തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി തുടങ്ങിയതിന് പിന്നാലെ ഇതിന് മികച്ച പ്രതികരണം. ഇതുകൊണ്ട് തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരു ദിവസം 3,29,831 രൂപ 03 പൈസയോളം ലഭിക്കാൻ കഴിയുന്നുവെന്നാണ് കണക്കുകള്‍ നൽകുന്ന സൂചന. ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം ഒരു ദിവസത്തെ ലാഭം 2,85,837 രൂപ 43 പൈസയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
വകുപ്പ് മന്ത്രിയായി കെബി ഗണേഷ് കുമാർ ചുമതല ഏറ്റെടുത്ത ശേഷമാണ് ഈ മാറ്റങ്ങൾ നിലവിൽ വരുത്തിയത്. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ അഞ്ചു ക്ലസ്‌റ്ററുകളിലായുള്ള 20 യൂണിറ്റുകളിലെ യൂണിറ്റ് ഓഫീസർമാരുമായും കെഎസ്ആർടിസി മാനേജിംഗ് ഡയറക്‌ടർ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഓപ്പറേഷൻസ് എന്നിവരുമായും നടത്തിയ യോഗങ്ങളിലാണ് റൂട്ട് റാഷണലൈസേഷൻ എന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. ഇതിന് പിന്നാലെ ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെ അതിവേഗം ഷെഡ്യൂളുകൾ പുനക്രമീകരിച്ച് റൂട്ട് റാഷണലൈസേഷൻ വിജയകരമായി നടപ്പിലാക്കുകകയായിരുന്നു.തിരുവനന്തപുരത്തെ 20 കെഎസ്ആർടിസി ഡിപ്പോകളിൽ റൂട്ട് റാഷണലൈസേഷന്റെ ഭാഗമായി ഡെഡ് കിലോമീറ്റർ ഒഴിവാക്കി ഷെഡ്യൂൾ പുനക്രമീകരിച്ച് പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കാൻ കോർപറേഷന് സാധിച്ചു. 2,85,837 രൂപ 43 പൈസ എന്നത് ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിനുള്ള ലാഭം മാത്രമാണ്.
10998.40 കിലോമീറ്ററോളമാണ് തിരുവനന്തപുരത്ത് മാത്രം ഡെഡ് കിലോമീറ്റർ ആയി പരിശോധനയിൽ കണ്ടെത്തിയത്. ഇത്രയും ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ 2903.50 ലിറ്റർ ഡീസൽ തിരുവനന്തപുരം ജില്ലയിൽ മാത്രം കെഎസ്ആര്‍ടിസിക്ക് ലാഭിക്കാൻ സാധിക്കുന്നുണ്ട്.
ഇതിന് പുറമെ ഒരു കിലോമീറ്ററിന് 4 രൂപ സ്പെയർപാർട്‌സിനായി ചെലവാകുന്നുണ്ട്. അതിലൂടെ കണക്കാക്കുന്ന ലാഭം 43,993.60 രൂപയോളമാണ്. ഇതോടെ ആകെ പ്രതിദിന ലാഭം 3,29,831.03 രൂപ വരും. ഈ തുക ഒരു മാസത്തേക്ക് (30 ദിവസം കണക്കാക്കിയാൽ) 98,94,930.90 രൂപയാണ് കിട്ടുക.
ഈ രീതിയിൽ ഡെഡ് കിലോമീറ്റർ ഒഴിവാക്കിയപ്പോഴും ഒരു ബസ് മാത്രം പ്രവർത്തിക്കുന്ന റൂട്ടുകളിലും മലയോര, ആദിവാസി, തോട്ടംതൊഴിലാളി, തീരദേശ, കോളനി മേഖലകളിലേക്കും ഓപ്പറേറ്റ് ചെയ്‌തുവരുന്ന ഒരു സർവീസുപോലും റദ്ദാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇതേ രീതിയിൽ മറ്റ് ജില്ലകളിലും റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. ഇതിലൂടെ വലിയ തുക ലാഭിക്കാം എന്നതാണ് കണക്കുകൂട്ടൽ.
നേരത്തെ മന്ത്രിയായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ കെഎസ്ആർടിസിയെ അപകടാവസ്ഥയിൽ നിന്ന് കരകയറ്റുമെന്ന് ഗണേഷ് കുമാർ അറിയിച്ചിരുന്നു.കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍ നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. ഇത് പാലിച്ചുകൊണ്ടാണ് കൂടുതൽ പരിഷ്‌കാരങ്ങൾ വകുപ്പിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ കെബി ഗണേഷ് കുമാർ ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.