തിരുവനന്തപുരം: പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്.
മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്ന പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പലവട്ടം സര്‍ക്കാര്‍ ആവര്‍ത്തിച്ചിട്ടുള്ളതാണെന്നും അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി. പുറത്തെടുക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. പൗരത്വ നിയമഭേദഗതി നടപ്പാക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമം ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. നിയമപരമായും ജനങ്ങളെ അണിനിരത്തിയും നിയമത്തിനെതിരെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്രമോദി പ്രഖ്യാപിച്ച പൗരത്വഭേദഗതി നിയമം ഇന്ത്യ സഖ്യം ഭരണത്തില്‍ വരുന്നതോടെ അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.
മനുഷ്യനെ വേര്‍തിരിക്കുന്ന ഈ നിയമം നടപ്പിലാക്കാന്‍ ശരീരത്തില്‍ രക്തമുള്ള കാലത്തോളം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മതരാഷ്ട്രനിര്‍മ്മിതിയിലേക്കുള്ള ആര്‍.എസ്.എസ്- ബി.ജെ.പി. യാത്രയുടെ അടുത്ത കാല്‍വെപ്പാണ് പൗരത്വ നിയമഭേദഗതി വിജ്ഞാപനമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. പറഞ്ഞു.
മതേതരത്വം മരിച്ചാല്‍ ഇന്ത്യ മരിക്കുമെന്ന തിരിച്ചറിവില്ലാത്തവര്‍ക്ക് മാത്രമെ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയുകയുള്ളു. അതിനെ ചെറുക്കാന്‍ രാജ്യത്തോട് സ്‌നേഹമുള്ള എല്ലാവരും ഒന്നിച്ച് നീങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
ഇപ്പോള്‍ പൗരത്വനിയമം നടപ്പിലാക്കാന്‍ പോകില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. അങ്ങനെ പറഞ്ഞശേഷം തിരഞ്ഞെടുപ്പിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് നിയമംകൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്.
അതിനെ കോടതിയില്‍ ചോദ്യംചെയ്യും. ജാതിമത അടിസ്ഥാനത്തില്‍ പൗരത്വം എന്നത് ലോകം അംഗീകരിക്കാത്തതാണെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള ബി.ജെ.പിയുടെ ധ്രുവീകരണ ആയുധം മാത്രമാണെന്ന് എം.കെ രാഘവൻ എം.പി. മതത്തിന്റെ പേരിൽ പൗരത്വം നൽകുന്നത് രാജ്യത്തിന്റെ ബഹുസ്വരതക്കും പാരമ്പര്യത്തിനും കളങ്കമാണ്.
രാജ്യത്ത് ഏതാനും മാസങ്ങൾക്കകം അധികാരത്തിലെത്തുന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന 'ഇന്ത്യ' മുന്നണി ആദ്യം റദ്ദാക്കുക അനീതിയിലധിഷ്‌ഠിതമായ ഈ അപരവത്കരണ നിയമം ആയിരിക്കുമെന്നും എം.പി പറഞ്ഞു.
രാജ്യത്തെ ധ്രുവീകരിക്കാനും മുസ്‌ലിം സമുദായത്തെ മാത്രം അപരവത്കരിക്കാനും ബിജെപി നടത്തുന്ന ശ്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് രാജ്യത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.