തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടി. മര്‍ദനമേറ്റ കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ആനകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരിൽ നിന്നും വിശദീകരണം തേടിയിരുന്നു.
ഒരു മാസം മുമ്പാണ് സംഭവം ഉണ്ടായത്. ഇരുവരുമാണ് സ്ഥിരമായി ഈ രണ്ട് ആനകളെയും പരിചരിക്കുന്നത്. അതിനാല്‍ തന്നെ ഇവരെ മാറ്റിനിര്‍ത്തിയാല്‍ ആനകളുടെ പരിചരണത്തെ ബാധിക്കുമെന്നാണ് അധികൃതരുടെ വാദം.മൂന്നു ദൃശ്യങ്ങള്‍ കൂട്ടിയിണക്കി ഒറ്റ ആനയെ തല്ലുന്നു എന്നപേരിലാണ് മര്‍ദനത്തിന്റെ വീഡിയോ പ്രചരിച്ചിരുന്നത്.
ശീവേലിപ്പറമ്പില്‍ കുളിപ്പിക്കുന്നതിനായി കൊണ്ടു വന്ന കൃഷ്ണ, കേശവന് കുട്ടി എന്നീ ആനകളെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൃഷ്ണ ജയലളിത നടയ്ക്കിരുത്തിയ ആനയാണ്. കുളിക്കാന്‍ കിടക്കാന്‍ കൂട്ടാക്കാത്തതിനായിരുന്നു മര്‍ദ്ദനം. കേശവന് കുട്ടിയെ തല്ലി എഴുനേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മൂന്നാമത്തെ ദൃശ്യം കാലിന് സ്വാധീനക്കുറവുള്ള ഗജേന്ദ്ര എന്ന ആന നടക്കുന്നതാണ്.
ഒരു മാസം മുമ്പത്തെ ദൃശ്യങ്ങളെന്നാണ് ആനക്കോട്ടയുടെ വിശദീകരണം. പിന്നാലെ ഗുരുവായൂര്‍ ദേവസ്വം അന്വേഷണത്തിന് നിര്‍ദ്ദേശവും നല്കി. ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷമാണിപ്പോള് നടപടിയെടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.