തിരുവനന്തപുരം: സെക്യൂരിറ്റി ജോലിക്കെന്ന പേരിൽ റഷ്യയിലെത്തിച്ച് യുക്രൈനെതിരായ യുദ്ധത്തിൽ പങ്കെടുക്കാനായി സൈന്യത്തിൽ ചേർത്ത പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പനെ ഇന്ത്യൻ എംബസി ഡൽഹിയിലെത്തിച്ചു.
ഡൽഹിയിലെത്തിയ ഇദ്ദേഹത്തെ സി.ബി.ഐ. ചോദ്യംചെയ്തു. ഡേവിഡ് മുത്തപ്പൻ ചൊവ്വാഴ്ച നാട്ടിലെത്തുമെന്ന് അധികൃതർ വീട്ടുകാരെ അറിയിച്ചു.തൊഴിൽത്തട്ടിപ്പിനിരയായി റഷ്യയിലെത്തി യുദ്ധമേഖലയിൽവച്ചു പരിക്കേറ്റ് മോസ്‌കോയിൽ ഒളിവിൽക്കഴിയവേ ശനിയാഴ്ച വെളുപ്പിനാണ് താത്‌കാലിക യാത്രാരേഖകളുടെ സഹായത്തോടെ ഇന്ത്യൻ എംബസി അധികൃതർ ഡേവിഡിനെ ഡൽഹിയിലെത്തിച്ചത്.
കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ എന്നിവർ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ എംബസി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
ഇന്ത്യക്കാരെ റഷ്യയിലെത്തിച്ച് സേനയിൽ ചേർത്ത് യുദ്ധമുന്നണിയിലേക്കയച്ച സംഭവത്തിൽ അന്വേഷണം നടത്തുന്ന സി.ബി.ഐ. സംഘമാണ് ഡേവിഡിൽനിന്നു വിവരങ്ങൾ ശേഖരിച്ചത്.നവംബറിലാണ് സാമൂഹികമാധ്യത്തിലെ പരസ്യം കണ്ട് ഡേവിഡ് ഡൽഹിയിലെ ഏജന്റ് വഴി റഷ്യലെത്തിയത്.
സെക്യൂരിറ്റി ജോലിക്കെന്ന പേരിൽ റഷ്യയിലെത്തിച്ച ശേഷം ഇദ്ദേഹത്തെ റഷ്യൻ സൈനികകേന്ദ്രത്തിലെത്തിച്ച് പരിശീലനം നൽകി യുക്രൈൻ അതിർത്തിയിൽ യുദ്ധത്തിനു നിയോഗിച്ചു.
യുദ്ധത്തിനിടയിൽ ഡിസംബർ 25-ന് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്കു മാറ്റി.
ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ റഷ്യൻ സൈനികന്റെ സഹായത്തോടെ പുറത്തുകടക്കുകയും വഴിയിൽ കണ്ട ഒരു വൈദികൻ ഡേവിഡിനെ സഹായിക്കുകയുമായിരുന്നു.റഷ്യൻ യുദ്ധമുഖത്തുനിന്ന് ഡേവിഡിനെ നാട്ടിലെത്തിക്കാൻ സഹായിച്ച എല്ലാവർക്കും കുടുംബം നന്ദിയറിയിച്ചു.ഡേവിഡിന്റെ അവസ്ഥ പുറത്തറിയിച്ച മാധ്യമങ്ങൾക്കും നാട്ടിലെത്തിക്കാൻവേണ്ടി പ്രവർത്തിച്ച കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിനും വി.മുരളീധരനും പ്രത്യേകം നന്ദിയറിയിക്കുന്നതായും കുടുംബം പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.