മലപ്പുറം: കുടുംബശ്രീ അംഗങ്ങൾക്ക് സ്ഥിരം തൊഴിലും വരുമാനവും എന്ന നിലയിൽ ആരംഭിച്ച ന്യൂട്രി മിക്സ് യൂണിറ്റുകൾ അടച്ചു പൂട്ടാൻ ഒരുങ്ങുകയാണ്.
ജില്ലയിലെ അംഗൻവാടികളിലെ കുട്ടികൾക്കും കൗമാരപ്രായത്തിലുള്ള സ്ത്രീകൾക്കും പോഷകാഹാരം ആയി പാകം ചെയ്തു നൽകുന്നതിനുള്ള അമൃതം ന്യൂട്രിൻ പൗഡർ എന്ന പേരിൽ ഉത്പാദിപ്പിക്കുന്ന സംരംഭങ്ങളാണ് ന്യൂട്രി മിക്സ് യൂണിറ്റുകൾ.
ജില്ലയിൽ ഇത്തരം 42 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. അംഗൻവാടികളിലേക്ക് വിതരണം ചെയ്ത അമൃതം ന്യൂട്രി മിക്സ് പൗഡർ ഉൽപന്നങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയാണ് തിരിച്ചുകിട്ടാൻ ബാക്കിയുള്ളത്.മൂന്നും നാലും ലക്ഷം മുതൽ 81 ലക്ഷം രൂപ വരെ കിട്ടാൻ ബാക്കിയുള്ള ന്യൂട്രി മിക്സ് യൂണിറ്റുകൾ ജില്ലയിലുണ്ട്. 20 ലക്ഷത്തിനുംനും 25 ലക്ഷത്തിനുമിടയിൽ തുക ലഭിക്കുവാനുള്ള നിരവധി യൂണിറ്റുകളുണ്ട്.
താഴെക്കോട് പ്രവർത്തിക്കുന്ന സഞ്ജീവനി ന്യൂട്രിമിക്സ് യൂണിറ്റിന് 81 ലക്ഷം രൂപയാണ് ഈ ഇനത്തിൽ കുടിശ്ശികയായി ലഭിക്കുവാൻ ബാക്കിയുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അംഗൻവാടികൾക്കുള്ള നൂണ്‍ ഫീഡിങ് തുക വിതരണം ചെയ്യുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി വിഹിതം നൽകാത്തതാണ് ന്യൂട്രി മിക്സ് യൂണിറ്റുകൾക്ക് പണം ലഭിക്കാതിരിക്കുവാൻ കാരണം. ചെറിയ കുഞ്ഞുങ്ങൾക്ക് നൽകുന്ന ഉച്ചഭക്ഷണം അല്ലേ എന്ന പരിഗണന വച്ചുകൊണ്ടാണ് ഇത്രയും നാൾ ന്യൂട്രി മിക്സ് യൂണിറ്റുകൾ സാമ്പത്തിക ഞെരുക്കം സഹിച്ചും അമൃതം പൗഡറുകൾ വിതരണം ചെയ്തു കൊണ്ടിരുന്നത്.
ഇനി ഈ രീതിയിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് ജില്ലയിലെ കുടുംബശ്രീ ന്യൂട്രി മിക്സ് വെൽഫെയർ കമ്മിറ്റി പറയുന്നത്.
നേരത്തെ കുടുംബശ്രീ യൂണിറ്റുകൾ നടത്തിയിരുന്ന ജനകീയ ഹോട്ടലുകൾക്ക് സർക്കാർ പ്രഖ്യാപിച്ച സബ്സിഡി ഇനത്തിൽ എട്ടു കോടിയോളം രൂപ മലപ്പുറം ജില്ലയിൽ മാത്രം കുടിശ്ശിക വന്നതിനെ തുടർന്ന് മലപ്പുറത്തും തിരുവനന്തപുരത്തും ഹോട്ടൽ നടത്തിപ്പുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരങ്ങൾ സംഘടിപ്പിച്ചിരുന്നത് ശ്രദ്ധേയമായിരുന്നു.
സംസ്ഥാന സർക്കാർ കേരളീയം എന്ന പേരിൽ കോടികൾ ധൂർത്തടിച്ച് തിരുവനന്തപുരം വലിയ ആഘോഷ പരിപാടി സംഘടിപ്പിച്ചതിന്റെ പിറ്റേദിവസം, സെക്രട്ടറിയേറ്റിനു മുന്നിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള കുടുംബശ്രീ വനിതകൾ സർക്കാർ നിർദ്ദേശിച്ചത് പ്രകാരം 20 രൂപക്ക് ചോറു വിളമ്പി കൊടുത്ത വകയിൽ കിട്ടാനുള്ള തുകക്ക് വേണ്ടി ശക്തമായ സമരം സംഘടിപ്പിച്ചത് വാർത്താമാധ്യമങ്ങൾ വമ്പിച്ച പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
ഈ സംഭവം സർക്കാറിന് വലിയ നാണക്കേട് ഉണ്ടാക്കി. ഒട്ടും വൈകാതെ സർക്കാർ സബ്സിഡി കുടിശ്ശികയിലേക്ക് ഒരു വിഹിതം അനുവദിക്കുകയുണ്ടായി. അതിലും വലിയ ബാധ്യതയാണ് കുടുംബശ്രീയുടെ മറ്റൊരു സംരംഭമായ ന്യൂട്രി മിക്സ് പൗഡർ ഉത്പാദകർക്ക് ഇപ്പോൾ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്.
അവരും ഒരു ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സർക്കാരിൽ നിന്ന് കിട്ടാനുള്ള കോടിക്കണക്കിന് രൂപക്ക് വേണ്ടി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.