കൊല്ലം: പാരിപ്പള്ളി ചാവർകോട് കശുമാവ് തോട്ടത്തിൽ തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തിയ ജീർണിച്ച മൃതദേഹം ചാവർകോട് ഗംഗാലയം വീട്ടിൽ അജിത് ദേവദാസിന്‍റേതാണെന്ന് സൂചന.
ഷർട്ട് ഉൾപ്പെടെയുള്ള സൂചനകൾവച്ച് ഇത് അജിത്തിന്റെ മൃതദേഹമാണെന്നാണ് അനുമാനം. ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസിന്റെ ഭാഷ്യം.മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പാരിപ്പള്ളി പൊലീസ് വ്യക്തമാക്കി. അജിത് ദേവദാസിനെ കഴിഞ്ഞ മാസം 24 മുതൽ കാണാനില്ലായിരുന്നു.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് അജിത്തിനെതിരെ ഏതാനും നാൾ മുൻപ് ഭാര്യ പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അജിത്തിനെ കാണാതായത്.ഇന്നലെ രാത്രിയാണ് കൊല്ലം പാരിപ്പള്ളി ചാവർകോട് റബർ, കശുമാവ് മരങ്ങളുള്ള തോട്ടത്തിലെ ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ കുരുക്കിട്ടതിന്റെ സൂചനകളുണ്ടായിരുന്നു.
കയർ പൊട്ടി മൃതദേഹം നിലത്തുവീണതാണെന്നു കരുതുന്നു. കണ്ടെത്തുന്ന സമയത്ത് മൃതദേഹത്തിന് 20 ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു. മൃതദേഹത്തിന്റെ മുഖം ഉൾപ്പെടെ മിക്ക ഭാഗങ്ങളും തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലാണ്.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് റബർ തോട്ടത്തിനു സമീപത്തെ കശുമാവിന്റെ ചുവട്ടിൽ മൃതദേഹം കണ്ടത്. ജീർണിച്ച നിലയിലായിരുന്നതിനാൽ ആളെ തിരിച്ചറിയാനായിരുന്നില്ല.എങ്ങനെയാണു മരണം സംഭവിച്ചതെന്നതും വ്യക്തമല്ല. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.