കൊച്ചി: സി.പി.എമ്മിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിപ്പട്ടികയിലെ അപ്രതീക്ഷിത പേരായി കെ.ജെ. ഷൈൻ. എറണാകുളം മണ്ഡലത്തില്‍ കെ.ജെ.ഷൈൻ സി.പി.എം. സ്ഥാനാർഥിയായി മത്സരിച്ചേക്കും.
ജില്ലയ്ക്ക് പുറത്ത് സുപരിചിതയല്ലെങ്കിലും വടക്കൻ പറവൂരിലെ രാഷ്ട്രീയരംഗത്തും സാംസ്കാരിക രംഗത്തും സജീവമാണ് കെ.ജെ.ഷൈൻ എന്ന ഷൈൻ ടീച്ചർ.സ്ഥാനാർഥി ചർച്ചയുടെ തുടക്കം മുതലേ ടീച്ചറുടെ പേര് ജില്ലാ നേതൃത്വത്തിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. സ്ഥാനാർഥിപ്പട്ടിക പാർട്ടി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി 27-ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
ലോക്സഭാ സ്ഥാനാർത്ഥിപ്പട്ടികയിലെ രണ്ടു വനിതാ സ്ഥാനാർഥികളിലൊരാള്‍ എറണാകുളത്തുനിന്നാകാമെന്ന തീരുമാനം ഉണ്ടായപ്പോഴേ ഷൈൻ ടീച്ചറുടെ പേര് പരിഗണനയിലെത്തിയിരുന്നു.
സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന മറ്റൊരാള്‍ കെ.വി.തോമസിന്റെ മകള്‍ രേഖ തോമസായിരുന്നു. എന്നാല്‍, പാർട്ടിയ്ക്കകത്തുനിന്നു തന്നെയുള്ള ആളെന്ന നിലയില്‍ അവസാന നറുക്ക് കെ.ജെ.ഷൈന് വീഴുകയായിരുന്നെന്നാണ് പാർട്ടിവൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന.
കേരള കാത്തലിക് യൂത്ത് മൂവ്മെന്റില്‍ ഉള്‍പ്പെടെ പ്രവർത്തിച്ചിട്ടുള്ള ഷൈൻ ടീച്ചറുടെ സ്ഥാനാർഥിത്വം മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ ഉപയോഗപ്പെടുത്താനും ഗുണംചെയ്യുമെന്ന വിലയിരുത്തലുമുണ്ടായി.
'ന്യൂനപക്ഷം ഭൂരിപക്ഷമായ ജില്ലയില്‍, അവരില്‍നിന്നുള്ള ഒരാള്‍ തന്നെയാവട്ടെ സ്ഥാനാർഥിയെന്ന് തീരുമാനിച്ചു' എന്നായിരുന്നു ഒരു നേതാവിന്റെ പ്രതികരണം.
കഴിഞ്ഞ മൂന്ന് ടേമായി വടക്കൻ പറവൂർ നഗരസഭാംഗമാണ് കെ.ജെ. ഷൈൻ. നിലവില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ ആണ്.തിരഞ്ഞെടുപ്പിലും നഗരസഭാംഗമെന്ന നിലയിലുമുള്ള മികവാണ് പാർട്ടി നേതൃതത്വത്തിന് ടീച്ചറില്‍ ആത്മവിശ്വാസമുണ്ടാക്കിയത്. യു.ഡി.എഫിന് മേല്‍ക്കയ്യുള്ള മേഖലകളില്‍ നിന്നാണ് ടീച്ചർ മൂന്നു തവണയും ജയിച്ചതെന്ന് പ്രാദേശിക നേതാക്കളും ചൂണ്ടിക്കാട്ടുന്നു.
പറവൂർ ഡി.ആർ.സിയിലാണ് ഷൈൻ ഇപ്പോള്‍ ജോലി ചെയ്യുന്നത്. അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പറവൂരിലെ ഇ.എം.എസ്. സാംസ്കാരിക പഠന കേന്ദ്രം ഉള്‍പ്പെടെയുള്ള വേദികളിലും നിറസാന്നിധ്യമാണ് മികച്ച പ്രാസംഗിക കൂടിയായ ഷൈൻ ടീച്ചർ.ചേന്ദമംഗലം പോണത്ത് ജോസഫ്-മേരി ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ്. ഭർത്താവ് ഡൈന്യൂസ് തോമസ്, പഞ്ചായത്ത് സൂപ്രണ്ടായി വിരമിച്ചയാളാണ്. ബാങ്ക് ഉദ്യോഗസ്ഥനായ ആരോമല്‍, ചൈനയില്‍ ഹൗസ് സർജൻസി ചെയ്യുന്ന അലൻ, ബിരുദ വിദ്യാർഥിനിയായ ആമി എന്നിവരാണ് മക്കള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.