മലയാളം ഫോണ്ടുകളുടെ പിതാവ് ഓർമ്മയായി. ഇന്നും ഒരു മലയാളിക്കും അറിയാത്ത ആ സത്യം. മലയാളം കമ്പ്യൂട്ടർ ഫോണ്ടുകളുടെ പിതാവ് ഒരു വൈദികനായിരുന്നു എന്ന ആ സത്യം.
90കളുടെ പകുതിയോടുകൂടി രൂപംകൊണ്ട വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ലോകത്തുണ്ടാക്കിയ വിവരസാങ്കേതികവിദ്യ വിപ്ലവത്തിലേക്ക് മലയാള ഭാഷയെ കൈപിടിച്ച് കയറ്റിയ മലയാളം കമ്പ്യൂട്ടർ അക്ഷരങ്ങളുടെ പിതാവ് ഫാദർ ജോർജ്ജ് പ്ലാശ്ശേരി CMI ദിവംഗതനായി.
90കളുടെ അവസാനത്തോടുകൂടി രൂപം നൽകിയ പ്ലാശ്ശേരി ഫോണ്ട് എന്ന ഡിജിറ്റൽ അക്ഷര സഞ്ചയമാണ് അദ്ദേഹത്തെ ഈ വിശേഷണത്തിന് അർഹനാക്കിയത്.
ഇന്നും ഒരു ക്രൈസ്തവർക്കും അറിയില്ല തങ്ങൾ ഇന്ന് ഉപയോഗിക്കുന്ന മലയാളം ഫോണ്ടുകളുടെ മുന്ഗാമിയെ 90 കാലഘട്ടത്തിൽ തന്നെ വികസിപ്പിച്ചത് ഒരു സിഎംഐ വൈദികൻ ആയിരുന്നു എന്ന് . അതുകൊണ്ടു തന്നെ ആണ് പ്ലാശേരി അച്ചനെ മലയാളം ഫോണ്ടുകളുടെ പിതാവ് എന്ന് പറയുന്നത് . തന്റെ സംഭാവന ഞാൻ ചെയ്തത് ആണ് എന്ന് പറഞ്ഞു പൊക്കി പിടിച്ചുകൊണ്ടു നടക്കാതെ ഇരുന്നത് കൊണ്ടാണ് ഇന്നുവരെ നമ്മൾ ഇത് അറിയാതെ പോയത് .
തൃശൂർ പ്ലാശേരി മലയാളം പിറവിയെടുത്തത് "അ" എന്ന അക്ഷരത്തിലല്ല, "റ" എന്ന അക്ഷരത്തിലാണ്. കാരണമുണ്ട്, പ്ലാശേരി മലയാളത്തിന്റെ ജനനം കേരളത്തിലല്ല അമേരിക്കയിൽ.പ്ലാശേരി മലയാളമെന്നാൽ ഒരു ഫോണ്ടാണ്. "മലയാളം ഫോണ്ട്"- കംപ്യൂട്ടറിലെ മലയാളം ലിപി എന്നർഥം. കംപ്യൂട്ടറിൽ ഇംഗ്ലിഷിൽ രേഖപ്പെടുത്തിയിരിക്കുന്ന അക്ഷരത്തിൽ ടൈപ്പ് ചെയ്യുമ്പോൾ മലയാളം അക്ഷരങ്ങൾ കിട്ടുന്ന സംവിധാനത്തിൽ ഒരുപക്ഷേ ആദ്യം രൂപപ്പെട്ട ലിപി പ്ലാശേരി ഫോണ്ടാണ്. അതിന്റെ ഉപജ്ഞാതാവോ എൽത്തുരുത്ത് സിഎംഐ ആശ്രമത്തിൽ കഴിയുന്ന ഫാ. ജോർജ് പ്ലാശേരി. 1988ൽ കംപ്യൂട്ടർ പഠിക്കാൻ സഭ ഫാ. പ്ലാശേരിയെ അമേരിക്കയ്ക്ക് അയയ്ക്കുന്നു. പോകുമ്പോൾ അദ്ദേഹം അതുവരെ കംപ്യൂട്ടർ കണ്ടിട്ടുപോലുമില്ല. ഒരു ഇംഗ്ലിഷ് മാഗസിനിൽ കണ്ട പടം മാത്രമുണ്ട് മനസിൽ. അമേരിക്കയിൽ കംപ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നപ്പോൾ കണ്ടത് അദ്ഭുത ലോകം. കുട്ടികൾ വരെ കംപ്യൂട്ടറിൽ അതിവേഗം കാര്യങ്ങൾ ചെയ്യുന്നു. ഉള്ളിൽ മലയാളത്തോടു സ്നേഹമുണ്ടായിരുന്നതിനാൽ കംപ്യൂട്ടർ ഭാഷയെ ഇംഗ്ലിഷിൽ കണ്ടപ്പോൾ വിഷമം തോന്നി.
ഒരു പടം ഫ്ളോപ്പിയിൽ കോപ്പി ചെയ്തു വാങ്ങി തുറന്നു നോക്കിയപ്പോൾ അതിനൊപ്പം ഒരു ഫയൽ. തുറന്നു നോക്കിയപ്പോൾ ഇംഗ്ലിഷ്ഫോണ്ട് നിർമിക്കുന്നതിന്റെ സോഫ്റ്റ്വെയർ ആണത്. ഇതേക്കുറിച്ചു കൂടുതൽ മനസിലാക്കി. "എ" എന്ന ഇംഗ്ലിഷ് അക്ഷരം ഉണ്ടാക്കുന്നവിധം അതിലുണ്ടായിരുന്നു. ഒരു കീബോർഡിന്റെ അക്ഷരത്തിന്റെ സ്പേസിലേക്ക് "എ" എന്ന ഇംഗ്ലീഷ് അക്ഷരം ഡോട്ടുകൾ ചേർത്ത് ഉണ്ടാക്കി പ്രോഗ്രാം ചെയ്യുന്ന രീതിയായിരുന്നു അതിൽ. ഇംഗ്ലിഷിലെ "എ" ഉണ്ടാക്കാമെങ്കിൽ അതേ മാതൃകയിൽ മലയാളത്തിലെ "അ" എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ എന്ന ചോദ്യം അച്ചന്റെ മനസിൽ മലയാളത്തിൽ ഉയർന്നുവന്നു.
മലയാള അക്ഷരമാലയിൽ ആരും കണ്ടത്തിയിട്ടില്ലാത്ത ഒരു പ്രത്യേകത അച്ചൻ മനസിലാക്കിയത് അന്നാണ്. "റ" എന്ന അക്ഷരംകൂട്ടിച്ചേർത്താൽ മലയാളത്തിലെ മുക്കാൽപങ്ക് അക്ഷരവുമുണ്ടാക്കാം. അങ്ങനെ പ്ലാശേരി ഫോണ്ട് "റ" - യിൽ പിറന്നു. രണ്ടു "റ" അക്ഷരങ്ങൾ കൂട്ടിച്ചേർത്തുവച്ച് അതിൽ കുനിപ്പുകളും മറ്റുമുണ്ടാക്കി കീ ബോർഡിലെ ഓരോ ഇംഗ്ലിഷ് അക്ഷരത്തിന്റെയും സ്ഥാനത്ത് ഇൻസെർട്ട് ചെയ്തു. 3 മാസം കൊണ്ടു മലയാളത്തിലെ എല്ലാഅക്ഷരങ്ങളുമായി. കുനിപ്പും ചന്ദ്രക്കലയുംമറ്റും അച്ചനെ മൂക്കുകൊണ്ട് ക്ഷ വരപ്പിച്ചുവെന്നു സത്യം. പക്ഷേ തോറ്റില്ല. അങ്ങനെ പ്ലാശേരി ഫോണ്ട് പിറവിയെടുത്തു. ഏത് അക്ഷരമാണ് ഏറ്റവും ബുദ്ധിമുട്ടിച്ചതെന്നു ചോദിച്ചാൽ "ഞ്ഞ" എന്ന കൂട്ടക്ഷരമാണെന്ന് അച്ചൻ പറയുന്നു. ഇത് ഒരു അക്ഷരത്തിന് അനുവദനീയമായ സ്ഥലത്ത് ഒതുക്കാൻ ഏറെ പാടുപെട്ടു, പക്ഷേ അവിടെയും വിജയിച്ചു.
എംവൈഎം പ്ലാശേരി എന്നാണ് ആദ്യം ഫോണ്ടിനിട്ട പേര്. ഫോണ്ട് രൂപീകരിച്ചു കഴിഞ്ഞു ഫാ. പ്ലാശേരി ആദ്യം ചെയ്തത് ഈ ഫോണ്ട് ഉപയോഗിച്ചു ടൈപ്പ് ചെയ്തു തയാറാക്കിയ "കിസ്മസ് ആശംസ" പതിച്ച കാർഡ് സഭയുടെ പ്രൊവിൻഷ്യലിന് അമേരിക്കയിൽ നിന്ന്അയച്ചു കൊടുക്കുകയായിരുന്നു. അങ്ങനെ ഒരുപക്ഷേ ആദ്യത്തെ മലയാളം കംപ്യൂട്ടർ ഫോണ്ടിൽ എഴുതപ്പെട്ട സന്ദേശം അമേരിക്കയിൽ നിന്നു കടൽ കടന്നു മലയാള നാട്ടിലെത്തി. പ്ലാശേരി ഫോണ്ടിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ലിപി വിന്യാസമാണ്.
കപ്യൂട്ടർ കീ ബോർഡിൽ ഇംഗ്ലിഷ് ലിപികൾക്കു നൽകിയിരിക്കുന്ന ആനുകൂല്യങ്ങളെല്ലാം മലയാള ലിപികൾക്കും ലഭിക്കത്തക്ക വിധത്തിലാണ് വിന്യസിച്ചിരിക്കുന്നത്. അതിനാൽ കീ ബോർഡിൽ "കെ" അമർത്തു മ്പോൾ "ക" യും "എം" അമർത്തുമ്പോൾ "മ" യും ലഭിക്കും. അങ്ങനെ പ്രധാനപ്പെട്ട അക്ഷരങ്ങളെല്ലാം. ഷിഫ്റ്റ് ഉപയോഗിച്ചു കൂട്ടക്ഷരങ്ങളും എഴുതാനാവും. അന്ന് അമേരിക്കയിലെ മലയാളി സുഹൃത്തുക്കളെ പലരെയും ഈ ഫോണ്ട് പരിചയപ്പെടുത്തി അച്ചൻ. അതിലൊരു സുഹൃത്ത്ഈ ഫോണ്ട് ഇന്റർനെറ്റിൽ ഇട്ടു. പലരും പകർത്തി ഉപയോഗിക്കുകയും ചെയ്തു.
1997ൽ അമേരിക്കയിൽ നിന്നു മടങ്ങുമ്പോൾ ഒരു മലയാളി പ്രഫസർക്ക് ഈ ഫോണ്ട് അമേരിക്കയിൽ ഉപയോഗിക്കാനുള്ള അവകാശം സൗജന്യമായി നൽകി. നാട്ടിൽ തിരിച്ചെത്തിയ അച്ചനെ സഭ നിയോഗിച്ചതു തമിഴ്നാട്ടിലായിരുന്നു. തമിഴ്നാട്ടിൽ കോളജിൽ പഠിപ്പിക്കുമ്പോൾ തമിഴ് ഫോണ്ടും തയാറാക്കി. പിന്നീട് എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിൽ ജോലിക്ക് എത്തിയപ്പോൾ ഹിന്ദി ചോദ്യപേപ്പർ തയാറാക്കുന്നതിലെ ബുദ്ധിമുട്ട് കണ്ടറിഞ്ഞു. ചോദ്യപേപ്പർ അച്ചടിക്കുന്നതിനു വലിയ തുക കൊടുക്കേണ്ടിവരുന്നു. മൂന്നു മാസം കൊണ്ടു ഹിന്ദി ഫോണ്ടും ഉണ്ടാക്കി. അതാകുമ്പോൾ ടൈപ്പ് ചെയ്തു പ്രിന്റെടുത്താൽ മതിയല്ലോ. ക്ലാസിക് ഗ്രീക്ക് ഭാഷയിലും അച്ചൻ ഫോണ്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം ചേർത്തു പ്ലാശേരി ഫോണ്ട് ഫാമിലി പേരിൽ റജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
ആളൂരിലെ RMHS സ്കൂളിൽ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോർജ് അച്ചൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഡിസ്റ്റിങ്ഷനോടെ ഡിഗ്രി പാസാക്കുകയും കുസാറ്റിൽ നിന്നും മാസ്റ്റർ ഡിഗ്രി പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം ഫിൽ പൂർത്തിയാക്കുകയും അദ്ദേഹം എം ഫിലിൽ ക്വാണ്ടം ഹാൾ എഫക്റ്റിനെ കുറിച്ച് എഴുതിയ പ്രബന്ധത്തിനു പ്രത്യേക അവാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ഫിലോസഫിയും തീയോളജിയും പൂർത്തിയാക്കുന്ന കാലഘട്ടത്തിൽ ബി ടെക് കൂടി അദ്ദേഹം കമ്പ്ലീറ്റ് ചെയ്തു. ജോർജ് അച്ചൻ അമേരിക്കയിൽ വച്ച് കമ്പ്യൂട്ടർ സയന്സില് ഉള്ള തന്റെ പോസ്റ്റ് ഗ്രാജുവെറ്റ് ഡിഗ്രിയും എം എസ ഡിഗ്രിയും പൂർത്തിയാക്കി. ഇക്കാലയളവിൽ തന്നെ അച്ചൻ കമ്പ്യൂട്ടർ ഗെയിമുകൾ നിർമ്മിക്കുകയും ചെയ്തിരുന്നു .
അമേരിക്കയിലെ തൻ്റെ ഉന്നത പഠന കാലഘട്ടത്തിനുശേഷം തിരിച്ചുവന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സേവനം പൂർത്തിയാക്കി തൃശ്ശൂർ ജ്യോതി എൻജിനീയറിങ് കോളേജിൽ നീണ്ട 21 വർഷക്കാലം ഈ നൂറ്റാണ്ടിലെ പുതുതലമുറ എൻജിനീയറിങ് വിദഗ്ധരെ രൂപപ്പെടുത്തി എടുക്കുന്നതിൽ വ്യാപൃതനായിരുന്നു അദ്ദേഹം. ഫാ. പ്ലാശേരി എന്ന് അറിയപ്പെടുമ്പോഴും "പ്ലാശേരി ഫോണ്ടിന്റെ കഥ ആർക്കും അറിയില്ല".
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.