ദില്ലി: ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി കനക്കുന്നു. മന്ത്രിസഭ യോഗത്തില്‍ നിന്ന് രണ്ട് മന്ത്രിമാർ ഇറങ്ങിപ്പോയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാനത്തേക്ക് വീണ്ടും നിരീക്ഷകരെ അയച്ചേക്കും. സർക്കാരിന്റെ പതനം ഉടനെയുണ്ടാകുമെന്ന് അയോഗ്യനാക്കപ്പെട്ട വിമത എംഎല്‍എ രാജിന്ദർ റാണ പറഞ്ഞു.
ഹിമാചല്‍പ്രദേശില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അവകാശവാദം പാഴ്വാക്കായി. ഇന്നലെ മന്ത്രിസഭ യോഗത്തിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെ രണ്ട് മന്ത്രിമാർ ഇറങ്ങിപ്പോയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്.മന്ത്രിമാരായ രോഹിത്ത് താക്കൂർ, ജഗത് നേഗി എന്നിവരാണ് മന്ത്രിസഭ യോഗത്തിനിടെ ഇറങ്ങിപ്പോയവർ.ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി ഇടപെട്ട് ഇതില്‍ രോഹിത്ത് താക്കൂറിനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. തനിക്ക് മറ്റൊരു പരിപാടി ഉണ്ടായത് കൊണ്ടാണ് മന്ത്രിസഭ യോഗത്തില്‍ നിന്ന് പോയതെന്നാണ് മന്ത്രി ജഗത് നെഗിയുടെ വിശദീകരണം.
അതിനിടെ, മുഖ്യമന്ത്രിക്കെതിരെ നേരത്തെ പടയൊരുക്കം നടത്തിയ മന്ത്രി വിക്രമാദിത്യ സിങ് ഔദ്യോഗിക പദവിയും കോണ്‍ഗ്രസ് എന്നതും ഫെയ്സ്ബുക്ക് പേജില്‍ നിന്ന് നീക്കിയത് കോണ്‍ഗ്രസിന്‍റെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.രാജ്യസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വിക്രമാദിത്യ സിങ് മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. നിരീക്ഷകരായ ഭൂപേന്ദ്ര ഹൂഡയുടെയും ഡികെ ശിവകുമാറിന്റേയും ഇടപെടലിനെ തുടർന്നാണ് വിക്രമാദിത്യ മയപ്പെട്ടത്. പ്രശ്നങ്ങള്‍ വീണ്ടും ഉടലെടുക്കുന്നതിനിടെയാണ് വിക്രമാദിത്യതയുടെ പുതിയ നീക്കം. വിക്രമാദിത്യ സിങ് ദില്ലിയില്‍ ബിജെപി നേതാക്കളെ കണ്ടെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.
മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു ബിജെപിക്കൊപ്പം പോയ വിമതരെ തിരികെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെങ്കിലും അനുനയത്തിനില്ലെന്ന നിലപാടിലാണ് എംഎല്‍എമാർ. സർക്കാർ ഉടൻ താഴെ വീഴുമെന്നും 9 എംഎല്‍എമാർ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് വിമതരുടെ അവകാശവാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.