കോഴിക്കോട്: സർക്കാർ ഓഫീസുകളിലെ ചുവപ്പ് നാടകളേക്കുറിച്ച് നിരന്തരം പരാതിപ്പെടുന്ന ആളുകൾക്ക് പോലും സുരേഷ് കുമാറിന്റെ ചുമതലയിലുള്ള വില്ലേജ് ഓഫീസിലെത്തുമ്പോൾ ആശ്വാസമാണ്. കാരണമെന്താണെന്നല്ലേ പരമാവധി വേഗത്തിലാണ് ആളുകളുടെ അപേക്ഷകൾ ഈ ഉദ്യോഗസ്ഥൻ തീർപ്പാക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത മനോഭാവം കൊണ്ട് നാട്ടുകാരില്‍ ഈ വിശ്വാസം ഉറപ്പിച്ചെടുത്തതിനുള്ള അംഗീകാരമായാണ് രാമനാട്ടുകര വില്ലേജ് ഓഫീസര്‍ സി.കെ സുരേഷ് കുമാറിനെ തേടി ഒടുവില്‍ സംസ്ഥാന സർക്കാരിന്റെ അവാർഡ് എത്തുന്നത്. മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡാണ് ഈ ഉദ്യോഗസ്ഥനെ തേടിയെത്തിയത്.
ഏഴ് വര്‍ഷം മുന്‍പ് വില്ലേജ് ഓഫീസറായി ചുമതലയേറ്റ സുരേഷ് കുമാര്‍ കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, ചെറുവണ്ണൂര്‍, രാമനാട്ടുകര എന്നിവിടങ്ങളിലും പാലക്കാട് ജില്ലയിലെ അഗളിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പാണ് രാമനാട്ടുകരയില്‍ ചുമതലയേറ്റത്. 2018ല്‍ കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ വില്ലേജ് ഓഫീസറായി അദ്ദേഹം ഇവിടെയുണ്ടായിരുന്നു.
ഒരാള്‍ മരിക്കുകയും പത്തോളം വീടുകള്‍ ഒലിച്ചുപോകുകയും ചെയ്ത ആ ദുരന്തത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ തുടങ്ങി ഇരകളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിലും ധനസഹായം ലഭ്യമാക്കുന്നതിലും ഉള്‍പ്പെടെ കാലതാമസമില്ലാത്ത നടപടികള്‍ സ്വീകരിച്ചു. 2019ല്‍ ചെറുവണ്ണൂര്‍ വില്ലേജില്‍ ചുമതലയിലിരിക്കേ അന്നുണ്ടായ പ്രളയത്തിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ജനകീയമായിരുന്നു.
വില്ലേജ് ഓഫീസ് പരിധിയിലെ ആറായിരത്തോളം വീടുകളിലാണ് അന്ന് വെള്ളം കയറിയത്. ഈ കുടുംബങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 10000 രൂപ ലഭ്യമാക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ പരമാവധി വേഗം തീര്‍പ്പാക്കുന്നതിലും മികവു പുലര്‍ത്തുന്ന ഈ ഉദ്യോഗസ്ഥന് റവന്യൂ വരുമാനം കൃത്യമായി ശേഖരിക്കുന്നതിലും മികവ് പുലര്‍ത്തിയിട്ടുണ്ട്.
കോഴിക്കോട് കടലുണ്ടി കോട്ടക്കുന്ന സ്വദേശിയാണ് സുരേഷ് കുമാര്‍. ഭാര്യ ഷിനി, കോഴിക്കോട് താലൂക്ക് ഓഫീസിലെ ക്ലാര്‍ക്കാണ്. ആദിത്യ, അഭിനവ് എന്നിവര്‍ മക്കളാണ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജനില്‍ നിന്നും ഇദ്ദേഹം പുരസ്കാരം സ്വീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.