന്തയെന്നും ബയോളജിക്കല്‍ തന്തയുമെന്ന് രണ്ട് തന്തയുണ്ടോ.? എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ആ അമ്മയും മകളും വിളമ്പികൊടുത്തത് തിന്ന നേതാക്കന്മാർ ആരും ഇതിനെ എതിർത്തില്ലെന്നും അദ്ദേഹം വിമർശിച്ചു."ഏതോ ഒരുത്തൻ പറയുന്നു കരുണാകരന്റെ മകളുടെ പിതൃത്വത്തില്‍ സംശയമുണ്ടെന്ന്. അവൻ പറയുന്നു പൊളിറ്റിക്കല്‍ പിതാവും ബയോളിജിക്കല്‍ പിതാവുമുണ്ടെന്ന്, രണ്ട് തന്തയുണ്ടോ ഒരാള്‍ക്ക്, ഇല്ലല്ലോ ഒരു അച്ഛനല്ലേയൊള്ളൂ. ഇവനൊക്കെ പൊളിറ്റിക്കല്‍ തന്തയും ബയോളജിക്കല്‍ തന്തയുമുണ്ടോ.?
കരുണാകരൻ സാറിന്റെ മകളുടെ പിതൃത്വത്തെ സംശയിക്കുമ്പോള്‍, അവിടെ നിന്നും, ആ അമ്മയും ആ മകളും വിളമ്പികൊടുത്തത് തിന്ന നേതാക്കന്മാരാണ്, ഇപ്പോഴത്തെ കേന്ദ്രത്തിലെ വലിയ നേതാക്കന്മാരുണ്ടല്ലോ, ഇപ്പോ കേരളത്തില്‍ മത്സരിക്കാൻ വന്നിട്ടുണ്ട്. രമേശ് ചെന്നിത്തല മാത്രം ഇത് ശരിയല്ലെന്ന് പറഞ്ഞു. ബാക്കിയുള്ളവർ നന്ദികെട്ടവർ.
കരുണാകരന്റെ വീട്ടിലെത്തി പദ്മജ ചേച്ചി എന്നെ ഒന്നു കേറ്റിവിടണം എന്ന് പറഞ്ഞ് ലീഡറുടെയും പദ്മജ ചേച്ചിയുടെയും കാലുതൊട്ട് തൊഴുത ആള്‍ക്കാരുണ്ട്. ഇതെല്ലാം ഞാൻ കണ്ടിട്ടുണ്ട്. രാഷ്‌ട്രീയ ബന്ധത്തിലല്ല. അവരുമായുള്ള കുടുംബത്തോടുള്ള അടുപ്പം കൊണ്ട് അറിഞ്ഞതാണ്.തോന്നിവാസം പറഞ്ഞ് നടന്നവൻ സംസ്കാരശൂന്യനാണ്. വിവരംകെട്ടവനാണ്. എന്നാല്‍ ഇത് കേട്ടിട്ട് മിണ്ടാതിരിക്കുന്നവർ, കണ്ണൂർ നിന്നാല്‍ തോറ്റുപോകുമെന്ന് ഭയന്ന് ആലപ്പുഴയില്‍ കൊണ്ടുനിർത്തി മത്സരിപ്പിച്ച ലീഡറെ മറന്നവർ. ചില്ലറ തെമ്മാടിത്തരമല്ല പറഞ്ഞത്. എടാ നീ പറഞ്ഞത് ശരിയല്ലെന്ന് പറയാൻ ആരെങ്കിലും തയ്യാറായോ?
പണ്ട് കരുണാകരന്റെ വീട്ടിലേക്ക് മുണ്ടിനിടയില്‍ ഏത്തപ്പഴവും തിരുകികൊണ്ട് ആളുകള്‍ അകത്തേക്ക് പോകുമായിരുന്നു. എന്നീട്ട് പുറത്ത് ഐജിയും ചീഫ് സെക്രട്ടറിയുമൊക്കെ നില്‍ക്കുമ്പോള്‍, ഈ ഏത്തപ്പഴം ആരും കാണാതെ പുറത്തെടുത്ത് തൊലിച്ച് തിന്നോണ്ട് പുറത്തേക്ക് വരും.
അതായത്, അകത്ത് ചെന്ന് അടുക്കളയില്‍ നിന്ന് ഫ്രൂട്ട്സും ഏത്തപ്പഴവുമൊക്കെ എടുത്ത് തിന്നാനുള്ള സ്വാതന്ത്രൃം ഇദ്ദേഹത്തിനുണ്ടെന്ന് പുറത്തുനില്‍ക്കുന്ന പോലീസിനെയും ചീഫ് സെക്രട്ടറിയേയും കാണിക്കണം എന്നിട്ട് ഇത് പറഞ്ഞ് പലതും സാധിച്ചെടുക്കും. കോണ്‍ഗ്രസിന്റെ തനിനിറം അറിയാൻ വേണ്ടിയാണ് ഇത് പറയുന്നത്. ഈ പരട്ട പരിപാടിയൊക്കെ കാണിച്ച ആളുകള്‍, അവരാരും ഈ തെമ്മാടിത്തരത്തിനെ എതിർത്തില്ല.
അന്തസ്സുള്ള, കരുണാകരന്റെ ആത്മാവിനോട് സ്നേഹമുള്ള, കോണ്‍ഗ്രസ്സുകാരുണ്ടെങ്കില്‍ ഈ തിരഞ്ഞെടുപ്പിന് യുഡിഎഫിന് വോട്ട് ചെയ്യരുത്. കരുണാകരന്റെ ആനുകൂല്യങ്ങള്‍ പറ്റി, അദ്ദേഹത്തിന്റെ ഗ്രൂപ്പില്‍ പ്രവർത്തിച്ച്, രാഷ്‌ട്രീയത്തില്‍ ഉയർന്നു വന്നവർ, മന്ത്രിയായവർ, ആ കരുണാകരനെ കോണ്‍ഗ്രസിന്റെ പുതിയ തലമുറ വിവരക്കേട് കൊണ്ട് അധിക്ഷേപിച്ചെങ്കില്‍ മാപ്പ് പറയണം." - ഗണേഷ് കുമാർ പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസമാണ് പദ്മജാ വേണുഗോപല്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അധിക്ഷേപ പരാമർശം നടത്തിയത്. പദ്മജ ഇപ്പോള്‍ പൊളിറ്റിക്കലി തന്തയില്ലാത്ത മകളാണെന്നായിരുന്നു രാഹുലിന്റെ പരാമർശം.വലിയ പ്രതിഷേധമാണ് ഇതിന് പിന്നാലെയുണ്ടായത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളാരും രാഹുലിനെ തിരുത്താൻ തയ്യാറായില്ല. ചാനല്‍ ചർച്ചയിലൂടെ നേതാവായതാണ് ഇവരൊക്കെയെന്നും മറുപടി അർഹിക്കുന്നില്ലെന്നുമായിരുന്നു പദ്മജയുടെ മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.