ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതി (മഹാത്മാഗാന്ധി നാഷ്ണൽ റൂറൽ എംപ്ലോയിമെന്റ് ഗ്യാരന്റി സ്കീം) യുടെ കൂലി വർധിപ്പിച്ചു.
എട്ട് മുതൽ 10 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഇതോടെ വിവിധ സംസ്ഥാനങ്ങളിലെ കൂലി ഏഴ് രൂപ മുതൽ 34 രൂപവരെ വർധിക്കും. 13 രൂപയുടെ വർധനവാണ് കേരളത്തിലുണ്ടാവുക.
പ്രതിദിനമുള്ള കൂലിയിൽ ഏറ്റവും കൂടുതൽ വർധനവുണ്ടായത് ഗോവയിലാണ്- 34 രൂപ. ഇതോടെ ഗോവയിലെ തൊഴിലാളികൾക്ക് 356 രൂപ വേതനമായി ലഭിക്കും. വർധനവ് ഏറ്റവും കുറവ് യു.പിയിലാണ്- ഏഴ് രൂപ.നിലവിൽ കൂലി ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്ന് യുപിയാണ്. 230 രൂപ. ഏറ്റവും കൂടുതൽ വേതനം കിട്ടുന്നത് നിലവിൽ ഹരിയാണയിലാണ്. വർധനവ് വരുന്നതോടെ ഇത് 374 രൂപയാകും. 13 രൂപ വർധിക്കുന്നതോടെ കേരളത്തിലെ കൂലി 346 രൂപയാകും.
തെലങ്കാന, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. എട്ട് മുതൽ 10.5 ശതമാനം വരെ. 17 രൂപയുടെ വർധനവുമായി ബിഹാർ തൊട്ടുപിന്നിലുണ്ട്.
പുതുക്കിയ കൂലി ഏപ്രിൽ ഒന്നുമുതൽ നിലവിൽവരും. 14.5 കോടി ജനങ്ങളാണ് രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിൽ ചെയ്യുന്നത്. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യം പരിഗണിച്ച് വ്യത്യസ്ത കൂലിയാണുള്ളത്.അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള കൂലിവർധനവ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന വിമർശനവും ഉയരുന്നുണ്ട്.
എന്നാൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് പ്രത്യേക അനുമതി വാങ്ങിയശേഷമാണ് ഗ്രാമ വികസന മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത് എന്നാണ് വിവരം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.