യുകെ: ഞാൻ വളരെ കുഞ്ഞായിരിക്കുമ്പോൾ എനിക്കറിയാവുന്നൊരു ദൈവമുണ്ടയിരുന്നു . എന്റെ ഓർമയിൽ ദൈവം ഈശോ മാതാവ് അങ്ങനെയൊന്നും ഒരു വ്യത്യാസവുമെനിക്ക് തോന്നിയിട്ടില്ല . എനിക്കെല്ലാരും ദൈവമായിരുന്നു ......
അപ്പച്ചൻ അടിക്കാൻ വന്നാൽ രക്ഷപ്പെടുത്തുന്ന , അമ്മച്ചി വഴക്കിടുമ്പോൾ എന്നെ ചിരിച്ചു കാണിക്കുന്ന ...പിള്ളേരെ കേറ്റാതെ പോകുന്ന ബസിനെ നിർത്തിക്കുന്ന ...സ്‌കൂളിലെ കണക്കുടീച്ചറെകൊണ്ട് ലീവ് എടുപ്പിക്കുന്നൊരു ദൈവം ...
കാലൊന്നു പോറിയാൽ പുള്ളിയെ അലറിവിളിക്കും ...പാറിപോകുന്ന പൂമ്പാറ്റയെ, തുമ്പിയെ ഒക്കെ കിട്ടാൻ. പുള്ളിയെ ഇടനിലക്കാരനാക്കും .
സ്റ്റേജിലെ പ്രസംഗങ്ങൾ, പാട്ടുകൾ ഡാൻസുകൾ മറന്നുപോകാതിരിക്കാൻ , ടിവി കാണാൻ വിടാൻ, പെരുന്നാളിന് കളിപ്പാട്ടം വാങ്ങിത്തരാൻ, എത്ര എത്ര കൊട്ടേഷനുകളാ പുള്ളിക്ക് കൊടുത്തിട്ടുള്ളത് ...
അന്നൊന്നും കൂട്ടുകാരി ആമിനയ്ക്കൊരു ദൈവം സിന്ധുവിനൊരു ദൈവം എനിക്കൊരു ദൈവം എന്നൊന്നും തോന്നീട്ടില്ല, ആരും പറഞ്ഞു തന്നിട്ടുമില്ല . ആമിന കൊണ്ടുവന്നിരുന്ന പത്തിരിയും സിന്ധു കൊണ്ടുവന്നിരുന്ന പ്രസാദവുമൊക്കെ ഞങ്ങൾ പകുത്തിട്ടു കഴിക്കുമായിരുന്നു ...
കൃഷ്ണനെ കാണാൻ ഞാൻ പലവട്ടം അമ്പലത്തിൽ പോയിട്ടുണ്ട് , ആമിന എവിടേം പോകണെ ഞാൻ കണ്ടിട്ടില്ലാരുന്നു എന്നാലും ആമിന എന്നും ഞങ്ങടെ വീടിനടുത്തുള്ള കുരിശുപള്ളി തൊടിയിൽ എനിക്കൊപ്പം വന്ന് പലവട്ടം മെഴുക് കത്തിച്ചു പ്രാര്ഥിച്ചിട്ടുണ്ട് ...
പിന്നെ കാലം കഴിഞ്ഞപ്പോൾ എപ്പോളോ ഞങ്ങടെ ദൈവം റിട്ടയർ ചെയ്തു ...പകരം ആരൊക്കെയോ ചാർജ്ജെടുത്തു .....
അതോടെ ആമിനയെ കുരിശുപള്ളീതൊടിയിൽ മെഴുതിരി കത്തിക്കാൻ വിടാതായി... കൃഷണനെ കാണുന്നതിൽ നിന്നും, പത്തിരിയും പ്രസാദവും കഴിക്കുന്നതിൽ നിന്നും എന്നെയും പലരും വിലക്കി, എന്തിനേറെ സിന്ധുവിനെപോലും ചില ദിവസങ്ങളിൽ അമ്പലത്തിലും ശബരിമലയിലിമൊന്നുമവർ കേറ്റതായി ....
അതോടെ ഞാനും എന്റെ കൂട്ടുകാരികളും ഞങ്ങളുടെ ബാലരമ മടക്കിയകൂടെ മൂപ്പരെയും മടക്കി മനസിന്റെ കോണിൽ ആർക്കും മനസിലാകാനാകാത്ത ആർക്കും കടന്ന് അക്രമിക്കാനാകത്ത ഒരു സ്ഥലത്തു മോടിയോടെ ഇന്നും കാത്തു സൂക്ഷിക്കുന്നു .....
ഇന്നും ഞങ്ങൾ ഞങ്ങടെ മൂപ്പരോട് ആരും കേൾക്കാതെ പോയി പറയാറുണ്ട് , ആ പഴയ സ്നേഹവും പങ്കുവെക്കലും ചേർത്തുനിർത്തലുകളെല്ലാം മാറിപോയ കാര്യം , മതത്തിന്റെ മറവിൽ നടക്കുന്ന അടിപിടികൾ , വസ്ത്രാലങ്കാര പ്രശ്നങ്ങൾ , മതാധ്യക്ഷരുടെതന്നെ പലവിധ പീഡനങ്ങൾ അങ്ങനെ അങ്ങനെ പലതും ഞങ്ങളുടെ ഭാഷയിൽ ....ഞങ്ങൾ ഡിസ്കസ് ചെയ്യാറുണ്ട് ...
ഞങ്ങടെ ഭാഷ ഇപ്പോളത്തെ മത വിശ്വാസികൾക്കറിഞ്ഞു കൂടാ ...
കാരണം പുറമെ കാണിക്കുന്ന ആർഭാടങ്ങൾക്കൊപ്പം അണിഞ്ഞൊരുങ്ങാൻ എനിക്കും ആമിനയ്ക്കും സിന്ധുവിനുമൊന്നും ഇന്നാകില്ല .... കാരണം ഞങ്ങളിന്നും ഞങ്ങളുടെ റിട്ടയർ ചെയ്ത ആ മൂപ്പരോടൊപ്പമാണ് ....പ്രഹസനങ്ങൽ ഞങ്ങൾക്കും ഞങ്ങടെ മൂപ്പർക്കും ഇഷ്ടല്ല അത്രതന്നെ ....
ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️
(യുകെ മലയാളി എഴുത്തുകാരി)
(ചില വാക്കുകൾക്ക് ജാൻ കാവിലിനോട് കടപ്പാട് )
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.