ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം.
എബിവിപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളും ഇടതുപക്ഷം കരസ്ഥമാക്കി.പ്രസിഡന്റായി ഇടതുസ്ഥാനാര്‍ഥി ധനഞ്ജയ് വിജയിച്ചു. എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീറയെ 922 വോട്ടുകള്‍ക്കാണ് ധനഞ്ജയ് പരാജയപ്പെടുത്തിയത്. ധനഞ്ജയ്ക്ക് 2598 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഉമേഷ് ചന്ദ്രക്ക് 1676 വോട്ടാണ് ലഭിച്ചത്.
ജനറല്‍ സെക്രട്ടറിയായി പ്രിയാന്‍ഷി ആര്യ വിജയിച്ചു. 2887 വോട്ടുകളാണ് പ്രിയാന്‍ഷി ആര്യ നേടിയത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ, ബിഎപിഎസ്എ സ്ഥാനാര്‍ത്ഥിയായിട്ടാണ് ആര്യ മത്സരിച്ചത്. എബിവിപിയുടെ അര്ജുന് ആനന്ദിന് 1961 വോട്ടുകള്‍ ലഭിച്ചു.
ജോയന്റ് സെക്രട്ടറിയായി ഇടതു സ്ഥാനാര്‍ത്ഥി എം ഒ സാജിദ് വിജയിച്ചു. എബിവിപിയുടെ ഗോവിന്ദ് ദാന്‍ഗിയെയാണ് തോല്‍പ്പിച്ചത്. വൈസ് പ്രസിഡന്റായി അവിജിത് ഘോഷ് തെരഞ്ഞെടുക്കപ്പെട്ടു. സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥി എസ്എഫ്ഐ പാനലില്‍ മത്സരിച്ച തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനി ഗോപിക ബാബുവും വിജയിച്ചു.
ഇടത് വിദ്യാര്‍ത്ഥി സംഘടനകളായ ഐസ, എസ്എഫ്ഐ., എഐഎസ്എഫ്, ഡിഎസ്എഫ് എന്നിവ സഖ്യത്തിലാണ് മത്സരിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടില്‍ എബിവിപി മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് ഇടത് സ്ഥാനാര്‍ത്ഥികള്‍ ലീഡ് പിടിച്ചെടുക്കുകയായിരുന്നു. നാല് വര്‍ഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 73 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.