തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്ക് എതിരെ കർണാകടയിലെ കോണ്‍ഗ്രസ് സർക്കാരും ഡല്‍ഹിയില്‍ സമരത്തിനിറങ്ങുന്നത് ചൂണ്ടികാണിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എതിരെ വിമർശനവുമായി മന്ത്രി എം ബി രാജേഷ്.ഇപ്പോഴെങ്ങനെയുണ്ട് കോണ്‍ഗ്രസെ? ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലായോയെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് ഫേസ് ബുക്ക് കുറിപ്പില്‍ ചോദിച്ചു.
കേന്ദ്ര അവഗണനക്കെതിരെ കർണാകടയിലെ കോണ്‍ഗ്രസ് സർക്കാരും ഡല്‍ഹിയില്‍ സമരത്തിനിറങ്ങുന്നത് ചൂണ്ടികാണിച്ചാണ് മന്ത്രി ഇക്കാര്യം കേരളത്തിലെ കോണ്‍ഗ്രസുകാരോട് ചോദിച്ചത്.
കേന്ദ്ര അവഗണനക്കെതിരെ കേരളം ഡല്‍ഹിയില്‍ പോയി സമരം നടത്തുന്നത് എന്തിനാണെന്നാണ് ഇവിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനനടക്കമുള്ളവർ ചോദിച്ചിരുന്നത്.സംസ്ഥാന സർക്കാരിന്റെ സമരം നാടകമാണ് എന്നും ആക്ഷേപിച്ചു. ഇപ്പോള്‍ കർണാടകയുടെ സമരത്തെക്കുറിച്ച് പ്രതിപക്ഷ നേതാവിനും കൂട്ടർക്കും എന്ത് പറയാനുണ്ട്? മന്ത്രി എഫ് ബി പോസ്റ്റില്‍ ചോദിച്ചു.
എം ബി രാജേഷിന്റെ പോസ്റ്റ്
ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്നത് എന്തിനാണ് എന്നാണ് കേരളത്തിലെ പ്രതിപക്ഷനേതാവും കൂട്ടരും ചോദിച്ചുകൊണ്ടേ ഇരിക്കുന്നത്. കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷം ആവർത്തിച്ച് ഉയർത്തിയ ചോദ്യമായിരുന്നു ഇത്. മറുപടി കർണാടകയില്‍ നിന്ന് വന്നിട്ടുണ്ട്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും എംഎല്‍സിമാരും, കേരളം ചെയ്യുന്നത് പോലെ തന്നെ, ഏഴാം തീയതി ഡല്‍ഹിയില്‍ സമരം നടത്തുകയാണ്. വിഷയവും നാം ഉന്നയിക്കുന്നത് തന്നെ.
കേന്ദ്രത്തിന്റെ വിവേചനവും പ്രതികാര മനോഭാവവും. മാത്രമല്ല കർണ്ണാടകയിലെ പ്രതിപക്ഷത്തോട് സമരത്തില്‍ പങ്കെടുക്കാൻ അഭ്യർത്ഥിച്ചതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രസ്താവിച്ചിട്ടുമുണ്ട്.
ഇപ്പോഴെങ്ങനെയുണ്ട് കോണ്‍ഗ്രസെ? കേരളം ഡല്‍ഹിയില്‍ സമരം ചെയ്താല്‍ അത് നാടകം, കർണാടക അതുതന്നെ ചെയ്താലോ? ഡല്‍ഹിയിലെ സമരം തീരുമാനിക്കുന്നതിന് മുൻപ് കേരള സർക്കാർ ചെയ്തത് പ്രതിപക്ഷത്തോടു ആലോചിക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രതിപക്ഷനേതാവും ഉപനേതാവുമായി ചർച്ച നടത്തി അവർക്ക് കൂടി സൗകര്യമുള്ള തീയതിയില്‍ സമരം ചെയ്യാമെന്ന് അറിയിച്ചു.ആലോചിച്ച് അറിയിക്കാമെന്ന് പറഞ്ഞുപോയ ആളുകള്‍ ആലോചിച്ചുറപ്പിച്ചത് കേന്ദ്രത്തിനെതിരെ സമരം ചെയ്യാനില്ല എന്നാണ്. മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ സമരം നാടകമാണ് എന്നും ആക്ഷേപിച്ചു. ഇപ്പോള്‍ കർണാടകയുടെ സമരത്തെക്കുറിച്ച് പ്രതിപക്ഷ നേതാവിനും കൂട്ടർക്കും എന്ത് പറയാനുണ്ട്?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.