ഗുജറാത്ത്: ഗുരുതരമായി പരിക്കേറ്റതും ഭീഷണി നേരിടുന്നതായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവ ലക്ഷ്യം വച്ചുള്ള അനന്ത് അംബാനിയുടെ സ്വപ്ന പദ്ധതിയാണ് 'വനതാര'.
ഇന്നലെയായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് റിലയന്‍സ് ഫൗണ്ടേഷന്‍ തങ്ങളുടെ സംരംഭത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഗുജറാത്തിലെ ജാംനഗറിലുള്ള റിലയന്‍സിന്റെ റിഫൈനറി കോംപ്ലക്‌സിനുള്ളില്‍ 3000 ഏക്കറിലാണ് ഈ മൃഗ പരിപാലന കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്. റിലയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ അനന്ത് അംബാനിയുടെ ആശയമാണിത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വനതാര പദ്ധതിയിലൂടെ 200ലധികം ആനകളെയും ആയിരക്കണക്കിന് മൃഗങ്ങളെയും പക്ഷികളെയും അപകടകരമായ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. കൂടാതെ കാണ്ടാമൃഗം, പുള്ളിപ്പുലി, മുതല എന്നിവയുടെ പുനരധിവാസത്തിനും ഈ പദ്ധതി മുൻകൈയെടുത്തു. മൃഗങ്ങള്‍ക്ക് അത്യാധുനിക ഷെല്‍ട്ടർ സൗകര്യങ്ങളോടെ ശാസ്ത്രീയമായ രീതിയിലാണ് ഇവിടം രൂപകല്പന ചെയ്തിരിക്കുന്നത്.കൂടാതെ മൃഗങ്ങള്‍ക്കായുള്ള കുളങ്ങള്‍, ജലാശയങ്ങള്‍, ആനകളിലെ സന്ധിവാതം ചികിത്സിക്കുന്നതിനുള്ള വലിയ ജക്കൂസി എന്നിവയും മൃഗങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സർക്കസ്സുകളിലും മൃഗശാലകളിലുമായി ഉണ്ടായിരുന്ന വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ പരിപാലിക്കുന്നതിനായി 650 ഏക്കറില്‍ ഒരു റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെൻ്ററും ഇതിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 2100 ലധികം ജീവനക്കാരും ഈ മൃഗങ്ങളെ പരിപാലിക്കാനായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
രാജ്യത്തെമ്പാടുമുള്ള റോഡപകടങ്ങളിലോ മറ്റുമായി പരിക്കേറ്റ 200 ഓളം പുള്ളിപ്പുലികളെയും ഇതിലൂടെ രക്ഷപ്പെടുത്തി. തമിഴ്‌നാട്ടിലെ ഒരു കേന്ദ്രത്തില്‍ നിന്ന് 1,000 മുതലകളെ രക്ഷപ്പെടുത്തി പുനരുധിവസിപ്പിച്ചിട്ടുണ്ട്.
ആഫ്രിക്കയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമായി ദുരവസ്ഥയില്‍ കണ്ടെത്തിയ മൃഗങ്ങളെയും ഇവിടെ എത്തിച്ചിട്ടുണ്ട്. അതേസമയം വെനിസ്വേലൻ നാഷണല്‍ ഫൗണ്ടേഷൻ ഓഫ് സൂസ് പോലെയുള്ള അന്താരാഷ്‌ട്ര സംഘടനകളുമായും വനതാര സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ഇതിനുപുറമേ സ്മിത്‌സോണിയൻ, വേള്‍ഡ് അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയംസ് പോലുള്ള ലോകമെമ്പാടുമുള്ള പ്രശസ്തമായ സംഘടനകളുമായും വനതാര ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.രാജ്യത്താകട്ടെ നാഷണല്‍ സുവോളജിക്കല്‍ പാർക്ക്, അസം സംസ്ഥാന മൃഗശാല, നാഗാലാൻഡ് സുവോളജിക്കല്‍ പാർക്ക്, സർദാർ പട്ടേല്‍ സുവോളജിക്കല്‍ പാർക്ക് തുടങ്ങിയവയുമായും സഹകരിക്കുന്നുണ്ട്.
കൂടാതെ യുവാക്കളിലും കുട്ടികളിലുമായി മൃഗ സംരക്ഷണത്തെയും അതിന്റെ എല്ലാ വശങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള അടുത്ത സഹകരണവും വനതാര സംരംഭം വിഭാവനം ചെയ്തിട്ടുണ്ട്.
മൃഗങ്ങള്‍ക്കായി അത്യാധുനിക ആരോഗ്യ സംരക്ഷണം, ആശുപത്രികള്‍, ഗവേഷണം, അക്കാദമിക് കേന്ദ്രങ്ങള്‍ എന്നിവ ഒരുക്കുന്നതിനും വനതാര പ്രാധാന്യം നല്‍കുന്നു.
അതോടൊപ്പം ഇൻ്റർനാഷണല്‍ യൂണിയൻ ഫോർ കണ്‍സർവേഷൻ ഓഫ് നേച്ചർ (IUCN), വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ (WWF) തുടങ്ങിയ പ്രശസ്ത അന്താരാഷ്ട്ര സർവ്വകലാശാലകളുമായും സംഘടനകളുമായും വിപുലമായ ഗവേഷണവും സഹകരണവും സംയോജിപ്പിക്കുന്നതിനും വനതാര ലക്ഷ്യമിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.