കൊച്ചി: അന്താരാഷ്ട്ര സാഹിത്യ ഉത്സവവുമായി ബന്ധപ്പെട്ട് കേരള സാഹിത്യ അക്കാദമിയ്‌ക്കെതിരെ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്.പരിപാടിയില്‍ പ്രഭാഷണം നടത്തിയ തനിക്ക് കിട്ടിയത് വെറും 2,400 രൂപയാണെന്നും കേരളജനത തനിക്ക് നല്‍കുന്ന വില എന്താണെന്ന് ശരിക്കും അപ്പോഴാണ് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി.
ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് സി ഐ സി സി ജയചന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി തന്നെ ക്ഷണിച്ചിരുന്നുവെന്നും രണ്ട് മണിക്കൂർ സംസാരിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എന്റെവില. ബാലചന്ദ്രൻചുള്ളിക്കാട്,
കേരളജനത എനിക്കു നല്‍കുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30-01-2024).
കേരളജനതയുടെ സാഹിത്യ അക്കാദമിയില്‍ അന്താരാഷ്ട്ര സാഹിത്യോത്സവം. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു.
ഞാൻ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. അൻപതു വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.പ്രതിഫലമായി എനിക്കു നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/-)
എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവല്‍സിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്റൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ(3500/-).
3500 രൂപയില്‍ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാൻ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു ഞാൻ നേടിയ പണത്തില്‍നിന്നാണ്.പ്രബുദ്ധരായ മലയാളികളേ,
നിങ്ങളുടെ സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട്.
നിങ്ങളുടെ സാംസ്കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസില്‍ നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.