ന്യൂഡൽഹി: അഭ്യൂഹങ്ങൾക്കും അവസാന നിമിഷത്തെ വെട്ടിത്തിരുത്തലുകൾക്കും ഒടുവിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പുറത്ത്.
അഭ്യൂഹങ്ങൾ ശരിവച്ച്, അവസാന നിമിഷത്തെ തിരിമറിക്കൊടുവിൽ വടകരയിലെ സിറ്റിങ് എംപി കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയായി. മുരളീധരനു പകരം ഷാഫി പറമ്പിലാണ് വടകരയിൽ യുഡിഎഫ് സ്ഥാനാർഥി. കെ.സുധാകരൻ കണ്ണൂരിൽത്തന്നെ വീണ്ടും മത്സരിക്കും.
തിരുവനന്തപുരത്ത് ശശി തരൂർ ഉൾപ്പെടെ മറ്റു മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാർക്കു തന്നെ അവസരം നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതാണ് മുരളീധരനെ തൃശൂരിലേക്കു മാറ്റാൻ കാരണം.
പത്മജയുടെ ബിജെപി പ്രവേശനത്തിലൂടെ സംഭവിക്കാൻ സാധ്യതയുള്ള പരുക്കുകൾക്ക് മുരളിയുടെ വരവ് മറുമരുന്നാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
മുരളീധരൻ പോയതോടെ ഒഴിവുവന്ന വടകരയിൽ കെ.കെ. ശൈലജയെ നേരിടാൻ കരുത്തനായ സ്ഥാനാർഥി തന്നെ വേണമെന്ന ചിന്തയിലാണ് യുവനേതാക്കളിൽ പ്രധാനിയായ ഷാഫി പറമ്പിൽ എത്തുന്നത്.
ഡൽഹിയിൽ കെ.സി.വേണുഗോപാൽ എംപിയുടെ വസതിയിൽ ചേർന്ന നേതൃയോഗത്തിലാണ് സ്ഥാനാർഥി പട്ടിക അന്തിമമാക്കിയത്. യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു.
മണ്ഡലങ്ങളും സ്ഥാനാർഥികളും തിരുവനന്തപുരം – ശശി തരൂർ (സിറ്റിങ് എംപി) ആറ്റിങ്ങൽ – അടൂർ പ്രകാശ് (സിറ്റിങ് എംപി) പത്തനംതിട്ട – ആന്റോ ആന്റണി (സിറ്റിങ് എംപി) മാവേലിക്കര – കൊടിക്കുന്നിൽ സുരേഷ് (സിറ്റിങ് എംപി) ആലപ്പുഴ – കെ.സി. വേണുഗോപാൽ ഇടുക്കി – ഡീൻ കുര്യാക്കോസ് (സിറ്റിങ് എംപി)എറണാകുളം – ഹൈബി ഈഡൻ (സിറ്റിങ് എംപി) ചാലക്കുടി – ബെന്നി ബഹനാൻ (സിറ്റിങ് എംപി) തൃശൂർ – കെ.മുരളീധരൻ പാലക്കാട് – വി.കെ. ശ്രീകണ്ഠൻ (സിറ്റിങ് എംപി) ആലത്തൂർ – രമ്യ ഹരിദാസ് (സിറ്റിങ് എംപി)
വയനാട് – രാഹുൽ ഗാന്ധി (സിറ്റിങ് എംപി) കോഴിക്കോട് – എം.കെ. രാഘവൻ (സിറ്റിങ് എംപി) വടകര – ഷാഫി പറമ്പിൽ കണ്ണൂർ – കെ.സുധാകരൻ (സിറ്റിങ് എംപി) കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ (സിറ്റിങ് എംപി)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.