ഇക്കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടൊരു വിഷയമാണ് പ്രമുഖ സൈക്ലിംഗ് താരമായ അനില്‍ കദ്സൂറിന്‍റെ മരണം. ഹൃദയാഘാതം മൂലമാണ് നാല്‍പത്തിയഞ്ചുകാരനായ അനില്‍ മരിച്ചത്. ദിവസവും 100 കി.മീ വരെ സൈക്കിളോടിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചയാളാണ് അനില്‍ കദ്സൂര്‍. മാസങ്ങളോളമാണ് ഇദ്ദേഹം തുടര്‍ച്ചയായി ദിവസവും 100 കി.മീ സൈക്കിളോടിച്ചിരുന്നത്.
ഇദ്ദേഹം മരിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയിയല്‍ ചൂടൻ ചര്‍ച്ചകളുയര്‍ന്നു. അമിതമായി സൈക്കിളോടിച്ചതാകാം ഹൃദയാഘാതത്തിലേക്ക് നയിച്ചത്, അമിത വ്യായാമം ആപത്താണ്, ഇത്തരത്തില്‍ മാതൃക സൃഷ്ടിക്കുന്നത് അപകടമാണ് എന്നെല്ലാമുള്ള തരത്തില്‍ ചര്‍ച്ചകള്‍ വന്നു.
സത്യത്തില്‍ ഇങ്ങനെ തുടര്‍ച്ചയായി അധികദൂരം സൈക്കിള്‍ ചവിട്ടിയത് തന്നെയാകാമോ അനിലിനെ മരണത്തിലേക്ക് നയിച്ചത്? അല്ലെങ്കില്‍ അമിത വ്യായാമം ഹൃദയാഘാതത്തിലേക്ക് നയിക്കുമോ? ഇത്തരം ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള ഉത്തരം നല്‍കുകയാണ് ഡോ. ബിജയ്‍രാജ് രാജൻ ബാബു....
'എൻഡ്യൂറൻസ് അത്ലറ്റിക്സ് എന്ന് പറയുന്ന വിഭാഗത്തില്‍ പെടുന്ന അത്ലറ്റ്സ്, എന്നുപറഞ്ഞാല്‍ അല്‍പം ഹെവിയായതോ, ദീര്‍ഘമായതോ ആയ അത്ലറ്റിക് ആക്ടിവിറ്റി ചെയ്യുന്ന സ്പോര്‍ട്സ് പേഴ്സണ്‍സിന് സംഭവിക്കാൻ സാധ്യതയുള്ളൊരു സംഗതിയാണ് സഡണ്‍ കാര്‍ഡിയാക് ഡെത്ത് എന്ന് പറയുന്നത്. അതായത് പെട്ടെന്ന് എന്തോ കാരണം കൊണ്ട് ഹാര്‍ട്ട് അബ്നോര്‍മലായിട്ട് ഇടിക്കും, അല്ലെങ്കില്‍ സ്റ്റോപ്പ് ആകും. അത് സാധാരണഗതിയില്‍ അമ്പതിനായിരമോ - ഒരു ലക്ഷത്തിലോ ഒക്കെ ഒരാള്‍ക്ക് സംഭവിക്കാവുന്നതാണിത്....
എൻഡ്യൂറൻസ് അത്ലറ്റിക്സില്‍ പല സ്പോര്‍ട്സ് ഐറ്റവും ഉള്‍പ്പെടുന്നുണ്ട്. ദീര്‍ഘനേരം ഒരേ ആക്ടിവിറ്റി തന്നെ ചെയ്തുകൊണ്ടിരിക്കുന്ന സ്പോര്‍സ് ആണിത്. മാരത്തോണ്‍ റണ്ണിംഗ് ഒക്കെ ഉദാഹരണമായി എടുക്കാം. ഈ സ്പോര്‍ട്ടുമായി അത് ചെയ്യുന്ന വ്യക്തിയുടെ ശരീരം പൊരുത്തപ്പെട്ട് വന്നിരിക്കും. അത് നല്ല കാര്യം തന്നെ.ഇവരുടെ ഹൃദയത്തിന്‍റെ പമ്പിംഗ് എഫിഷ്യൻസി നല്ലതായിരിക്കും, എന്നുവച്ചാല്‍ സാധാരണ ഒരാളുടേതിനെക്കാളും കുറവായിരിക്കും അവരുടെ ഹാര്‍ട്ട് റെയിറ്റ്...
ഇവരില്‍ പിന്നീട് ഹാര്‍ട്ട് റെയിറ്റില്‍ എന്തെങ്കിലും അസ്വാഭാവികത വരുന്നതോ, പമ്പിംഗ് കുറയുന്നതോ, ഓക്സിജൻ ആവശ്യത്തിന് കിട്ടാതെ ഹാര്‍ട്ട് ഫെയിലിയര്‍ ആകുന്നതോ ഒന്നും ആരും പ്രതീക്ഷിക്കുന്നതല്ല. അത് നേരത്തെ പറഞ്ഞതുപോലെ അപൂര്‍വമാണ്. ഇത്രയും കാലം നന്നായി പോയതല്ലേ, അപ്പോള്‍ ഇനിയും ഒന്നുമുണ്ടാകില്ല എന്ന ധാരണയില്‍ തന്നെ അവര്‍ അവരുടെ കായികവിനോദവുമായി മുന്നോട്ടുപോകും. എന്നാല്‍ പലരിലും ഇതിനെല്ലാമുള്ള റിസ്ക് ഫാക്ടേഴ്സ് നേരത്തെ കിടപ്പുണ്ടായിരിക്കും. അതായത് ജന്മനാ തന്നെ ഹൃദയത്തിന് എന്തെങ്കിലും പ്രശ്നം, അല്ലെങ്കില്‍ പിന്നീട് ഹൃദയം ബാധിക്കപ്പെടുന്നതോ ആയ അവസ്ഥ. ഇതുള്ളവര്‍ എൻഡ്യൂറൻസ് സ്പോര്‍ട്സില്‍ മുഴുകുമ്പോള്‍ അവര്‍ക്ക് തിരിച്ചടി വരാം. അത് ഏത് പ്രായത്തിലായാലും. അതായത് വളരെ യംങ് ആയവരാണെങ്കിലും....
പക്ഷേ നാല്‍പത് വയസ് കടന്നവരൊക്കെയാണെങ്കില്‍ സ്ഥിതി മറിച്ചാണ്. നമുക്കറിയാം ഏത് സ്പോര്‍ട്സിലായാലും ക്രിക്കറ്റിലായാലും ഫുട്ബോളിലായാലും ഒക്കെ മുപ്പത്തിയഞ്ച്- നാല്‍പത് കഴിയുമ്പോള്‍ താരങ്ങള്‍ വിരമിക്കുന്നത് കണ്ടിട്ടില്ലേ, അതല്ലെങ്കില്‍ അവര്‍ അവരുടെ കളിയില്‍ തന്നെ മാറ്റ് വരുത്തുന്നത് ശ്രദ്ധിച്ചാല്‍ മനസിലാകും. ഇതൊക്കെ പ്രായത്തെ കൂടി കണക്കിലെടുത്ത് ചെയ്യുന്നതാണ്. ഇത് എന്തുകൊണ്ടാണ് എന്നുവച്ചാല്‍ നാല്‍പതൊക്കെ കഴിയുമ്പോള്‍ നമ്മുടെ ശരീരം ഒന്ന് സ്ലോ ഡൗണ്‍ ആകും. കാര്യങ്ങള്‍ക്കൊക്കെ വേഗത അല്‍പം കുറയും. യങ് ഏജില്‍ ചെയ്യുന്നത് പോലെ നമുക്ക് ചെയ്യാൻ പറ്റിക്കോളണമെന്നില്ല. ഹാര്‍ട്ട് ഹെല്‍ത്തിയാണെങ്കില്‍ കൂടി അത്രയും ലോഡ് എടുക്കാൻ പറ്റണമെന്നില്ല. അങ്ങനത്തെ സാഹചര്യങ്ങളില്‍ നെഞ്ചിടിപ്പില്‍ വ്യത്യാസം വരാം, വല്ലാതെ ഫാസ്റ്റാകാം, അല്ലെങ്കില്‍ സ്റ്റോപ്പാകാം...
ഇതില്‍ തന്നെ ചിലര്‍ക്ക് ഹാര്‍ട്ടിന്‍റെ മസിലുകള്‍ കട്ടി കൂടിയത് കൊണ്ടോ ഹാര്‍ട്ടിന്‍റെ സൈസിലെ വ്യത്യാസം കൊണ്ടോ നേരത്തെ തന്നെ പ്രവര്‍ത്തനത്തില്‍ വ്യത്യാസമുണ്ടായിരിക്കാം. ഇവര്‍പിന്നെയും ഹാര്‍ട്ടിന് ഭാരം കൊടുത്താല്‍ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കാം...
ഇങ്ങനെ കാര്‍ഡിയാക് അറസ്റ്റ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ മാത്രമല്ല, അത് കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോഴും സംഭവിക്കാം. അതായത് അതിവേഗതയില്‍ നിന്ന് പെട്ടെന്ന് വിശ്രമത്തിലേക്ക് പോകുമ്പോഴും ആ വ്യത്യാസത്തിലും സംഭവിക്കാം...
വ്യായാമം ചെയ്യുന്നത് നല്ലതുതന്നെ. പല രോഗങ്ങളുടെയും അടിത്തറ തന്നെ വ്യായാമമില്ലായ്മയാണ്. വ്യായാമം പക്ഷേ ശരിയായ രീതിയില്‍ ചെയ്യണം. സെയ്ഫ് ആയിരിക്കണം. എന്തായാലും അധികമായാല്‍ വിഷമായി മാറുമെന്ന് നമ്മള്‍ പറയാറില്ലേ, അത് വ്യായാമത്തിന്‍റെ കാര്യത്തിലും അങ്ങനെ തന്നെ. മിതമായ അളവിലേ വ്യായാമം ചെയ്യാവൂ. ഹെവിയായ വര്‍ക്കൗട്ട് ചെയ്യും മുമ്പ് കൃത്യമായി വാം അപ് ചെയ്തിരിക്കണം. ആക്ടിവ്റ്റീസ് ചെയ്തുകഴിയുമ്പോള്‍ അതിന്‍റേതായ രീതിയില്‍ വേണം കൂള്‍ ഡൗണ്‍ ചെയ്യാനായിട്ട്. അപ്പോള്‍ ഈ ചിട്ടകളെല്ലാം പഠിച്ചെടുത്തിട്ട് വേണം ഇതിലേക്കെല്ലാം കടക്കാൻ...
വ്യായാമം ചെയ്തുകഴിഞ്ഞോ, അല്ലെങ്കില്‍ ചെയ്യുമ്പോഴോ നെഞ്ചുവേദനയൊക്കെ വന്നാല്‍ അത് ഗ്യാസ് ആണ് എന്ന് പറഞ്ഞ് തള്ളിക്കളയുന്നവരുണ്ട്. അങ്ങനെ ചെയ്യരുത്. ഒരു ഫിസീഷഅയനെ കണ്ട് നമ്മുടെ ജീവിതരീതികളും മറ്റ് കാര്യങ്ങളുമൊക്കെ അവരോട് വിശദീകരിച്ച് ബേസിക് കാര്‍ഡിയാക് അസസ്മെന്‍റ് (ഹൃദയപരിശോധന) ചെയ്യാവുന്നതാണ്. അതിലെന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഒരു കാര്‍ഡിയോളജിസ്റ്റിനെ തന്നെ പോയിക്കണ്ട് ബാക്കി കാര്യങ്ങള്‍ പരിശോധിക്കാം. അത്‍ലറ്റിക് ആയ വ്യക്തികളുടെ ഹൃദയത്തിന് പ്രത്യേകതകളുണ്ട്. അത് നേരത്തേ പറഞ്ഞുവല്ലോ. ഇതുകൂടി കണരക്കിലെടുത്ത് ആണ് ഡോക്ടര്‍മാര്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുക. അതിനാല്‍ അവരോട് എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞിരിക്കണം...
പൊതുവില്‍ തന്നെ മുപ്പത്- നാല്‍പത് വയസ് കടന്നാല്‍ ഹൃദയം ചില വെല്ലുവിളികള്‍ നേരിടാനുള്ള സാധ്യത വരികയായി. ഇത് സ്വാഭാവികമാണ്. ആരിലും ഇതുണ്ടാകാം. ഇതിനെ നമുക്ക് ഒഴിവാക്കാൻ പറ്റില്ല. ഒരുദാഹരണം പറഞ്ഞാല്‍ നാല്‍പത് വയസ് കഴിഞ്ഞ ഒരാള്‍ക്ക് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഹൃദയത്തിന് ബ്ലോക്ക് ഉണ്ടാകാൻ ഇരുന്നൂറിലൊരു ചാൻസ് ഉണ്ടായിരിക്കും.
അത് നമ്മുടെ നിയന്ത്രണത്തില്‍ അല്ല. പക്ഷേ ബാക്കി ഘടകങ്ങള്‍ അതായത് പ്രമേഹം, ബിപി, കൊളസ്ട്രോള്‍, ഓവര്‍ വെയിറ്റ്, പുകവലി... ഇതൊക്കെ നമുക്ക് മാനേജ് ചെയ്യാൻ പറ്റുമല്ലോ. ഹൃദയത്തിന് പ്രശ്നം വരാൻ 25 ശതമാനം സാധ്യത ഉള്ള ഒരാളാണെങ്കില്‍ ഈ റിസ്ക് ഫാക്ടേഴ്സ് നിയന്ത്രിക്കുന്നതിലൂടെ 25 ശതനാമത്തിനെ അഞ്ച് ശതമാനത്തില്‍ താഴേക്ക് കൊണ്ടുവരാൻ പറ്റും. ഇത് പത്ത് വര്‍ഷത്തേക്കുള്ള ഒരു കരുതലാണ്. അത്രയും കാലത്തേക്കാണ് ഈ ഗ്യാരണ്ടി. കാര്‍ഡിയാക് റിസ്ക് ഒരിക്കലും സീറോ ആവാൻ സാധ്യതയില്ല. കാരണം അത് ബയോളജിയാണ്. അത് അങ്ങനെയേ വര്‍ക്ക് ചെയ്യൂ....
നമ്മള്‍ നല്ലതാണ് എന്ന് കരുതി ഒരു കാര്യം അമിതമായി ചെയ്യുമ്പോള്‍ അതിന്‍റെ ഗുണങ്ങള്‍ ഒരു വശത്തുണ്ടാകും. പക്ഷേ റിസ്കും ഉണ്ടാകും. അത് നമുക്ക് പ്രശ്നമായി വരാം. അതുകൊണ്ട് എന്ത് ആക്ടിവിറ്റി ചെയ്യുമ്പോഴും ഡൗട്ടുണ്ടെങ്കില്‍ ഡോക്ടറെ പോയി കണ്ട ശേഷം ചെയ്യുക. നാല്‍പത് കടന്നവരാണെങ്കില്‍ എൻഡൂറൻസ് ആക്ടിവിറ്റികള്‍ ചെയ്യുമ്പോള്‍ പ്രത്യേകം കരുതലെടുക്കുക....''- ഡോക്ടര്‍ പറയുന്നു.
ഡോ.ബിജയ്‍രാജ് രാജൻ ബാബു, കോഴിക്കോട് സ്റ്റാര്‍ കെയര്‍ ഹോസ്‍പിറ്റല്‍ ആന്‍റ് ഇക്രാ കമ്മ്യൂണിറ്റി ക്ലിനിക്കില്‍ (പാലാഴി) സീനിയര്‍ കണ്‍സള്‍ട്ടന്‍റ് (ഫാമിലി മെഡിസിൻ) ആണ്. 'അക്കാഡമി ഓഫ് ഫാമിലി ഫിസീഷ്യൻസ് ഓഫ് ഇന്ത്യ- കേരള ചാപ്റ്റര്‍' ഫൗണ്ടറും പ്രസിഡന്‍റും കൂടിയാണ് ഡോ. ബിജയ്‍രാജ് രാജൻബാബു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.